കൊച്ചി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ഷാരൂഖ് ഖാനെ ആയിരുന്നു. ദേശീയ അവാര്‍ഡ് നേടിയ ഷാരൂഖ് ഖാനെ മോഹന്‍ലാല്‍ അഭിനന്ദിച്ചിരുന്നു. പിന്നാലെ മോഹന്‍ലാലിന്റെ അഭിനന്ദനത്തിന് ഷാരൂഖ് ഖാൻ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്. തമാശയോടെയായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

'ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. കരുത്തുറ്റ പ്രകടനങ്ങളിലൂടെ അര്‍ഹമായ ആദരം നേടിയ ഉര്‍വശിയ്ക്കും വിജയരാഘവനും സ്‌പെഷ്യല്‍ സല്യൂട്ട്. ഷാരൂഖ് ഖാന്‍, വിക്രാന്ത് മാസി, റാണി മുഖര്‍ജി എന്നിവരുടെ വിജയങ്ങള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍'' എന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്. ഇതിന് മറുപടിയായി ‘നന്ദി മോഹൻലാൽ സാർ... നമുക്ക് ഒരു വൈകുന്നേരം ഒരുമിച്ചുകൂടാം’ എന്നായിരുന്നു ഷാരൂഖ് പ്രതികരിച്ചത്.

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. ‘ജവാൻ’ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്കാരം ലഭിച്ചത്. ‘ട്വൽത്ത് ഫെയിൽ’ എന്ന ചിത്രത്തിലൂടെയാണ് വിക്രാന്ത് മാസിയെ തേടി പുരസ്കാരമെത്തിയത്.

അതേസമയം മലയാളത്തിന്റെ വിജയരാഘവനും ഉര്‍വശിയും സഹനടനും സഹനടിയ്ക്കുമുള്ള പുരസ്‌കാരങ്ങളാണ് നേടിയത്. പൂക്കാലം എന്ന ചിത്രമാണ് വിജയരാഘവനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെയാണ് ഉര്‍വശി പുരസ്‌കാരം നേടിയത്.