കൊച്ചി: താൻ ഒരു 'തികഞ്ഞ മദ്യപാനി'യാണെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിൽ പ്രതികരിച്ച് രേണു സുധി. ആഘോഷവേളകളിൽ വല്ലപ്പോഴും മദ്യപിക്കാറുണ്ടെന്ന തന്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്ന് അവർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന അപവാദപ്രചാരണങ്ങളെത്തുടർന്നാണ് രേണുവിന്റെ പ്രതികരണം. മുൻപ് ദുബായ് സന്ദർശിച്ച വേളയിൽ 'മദ്യപിച്ച് വഴിയിൽ കിടന്നതിന് ദുബായ് പോലീസ് അറസ്റ്റ് ചെയ്തു' എന്ന തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് രേണു ഉറപ്പിച്ചു പറഞ്ഞു.

അടുത്തിടെ താൻ മദ്യപിക്കുമോ എന്ന ചോദ്യത്തിന്, വല്ലപ്പോഴും കഴിക്കാറുണ്ടെന്ന് മറുപടി നൽകിയിരുന്നു. ഇത് കൊല്ലം സുധിയുണ്ടായിരുന്ന സമയത്തും അങ്ങനെയായിരുന്നെന്നും ക്രിസ്മസ് പോലുള്ള ആഘോഷവേളകളിൽ മാത്രമാണ് മദ്യപിക്കാറുള്ളതെന്നും രേണു വിശദീകരിച്ചു. തനിക്ക് ഇഷ്ടപ്പെട്ട ബ്രാൻഡ് 'മാജിക് മൊമെന്റ്' ആണെന്നും താൻ പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരിൽ ഒരാൾ തികഞ്ഞ മദ്യപാനിയാകുമോ എന്ന് അവർ ചോദിച്ചു.

ചില വ്ലോഗർമാർ 'റീച്ച്' കിട്ടാൻ വേണ്ടി ഈ പ്രസ്താവന വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്ന് രേണു സുധി ആരോപിച്ചു. താൻ നിരന്തര മദ്യപാനിയല്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. 'മാജിക് മൊമെന്റിന്റെ ബ്രാൻഡ് അംബാസഡറായി രേണു സുധിയെ നിയമിച്ചു' എന്നൊരു തംബ്നെയിൽ കണ്ടിരുന്നുവെന്നും, അങ്ങനെ സംഭവിച്ചാൽ തനിക്ക് സന്തോഷമേയുള്ളൂ എന്നും രേണു തമാശയോടെ പറഞ്ഞു. താൻ മദ്യപാനിയല്ലെന്ന് അറിയാവുന്നവർക്കറിയാമെന്നും, കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി എന്തും പറയാമെന്നും രേണു സുധി കൂട്ടിച്ചേർത്തു.

കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം കുടുംബത്തിനുവേണ്ടി അഭിനയരംഗത്തേക്ക് കടന്നുവന്ന രേണുവിന് സമൂഹമാധ്യമങ്ങളിലൂടെ പരിഹാസങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ബിഗ് ബോസിലെത്തിയതോടെ നിരവധി ആരാധകരെ നേടിയെടുക്കാനും ഗായിക എന്ന നിലയിൽ ശ്രദ്ധിക്കപ്പെടാനും രേണുവിന് സാധിച്ചു. ഈ വിമർശനങ്ങളൊന്നും താൻ കാര്യമാക്കുന്നില്ലെന്നും മുന്നോട്ട് പോകുകയാണെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കി.