- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ സിനിമകൾക്ക് പിന്നാലെ മാത്രം പോകാതെ ചെറിയ ബജറ്റ് ചിത്രങ്ങളും ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞു; വിജയ്യോട് പറഞ്ഞപ്പോൾ പ്രതികരണം ഇങ്ങനെയായിരുന്നു; തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ

കൊച്ചി: സിനിമയിലെ ബജറ്റുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ അഭിനയിച്ചാൽ മാത്രമേ ഒരു നടന് ഇൻഡസ്ട്രിയിൽ നിലനിൽപ്പുള്ളൂ എന്ന് മമ്മൂട്ടി തനിക്ക് ഉപദേശം നൽകിയിരുന്നതായി നടൻ ഷൈൻ ടോം ചാക്കോ. സംവിധായകൻ ടി.വി. ചന്ദ്രൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ആഘോഷവേദിയിലായിരുന്നു ഷൈനിന്റെ വെളിപ്പെടുത്തൽ. ചടങ്ങ് ഉദ്ഘാടനം ചെയ്ത മമ്മൂട്ടിയെ വേദിയിലിരുത്തിയായിരുന്നു ഷൈൻ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
"ഒരു നടൻ വലിയ ബജറ്റ് സിനിമകൾക്കൊപ്പം തന്നെ ചെറിയ സിനിമകളും ചെയ്യണം. 50 കോടിയുടെ പടം കഴിഞ്ഞാൽ അടുത്തത് 55 കോടിയുടേത്, പിന്നെ 100 കോടിയുടേത് എന്നിങ്ങനെയാകരുത് വളർച്ച. 50 കോടിയുടെ സിനിമ കഴിഞ്ഞാൽ ആ നടന് 2 കോടിയുടെ സിനിമയും ചെയ്യാൻ പറ്റണം. എങ്കിൽ മാത്രമേ ഇൻഡസ്ട്രി നിലനിൽക്കൂ, നല്ല സിനിമകൾ ഉണ്ടാവൂ എന്നാണ് മമ്മൂക്ക പറഞ്ഞത്," ഷൈൻ പറഞ്ഞു.
തമിഴ് സൂപ്പർതാരം വിജയ്‌യോടൊപ്പം 'ബീസ്റ്റ്' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഇക്കാര്യം അദ്ദേഹത്തോടും ചോദിച്ചതായി ഷൈൻ കൂട്ടിച്ചേർത്തു. സാറേ, ഒരു വര്‍ഷം ഒരു പടമാണ് നിങ്ങള്‍ ചെയ്യുന്നത്. അപ്പോള്‍ പുള്ളി പറഞ്ഞു ഈ പടം ചെയ്തു കഴിയുമ്പോഴേക്ക് ഒരു വര്‍ഷമാവും. ചെറിയ പടങ്ങള്‍ ചെയ്തുകൂടേ എന്ന് ഞാന്‍ ചോദിച്ചു. 2 കോടിയുടെയും രണ്ടര കോടിയുടെയുമൊക്കെ പടങ്ങള്‍. അപ്പോള്‍ പുള്ളി എന്‍റെ മുഖത്ത് നോക്കി ചിരിച്ചു”, ഷൈന്‍ ടോം പറഞ്ഞു.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ബീസ്റ്റ്' എന്ന ചിത്രത്തിലൂടെയായിരുന്നു ഷൈൻ ടോം ചാക്കോയുടെ തമിഴ് അരങ്ങേറ്റം. ചിത്രത്തിൽ മാലിക് എന്ന കഥാപാത്രത്തെയാണ് ഷൈൻ അവതരിപ്പിച്ചത്. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് കേരള ഘടകവും എറണാകുളത്തെ വിവിധ ഫിലിം സൊസൈറ്റികളും സംയുക്തമായാണ് ടി.വി. ചന്ദ്രന്റെ സിനിമാ ജീവിതത്തിലെ സുവർണ ജൂബിലി ആഘോഷം സംഘടിപ്പിച്ചത്. സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.


