ശരണ്യ ശശിയും സീമ ജി നായരും തമ്മിലുണ്ടായിരുന്ന ആത്മബന്ധം മലയാളി പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. സീരിയല്‍ രംഗത്ത് കത്തിനിന്നിരുന്ന കാലത്താണ് ശരണ്യയ്ക്ക് അര്‍ബുദ രോഗം സ്ഥിരീകരിക്കുന്നത്. രോഗത്തിന്റെ ദുരിത കാലങ്ങളില്‍ ഒരു അനിയത്തിയെ പോലെ ചേര്‍ത്തുനിര്‍ത്തിയത് സീമ ജി നായരാണ്. സാമ്പത്തിക സഹായമടക്കം സമാഹരിച്ച് ചികിത്സ മുടക്കം കൂടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സീമ ജി നായര്‍ മുന്നില്‍ നിന്നത് പ്രേക്ഷകര്‍ക്ക് അത്രപെട്ടെന്ന് മറക്കാനാവില്ല. നിരവധി ശസ്ത്രക്രിയകള്‍ ശരണ്യയ്ക്ക് നടത്തിയത് ഉള്‍പ്പെടെ എല്ലാ വിവരങ്ങളും അതാതു സമയം പ്രേക്ഷകരെ അറിയിച്ചിരുന്നതും സീമയായിരുന്നു.

മരണത്തില്‍ നിന്ന് ജീവിതത്തിലേക്കു പലപ്പോഴും തിരിച്ചുവന്നെങ്കിലും വര്‍ഷങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവില്‍ ശരണ്യ കാന്‍സറിന് കീഴടങ്ങി. രോഗകാലങ്ങളിലെല്ലാം സീമ ശരണ്യയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. മകളെപ്പോലെ ശുശ്രൂഷിച്ചു. 11 ലേറെ ശസ്ത്രക്രിയകളാണ് ശരണ്യയ്ക്ക് നടത്തിയത്. 2021-ലാണ് ശരണ്യ മരിച്ചത്. ഇപ്പോഴും ശരണ്യയുടെ ഓര്‍മകള്‍ പങ്കുവെച്ച് സീമ സമൂഹ മാധ്യമങ്ങളില്‍ വൈകാരികമായ കുറിപ്പുകള്‍ ഇടാറുണ്ട്.

അമ്മയും അനിയത്തിയും അടങ്ങുന്ന ശരണ്യയുടെ കുടുംബവുമായും ഇപ്പോഴും നല്ല ആത്മബന്ധമാണ് നടി സീമ ജി നായര്‍ തുടരുന്നത്. സങ്കടങ്ങള്‍ക്കിടയിലും കുടുംബത്തിലേക്കു വന്ന പുതിയ സന്തോഷമാണ് സീമ പങ്കുവെച്ചത്. ശരണ്യയുടെ സഹോദരി ശോണിമയ്ക്ക് റെയില്‍വേയില്‍ ടിടിആര്‍ ആയി ജോലി ലഭിച്ച സന്തോഷമാണ് സീമ അറിയിച്ചത്. യൂണിഫോമില്‍ ശോണിമയ്ക്കൊപ്പമുള്ള ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് കൊച്ചുവേളിയില്‍ നിന്നുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സീമ ജി നായര്‍ ശോണിമയെ കണ്ടത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

''ശുഭദിനം ഇത് എന്റെ പ്രിയപ്പെട്ട ശരണ്യയുടെ അനുജത്തി ശോണിമ ..ശോണിമ ഒരിക്കലും കാമറയുടെ മുന്നിലേക്ക് വന്നിട്ടില്ല ..പഠനം മാത്രമായിരുന്നു അവള്‍ക്ക് പഥ്യം..നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന കുട്ടി..അവളുടെ സ്വപ്‌നം ആയിരുന്നു ഒരു ഗവണ്‍മെന്റ് ജോലി ..അതിനായിപഠിക്കുകയും ,ടെസ്റ്റുകള്‍ എഴുതുകയും ചെയ്തുകൊണ്ടിരുന്നു..ലാസ്റ്റ് ഒരു ടെസ്റ്റ് എഴുതാന്‍ പോയത് എന്റെ വീട്ടില്‍ നിന്നാണ് ..ആലുവയില്‍ അടുത്തടുത്ത് മൂന്നുദിവസങ്ങളില്‍ ടെസ്റ്റ് ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ,നമ്മുടെ വീട്ടില്‍ നിന്നുകൊണ്ട് പോയാല്‍ മതിയെന്ന്..

അന്ന് ഞാന്‍ അവളോട് പറഞ്ഞു നീ കുറെ ടെസ്റ്റുകള്‍ എഴുതിയില്ലേ ,പക്ഷെ നമ്മള്‍ ആഗ്രഹിച്ച ആ ഒരു തലത്തിലേക്കെത്താന്‍ ഒരു ടെസ്റ്റിനും കഴിഞ്ഞില്ല ,പക്ഷെ ഈ എഴുതുന്ന ടെസ്റ്റ് നീ ഉറപ്പായും വിജയിക്കും എന്ന് .ഇവിടെ ശരണ്യയുടെ അദൃശ്യ കരങ്ങള്‍ ഉണ്ടെന്നു എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട് ..അവളുടെ ഒരു വലിയ ഫോട്ടോ ഈ വീട്ടില്‍ ഉണ്ട് ,അതില്‍ തൊട്ട് നീ നന്നായി പ്രാര്‍ത്ഥിച്ചു പോകാന്‍ പറഞ്ഞു ..ഈശ്വര നിശ്ചയം പോലെ ആ പരീക്ഷയില്‍ അവള്‍ വിജയിച്ചു ..ശരണ്യയുടെ കുടുംബത്തിന് വേണ്ടിയാണു അവള്‍ ജീവിച്ചിട്ടുള്ളത് ,സഹോദരങ്ങള്‍ക്ക് വേണ്ടി എന്നെടുത്തു പറയേണ്ടി വരും .ശരണ്യയും പഠിക്കാന്‍ മിടുക്കി ആയിരുന്നു ,കുടുംബത്തിന്റെ ഭാരം ആ ചുമലില്‍ വന്നപ്പോള്‍ അവള്‍ അഭിനയം എന്ന വഴി തിരഞ്ഞെടുത്തു ..

എഴുതി വന്നപ്പോള്‍ എഴുതി പോയി ..15 ന് ഞാന്‍ ഷൂട്ട് കഴിഞ്ഞു വരുമ്പോള്‍ കൊച്ചുവേളിയില്‍ നിന്നായിരുന്നു ട്രെയിന്‍ ,അപൂര്‍വമായേ ഞാന്‍ അവിടുന്ന് കയറാറുള്ളു ..ആ ട്രെയിനില്‍ ടിടിആര്‍ ആയി എന്റെ ശോണി ഉണ്ടായിരുന്നു ..അവള്‍ സെന്‍ട്രല്‍ ഗവര്‍മെന്റ് ജോലിക്കാരിയായി ,ജോലി കിട്ടിയതിനു ശേഷം ആദ്യമായി അവളെ ആ യൂണിഫോമില്‍ കണ്ടു ..ചിലപ്പോള്‍ ഈ ഫോട്ടോ കാണുമ്പോള്‍ ശരണ്യ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും ,അവള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടരണ്ട് പേരുടെ ഒത്തു ചേരല്‍ ..എന്റെ കണ്ണുകളും നിറഞ്ഞിരുന്നു ..ശോണി നിന്റെ ചേച്ചി എപ്പോളും നിന്റെ കൂടെയുണ്ട് ..നിങ്ങളുടെ ഉയര്‍ച്ച ആയിരുന്നു അവളുടെ സ്വപ്നം ..ഈ ഫോട്ടോ എന്നും എന്റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കും ..എല്ലാത്തിനും സപ്പോര്‍ട്ടായി നില്‍ക്കുന്ന നിന്റെഭര്‍ത്താവിനും ,കുടുംബത്തിനും എന്റെ ആശംസകള്‍. ''