- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സാമൂഹിക മാറ്റത്തിനുവേണ്ടി കൂടിയുള്ളതാകണം കല'; കാതൽ പോലൊരു സിനിമ ചെയ്യാൻ ഹിന്ദിയിലെ സൂപ്പർ താരങ്ങൾക്ക് ധൈര്യമുണ്ടാകുമോ എന്ന് അത്ഭുതപ്പെട്ടുവെന്നും ശബാന ആസ്മി

തിരുവനന്തപുരം: മമ്മൂട്ടിയെപ്പോലൊരു സൂപ്പർതാരം 'കാതൽ' പോലുള്ള സിനിമ ചെയ്യാൻ കാണിച്ച ധൈര്യത്തിൽ അത്ഭുതം തോന്നിപ്പോയെന്നും ബോളിവുഡ് നടി ശബാന ആസ്മി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ മാതൃഭൂമി ന്യൂസിനോട് സംസാരിക്കവേയാണ് തെന്നിന്ത്യൻ സിനിമയെക്കുറിച്ചും തന്റെ കലാപരമായ നിലപാടുകളെക്കുറിച്ചും അവർ മനസ്സ് തുറന്നത്.
കാതൽ പോലൊരു സിനിമ മലയാളത്തിൽ പിറന്നതിനേക്കുറിച്ച് സംസാരിച്ച ശബാന, ഹിന്ദി സിനിമാമേഖലയിലെ മമ്മൂട്ടിയുടെ സ്ഥാനത്തുള്ള ആർക്കെങ്കിലും അത്തരത്തിലൊരു സിനിമയിൽ അഭിനയിക്കാനോ നിർമ്മിക്കാനോ ധൈര്യമുണ്ടാകുമോ എന്ന് താൻ അത്ഭുതപ്പെട്ടതായി പറഞ്ഞു. ജ്യോതികയുള്ളതുകൊണ്ടാണ് 'കാതൽ' കണ്ടതെന്നും, ആ സിനിമ തനിക്ക് വളരെയധികം ഇഷ്ടമായെന്നും ശബാന ആസ്മി കൂട്ടിച്ചേർത്തു. ജ്യോതികയ്ക്കൊപ്പം 'ഡബ്ബാ കാർട്ടൽ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
തെന്നിന്ത്യൻ സിനിമാമേഖല വലുതാണെന്നും, തനിക്കേറെ പ്രിയപ്പെട്ട സിനിമകൾ പുറത്തിറങ്ങുന്നത് മലയാളം ഇൻഡസ്ട്രിയിൽ നിന്നാണെന്നും ശബാന ആസ്മി ചൂണ്ടിക്കാട്ടി. മുൻനിര മലയാള സിനിമകളെക്കുറിച്ചല്ല താൻ പറയുന്നതെന്നും, മുംബൈയിലും മറ്റുമുള്ള പല സഹപ്രവർത്തകർക്കും മലയാള സിനിമകൾ വളരെയധികം ഇഷ്ടമാണെന്നും അവർ വ്യക്തമാക്കി. 'ഡബ്ബാ കാർട്ടലിൽ' തനിക്കൊപ്പം അഭിനയിച്ച നിമിഷ സജയനേക്കുറിച്ചും ശബാന ആസ്മി പരാമർശിച്ചു. നിമിഷ മികച്ച പ്രകടനമാണ് 'ഡബ്ബാ കാർട്ടലിൽ' കാഴ്ചവെച്ചതെന്ന് അവർ പറഞ്ഞു.
സാമൂഹിക മാറ്റത്തിനുവേണ്ടി കൂടിയുള്ളതാകണം കല എന്നുള്ളത് മാതാപിതാക്കൾ തന്നെ പഠിപ്പിച്ച കാര്യമാണെന്ന് ശബാന ആസ്മി അടിവരയിട്ടു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ വിശാൽ മേനോനുമായി നടത്തിയ ‘ഓഫ് ഫയർ ആൻഡ് ഗ്രേസ്’ എന്ന സംഭാഷണത്തിനിടെ, രാജേഷ് ഖന്ന നായകനായ ഒരു സിനിമയിലെ സംഭാഷണമാണ് തന്റെ ചിന്താഗതി മാറ്റിയതെന്ന് ശബാന വെളിപ്പെടുത്തി. ഭർത്താവിന്റെ വീട്ടിലെ സ്ത്രീയുടെ വേദന സ്വന്തം വീട്ടിലെ സന്തോഷത്തേക്കാൾ വലുതാണെന്ന് സൂചിപ്പിക്കുന്ന വരികളായിരുന്നു അത്.
അതിനുശേഷം സ്ത്രീകളുടെ വിധേയത്വത്തെ സ്വാഭാവികവത്കരിക്കുന്നതോ അസമത്വത്തെ വൈകാരിക സത്യമായി ചിത്രീകരിക്കുന്നതോ ആയ വേഷങ്ങൾ വേണ്ടെന്ന് വെച്ചുവെന്നും അവർ പറഞ്ഞു. തന്റെ ധാർമികമായ വ്യക്തതയ്ക്ക് പിന്നിൽ ഭർത്താവും കവിയുമായ ജാവേദ് അക്തറുമായി പങ്കിടുന്ന ലോകവീക്ഷണമാണെന്നും അവർ കൂട്ടിച്ചേർത്തു. "ഞങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഞങ്ങളുടെ അടിസ്ഥാനമൂല്യങ്ങൾ ഒന്നുതന്നെയാണ്. ജാവേദിന്റെ തിരക്കഥകളിലെ നായകന്മാർ സമൂഹത്തിനെതിരേ പോരാടുന്നവരായിരുന്നു, ക്രൂരത ആഘോഷിക്കുന്നവരായിരുന്നില്ല," ശബാന പറഞ്ഞു.


