'ലൂസിഫര്‍' സിനിമയ്ക്ക് ശേഷം രണ്ടാം ഭാഗമായ 'എമ്പുരാന്‍' ഒരുക്കാന്‍ ആറ് വര്‍ഷത്തോളം എടുത്തതിന് പിന്നിലെ കാരണം പറഞ്ഞ് പൃഥ്വിരാജ്. ലൂസിഫര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള കാരണത്തെ കുറിച്ചും പൃഥ്വിരാജ് ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. മാത്രമല്ല ഹിന്ദിയില്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ ഷാരൂഖ് ഖാന്‍ ആകും നായകന്‍ എന്നും പൃഥ്വിരാജ് വ്യക്തമാക്കി.

2019ല്‍ ലൂസിഫര്‍ ഇറങ്ങിയ ശേഷം രണ്ടാം ഭാഗത്തിന് ആറ് വര്‍ഷത്തോളം സമയമെടുത്തതിന് പിന്നില്‍ കോവിഡ് മഹാമാരിയാണ്. എമ്പുരാന്‍ താന്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമത്തെ ചിത്രമായിരുന്നു. 2020ന്റെ തുടക്കത്തില്‍ ചിത്രീകരണം തുടങ്ങേണ്ടിയിരുന്നതായിരുന്നു. പിന്നെയാണ് കോവിഡ് വരുന്നതും തങ്ങളുടെ പദ്ധതികളെല്ലാം തകിടം മറിയുന്നത്.

2019ല്‍ ലൂസിഫര്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടെ സിനിമ വ്യവസായത്തില്‍ സംഭവിച്ച മാറ്റമാണ് ഇപ്പോള്‍ എമ്പുരാന്‍ അഞ്ച് ഭാഷകളില്‍ എടുക്കാന്‍ കാരണമായത്. ലൂസിഫര്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ അതില്‍ മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാനെ നായകനാക്കുമായിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്.

അതേസമയം, മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രമാണ് ലൂസിഫര്‍ എന്ന വാദത്തോടും പൃഥ്വിരാജ് പ്രതികരിച്ചു. തനിക്കറിയില്ല, ചിത്രമൊരു വലിയ ഹിറ്റ് ആയിരുന്നു എന്നറിയാം എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. തനിക്ക് ഡയറക്ട് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള നടന്‍ മോഹന്‍ലാല്‍ ആണെന്നും പൃഥ്വിരാജ് പറയുന്നത്.

ഞാന്‍ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തു. അതിലെ എനിക്കേറ്റവും കംഫര്‍ട്ട് ആയിരുന്ന നടന്‍ മോഹന്‍ലാല്‍ ആണ്. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. മാത്രമല്ല നമ്മുടെ അടുത്ത് കാര്യങ്ങള്‍ കൃത്യമായി ചോദിച്ചറിഞ്ഞ് ചെയ്യുകയും ചെയ്യും. ഞാന്‍ സംവിധാനം ചെയ്ത സിനിമകളിലെ താരങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ ഡയറക്ട് ചെയ്യാന്‍ സാധിച്ചത് അദ്ദേഹത്തെയാണ് എന്നും പൃഥ്വിരാജ് വ്യക്തമാക്കി.