- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദാസേട്ടൻ പ്രിയനോട് ഇറങ്ങിപ്പോകാൻ പറഞ്ഞു, അവിടെ തെളിഞ്ഞു എംജിയുടെ ഭാഗ്യം'; മോഹൻലാലിന്റെ ശബ്ദത്തോടുള്ള സാമ്യവും ഗുണമായി; ഗായകന്റെ വളർച്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് ശാന്തിവിള ദിനേശ്

തിരുവനന്തപുരം: മലയാളികളുടെ പ്രിയ ഗായകൻ എം.ജി. ശ്രീകുമാറിന്റെ സിനിമാ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവുകളെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്. എം.ജിയുടെ വളർച്ചയിൽ മോഹൻലാലിനും പ്രിയദർശനും വലിയ പങ്കുണ്ടെന്നും അത് നിഷേധിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. യേശുദാസ് എന്ന വടവൃക്ഷവും ജയചന്ദ്രൻ എന്ന ഭാവഗായകനും തിളങ്ങിനിൽക്കുന്ന കാലത്താണ് എം.ജി. ശ്രീകുമാർ തന്റെ ഇടം കണ്ടെത്തിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗുഡ്‌നൈറ്റ് മോഹൻ നിർമ്മിച്ച ഒരു ചിത്രത്തിന്റെ റെക്കോർഡിങ് വേളയിലുണ്ടായ അപ്രതീക്ഷിത സംഭവമാണ് എം.ജിയുടെ കരിയറിൽ മാറ്റം കുറിച്ചതെന്ന് ശാന്തിവിള ദിനേശ് പറയുന്നു. അന്ന് ഗാനം ആലപിക്കാനെത്തിയ യേശുദാസ്, കൺസോളിൽ ഇരുന്നവരോട് ആവശ്യമില്ലാത്തവർ അവിടെനിന്ന് ഇറങ്ങിപ്പോകാൻ കർശനമായി ആവശ്യപ്പെട്ടു. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ പ്രിയദർശൻ അവിടെത്തന്നെ തുടർന്നു.
"നിങ്ങൾക്ക് പറഞ്ഞത് മനസ്സിലായില്ലേ" എന്ന് പ്രിയദർശനോട് യേശുദാസ് ചോദിച്ച ആ നിമിഷം മുതലാണ് എം.ജി. ശ്രീകുമാറിന്റെ ഭാഗ്യം തെളിഞ്ഞതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മോഹൻലാലിന്റെ താരോദയവും പ്രിയദർശൻ എന്ന സംവിധായകന്റെ വളർച്ചയും എം.ജിയുടെ കഠിനാധ്വാനവുമാണ് അദ്ദേഹത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. മോഹൻലാലിന്റെ ശബ്ദത്തോടുള്ള സാമ്യം എം.ജിക്ക് വലിയ ഗുണമായി മാറി. "ഇതൊന്നുമല്ല തന്റെ വളർച്ചയ്ക്ക് പിന്നിലെന്ന് സാക്ഷാൽ ദൈവം തമ്പുരാൻ പറഞ്ഞാലും മലയാളി വിശ്വസിക്കില്ല" ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.


