ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണുമായ സീമ വിനീത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സീമ വിനീത് വിവാഹിതയായത്. ഒരാളില്‍ നിന്നും എന്ത് പരിഗണനയും റെസ്പെക്ട്ടും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്കു കടന്നപ്പോള്‍ കിട്ടിയില്ല. വ്യക്തിഹത്യയും ജന്‍ഡര്‍ അധിക്ഷേപ വാക്കുകളുമാണ് അയാളില്‍ നിന്നും ലഭിച്ചത്. മനസമാധാനത്തോടെ നന്നായിട്ട് ഉറങ്ങിയിട്ട് മാസങ്ങള്‍ ആയി എന്നാണ് സീമ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

സീമ വിനീതിന്റെ കുറിപ്പ്:

നമസ്‌കാരം,

ഞാന്‍ സീമ വിനീത്. ഒരിക്കലും ഇതുപോലെ വീണ്ടും കുറിക്കാന്‍ ഇടവരരുത് എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇത് പൊതുവായി പറയേണ്ടതും മറച്ചു പിടിക്കേണ്ട ആവശ്യമില്ലാത്തതിനാലുമാണ് ഇവിടെ കുറിക്കുന്നത്. സ്വയം ആത്മഹത്യയിലേക്ക് പോകാനോ ഒളിച്ചോടാനോ യാതൊരു താല്‍പര്യവും ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാന്‍. ജീവിതത്തില്‍ ചിലപ്പോഴൊക്കെ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ നമുക്ക് അനുയോജ്യം ആവണം എന്നില്ല. അങ്ങനെ ഒരു അവസരത്തില്‍ എടുത്ത തീരുമാനം ആയിരുന്നു വിവാഹം, ജീവിതത്തില്‍ ഒരു കൂട്ട് ഉണ്ടാവണം ആരേലും ഒപ്പം വേണം എന്നു തോന്നി. പക്ഷേ അതൊരു തെറ്റായ തീരുമാനം ആണെന്ന് വളരെ നാളുകള്‍ക്ക് മുമ്പ് ആണ് തിരിച്ചറിയുന്നത്, ഒരിക്കലും യോജിച്ചു പോകാന്‍ പറ്റാത്തവര്‍ ആണ് ഞങ്ങള്‍ എന്നും. പക്ഷേ ഈ ഒരു യോജിപ്പ് ഇല്ലായ്മയില്‍ നിന്നും പുറത്തു കടക്കാന്‍ ഒരു ഭയം ആയിരുന്നു. മറ്റുള്ളവര്‍ എന്തുപറയും മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യും?

പക്ഷേ അങ്ങനെ ചിന്തിച്ചിരുന്നാല്‍ ഇനിയും കാര്യങ്ങള്‍ കൈവിട്ട് പോകും. ജീവിതത്തില്‍ ഞാന്‍ നേടിയെടുത്തതൊന്നും അത്ര എളുപ്പത്തില്‍ ആയിരുന്നില്ല. അത്രയേറെ കഷ്ടപ്പെട്ട് സമൂഹത്തില്‍ വളര്‍ന്നു വന്ന ഒരു വ്യക്തി ആണ് ഞാന്‍. മുമ്പൊരിക്കല്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു, പിന്നെ അത് പിന്‍വലിക്കുകയും ചെയ്തു. അന്ന് ആ പിന്മാറ്റം സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം ആയിരുന്നു. ആ വ്യക്തിയില്‍ നിന്നും അത്തരത്തില്‍ ഒരു പെരുമാറ്റം ഇനി മേലില്‍ ഉണ്ടാവില്ല എന്ന വാക്കിനുമേല്‍ ആയിരുന്നു അന്ന് ആ പോസ്റ്റ് പിന്‍വലിച്ചത്.

ഈ കുറഞ്ഞ കാലയളവില്‍ തന്നെ ഒരുപാട് അനുഭവിച്ചു. ഒരാളില്‍ നിന്നും എന്ത് പരിഗണനയും റെസ്പെക്ട്ടും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്കു കടന്നപ്പോള്‍ കിട്ടിയില്ല എന്ന് മാത്രമല്ല, വ്യക്തിഹത്യയും ജന്‍ഡര്‍ അധിക്ഷേപ വാക്കുകളും, ഞാന്‍ എന്ന വ്യക്തിയെ തന്നെ, ഇല്ലായ്മ ചെയ്യുന്ന തരത്തില്‍ ഉള്ള അധിക്ഷേപ വാക്കുകളും ആണ് കിട്ടിക്കൊണ്ടിരുന്നത്. ഒരുപാട് തവണ പറഞ്ഞു കൊടുത്തു, തിരുത്താന്‍ ശ്രമിച്ചു. നടന്നില്ല, ഒരുപാട് തവണ മറ്റുള്ളവര്‍ക്ക് മുമ്പില്‍ അഭിനയിച്ചു മാതൃക ദമ്പതികള്‍ എന്ന്. നമുക്ക് യാതൊരു വിലയും തരാതെ സംസാരിക്കുക, നമ്മളെയും നമ്മുടെ തൊഴിലിനെയും, നമ്മുടെ വളര്‍ച്ചയെ പോലും അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുക, ഒരു ദിവസം സന്തോഷത്തോടെ പെരുമാറും എങ്കില്‍ പെട്ടെന്ന് പേടിപ്പെടുത്തുന്ന തരത്തില്‍ ആണ് സ്വഭാവം. പലപ്പോഴും ഒരുപാട് വലിയ പ്രശ്‌നം ഉണ്ടാവാതിരിക്കാന്‍ നിശബ്ദത പാലിച്ചു.

മനസമാധാനത്തോടെ നന്നായിട്ട് ഉറങ്ങിയിട്ട് മാസങ്ങള്‍ ആയി. എന്റെ ദിനചര്യകളും, ജോലിയും, ശരീരവും മനസ്സും ഒക്കെ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് ആണ് ജീവിതം പൊയ്കൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ ഞാന്‍ ഒന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളു, മനസ്സമാധാനം. ഒരുപാട് കഷ്ടപ്പെട്ട് ആണ് ജീവിതത്തില്‍ ഓരോന്നും നേടിയെടുത്തത്, അന്നൊന്നും ആരും കൂടെ ഉണ്ടായിട്ടും ഇല്ല. ഇപ്പോഴും എപ്പോഴും ഞാന്‍ ഞാനായി ഇരിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ മനസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനെയും എനിക്ക് അംഗീകരിക്കാന്‍ സാധിക്കുകയില്ല. സാഹചര്യവും അവസ്ഥയും മനസ്സിലാക്കുന്ന കുറച്ചു സുഹൃത്തുക്കള്‍ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.