കൊച്ചി: സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച 'കേരള സ്റ്റോറി 2' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ, തങ്ങളുടെ മതസൗഹാർദ്ദപരമായ ജീവിതം പങ്കുവെച്ച് ശ്രദ്ധ നേടി മിനിസ്ക്രീൻ താരങ്ങളായ സൽമാനുൾ ഫാരിസും ഭാര്യ മേഘ സൽമാനും. ഇതാണ് തങ്ങളുടെ യഥാർത്ഥ 'കേരള സ്റ്റോറി' എന്ന് പറഞ്ഞ് നിരവധി സിനിമാ-രാഷ്ട്രീയ പ്രമുഖർ രംഗത്തെത്തിയതിന് പിന്നാലെയാണ് ഈ താരദമ്പതികളും തങ്ങളുടെ അനുഭവം പങ്കുവെച്ചത്.

തന്റെ കൂടെ നോമ്പെടുക്കുന്ന മേഘയും, മേഘയോടൊപ്പം അമ്പലത്തിൽ പോകുന്ന താനും ചേർന്നതാണ് തങ്ങളുടെ 'കേരള സ്റ്റോറി' എന്ന് ദമ്പതികൾ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു. പ്രാർത്ഥനകൾക്ക് ശേഷം മേഘയ്ക്ക് സൽമാൻ 'ബിസ്മില്ല' ചൊല്ലി കൊടുക്കുന്നതും, തുടർന്ന് ഇരുവരും ചേർന്ന് നോമ്പ് മുറിക്കുന്നതുമായ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. "അവൾ എന്റെ കൂടെ നോമ്പും എടുക്കും, ഞാൻ അവൾടെ കൂടെ അമ്പലത്തിലും പോവും…ഇതാണ് ഞങ്ങളുടെ കേരളാ സ്റ്റോറി" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോയുടെ വിവരണം ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാക്കിയിട്ടുണ്ട്.

ഈ ദമ്പതികളുടെ പരസ്പര സ്നേഹവും ബഹുമാനവും നിരവധി പേരുടെ പ്രശംസയ്ക്ക് പാത്രമായി. "രണ്ട് വ്യത്യസ്ത മതങ്ങൾ, എന്നാൽ പരസ്പരം പരിധികളില്ലാത്ത സ്നേഹവും ബഹുമാനവും", "ഇവിടെ എനിക്ക് രണ്ടു മനുഷ്യരെ മാത്രം കാണാൻ സാധിക്കുന്നു.. സ്നേഹം മാത്രം കാണാൻ സാധിക്കുന്നു" എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. മതസൗഹാർദ്ദത്തിന്റെ സന്ദേശം പങ്കുവെക്കുന്ന ഇവരുടെ ജീവിതത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.

2025 ഫെബ്രുവരി 8-നാണ് സൽമാനുൾ ഫാരിസും മേഘ മഹേഷും വിവാഹിതരായത്. സീ കേരളത്തിലെ 'മിഴിരണ്ടിലും' എന്ന പരമ്പരയിൽ നായികാ നായകന്മാരായി അഭിനയിച്ച ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിരുന്നു. ഇരുവരും കുട്ടിക്കാലം മുതൽ അഭിനയരംഗത്ത് സജീവമാണ്. ഇവരുടെ ഓൺ-സ്ക്രീൻ കെമിസ്ട്രി പോലെ തന്നെ യഥാർത്ഥ ജീവിതത്തിലെ ഒത്തുചേരലിനെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവരും തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.