നടന്‍ ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ- സീരിയല്‍ രംഗം. ദിലീപിന്റെ സുഹൃത്തുക്കളായ നിരവധി താരങ്ങളാണ് നടനുമായുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നത് ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടന്‍ ഷാജു ശ്രീധറിന്റെ കുറിപ്പാണ്. തന്റെ കുടുംബവുമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ച ആളാണ് ദിലീപ് എന്നാണ് ഷാജു പറയുന്നത്. ഡിസംബര്‍ 26ന് തന്നെ ഫോണ്‍ വിളിച്ചിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

'ഓരോ തവണയും കുടുംബത്തോടൊപ്പം ഒരു യാത്രപോകാം എന്നു പറഞ്ഞ് നീ വിളിക്കുകയും നമ്മള്‍ ഒരുമിച്ച് ഒരുപാട് യാത്രകളും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 26 ന് നിന്റെ കോള്‍ വന്നപ്പോള്‍ ഞാന്‍ അറിഞ്ഞില്ല കൂട്ടുകാരാ ഒരിക്കലും തീരിച്ചുവരാത്ത ഒരു യാത്രയ്ക്കാണ് നീ പോകുന്നത് എന്ന്... വിശ്വസിക്കാന്‍ പറ്റാത്ത വിയോഗം. പ്രിയ കൂട്ടുകാരന് പ്രണാമം.'ഷാജു ശ്രീധര്‍ കുറിച്ചു.

തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.