കൊച്ചി: താൻ അഭിനയിച്ച പുതിയ ആൽബത്തിലെ രംഗങ്ങളെ ചൊല്ലിയുണ്ടായ വിമർശനങ്ങൾക്കെതിരെ അന്തരിച്ച ഹാസ്യതാരം കൊല്ലം സുധിയുടെ ഭാര്യയും സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യവുമായ രേണു സുധി. ആൽബത്തിലെ വസ്ത്രധാരണത്തെയും ഷൺമുഖ ദാസിനൊപ്പമുള്ള രംഗങ്ങളെയും ചുറ്റിപ്പറ്റിയായിരുന്നു പ്രധാനമായും വിമർശനങ്ങൾ ഉയർന്നത്. പുതിയതായി പുറത്തിറങ്ങിയ ആൽബത്തിലെ രേണുവിന്റെ ചില രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൻ വിമർശനങ്ങൾക്ക് വഴിവെച്ചത്.

ഷൺമുഖ ദാസിനൊപ്പമുള്ള അടുപ്പമുള്ള രംഗങ്ങളും വസ്ത്രധാരണവും സംബന്ധിച്ചാണ് പ്രധാനമായും വിമർശനങ്ങൾ ഉയർന്നത്. സംവിധായകൻ ശാന്തിവിള ദിനേശ് ഉൾപ്പെടെയുള്ളവർ രേണുവിനെതിരെ യൂട്യൂബ് വീഡിയോകളിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. 'രേണു സുധിയുടെ കുൽസിതം ഫുൾ റിയാക്ഷൻ', 'രേണു സുധിയുടെ കുൽസിതം കണ്ട് നാട്ടുകാർ ചൂലുമായി ഇറങ്ങുന്നു', 'രേണു സുധിയുടെ ദുബായിലെ ബിസിനസ് ഇതായിരുന്നു', 'തെളിവ് സഹിതം പൊക്കി' എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെ നിരവധി യൂട്യൂബ് ചാനലുകളാണ് വിമർശന വീഡിയോകൾ പങ്കുവെച്ചത്.

ഇതിനോട് രൂക്ഷമായി പ്രതികരിച്ച രേണു, തനിക്കെതിരെ വന്ന യൂട്യൂബ് വീഡിയോകളുടെ സ്ക്രീൻഷോട്ടുകൾ സഹിതം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. "ആഹാ ഒരു ആൽബം കാരണം ഞാനൊരു എ പടം നായിക ആയല്ലോ. രേണു സുധിയുടെ കുൽസിതം ഫുൾ റിയാക്ഷൻ. മന്ദാര ചേൽ ആൽബത്തിന് വൻ പ്രമോഷൻ" എന്നായിരുന്നു രേണുവിന്റെ പരിഹാസം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ്.

നടൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിനു ശേഷമാണ് രേണു അഭിനയരംഗത്തേക്ക് കടന്നുവന്നത്. ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച രേണു, പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിലും പങ്കെടുത്തു. മുപ്പത്തിയഞ്ച് ദിവസത്തോളം ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ രേണു, പിന്നീട് സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്ന് പിന്മാറുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഏറെ സജീവമായ രേണു പലപ്പോഴും വിമർശനങ്ങൾ നേരിടുന്ന വ്യക്തിയാണ്.