സഹപ്രവര്‍ത്തകയുടെ നിന്ദാസൂചകമായ പരാമര്‍ശം തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് നടി സിമ്രാന്‍ തുറന്നുപറഞ്ഞ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു സിനിമയിലുണ്ടായ തന്റെ പ്രകടനത്തെ കുറിച്ച് കേട്ട പ്രതികരണമാണ് നടിയെ ഇങ്ങനെ പ്രതികരിപ്പിച്ചത്.

''ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല,'' എന്ന വാക്കുകളോടെയായിരുന്നു പ്രതികരണം തുടങ്ങിയത്. അതിന് പിന്നാലെ, ''ആന്റി റോളുകള്‍ ചെയ്യുന്നതിനേക്കാള്‍ ഇത് ഭേദമാണ്,'' എന്ന മറുപടിയാണ് തന്റെ ആത്മവിശ്വാസം തകര്‍ത്തതെന്ന് സിമ്രാന്‍ പറഞ്ഞു. ''അത് കേട്ടപ്പോള്‍ എനിക്ക് വളരെ ദുഖമുണ്ടായി. അതൊരു വ്യക്തിപരമായ ആക്രമണം പോലെ തോന്നി,'' എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാക്കുകള്‍ ആരോടെയാണ് സിമ്രാന്‍ ഉദ്ദേശിച്ചത് എന്നത് സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകളാണ് ഉണ്ടാക്കുന്നത്. നിരവധി സോഷ്യല്‍ മീഡിയകള്‍ ഈ പരാമര്‍ശം നടി ജ്യോതികയെ ഉദ്ദേശിച്ചാണെന്ന് വിശ്വസിക്കുന്നു. സിമ്രാന്‍ പറഞ്ഞ 'ഡബ്ബ്' റോളും ജ്യോതിക അടുത്തിടെ അഭിനയിച്ച ഹിന്ദി വെബ് സീരീസായ 'ഡബ്ബാ കാര്‍ട്ടല്‍' ഉം തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ ഈ നിഗമനത്തിലേക്ക് എത്തിയത്.

സിമ്രാന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം:

'30 വര്‍ഷമായി ഞാന്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അതിന് ദൈവത്തിന് നന്ദി. കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി, ഒരു സഹപ്രവര്‍ത്തകയ്ക്ക് ഞാന്‍ ഒരു സന്ദേശം അയച്ചു. അവര്‍ അഭിനയിച്ച ഒരു സിനിമയെക്കുറിച്ചായിരുന്നു അത്. ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ തന്ന മറുപടി വളരെ മോശമായിരുന്നു. അങ്ങനെ ഒരു മറുപടി ഞാന്‍ പ്രതീക്ഷിച്ചില്ല.

ആന്റി റോളുകള്‍ ചെയ്യുന്നതിനിക്കാള്‍ നല്ലതാണ് ഇതെന്നാണ് അവര്‍ പറഞ്ഞത്. ഒരു പ്രസ്‌കതിയും ഇല്ലാത്ത 'ഡബ്ബാ' റോളുകള്‍ ചെയ്യുന്നതിലും അഭിനയിക്കാതിരിക്കുന്നതിലും എത്രയോ നല്ലതാണ് അര്‍ഥവത്തായ ആന്റി റോളോ 25 വയസ്സുള്ള ഒരാളുടെ അമ്മയായോ അഭിനയിക്കുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ചെയ്യുക. ആണ്‍പെണ്‍ വ്യത്യാസത്തെയൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എല്ലാവരും ഒരുപോലെയാണ്. സ്ത്രീയായിരിക്കുക എന്നത് വളരെ ശ്രമകരമാണ്. പക്ഷേ ഞാനെന്റെ സ്ത്രീത്വത്തെ വളരെയധികം ആസ്വദിക്കുന്നു. എന്നെ ചുറ്റിയുള്ള എല്ലാ പുരുഷന്‍മാരും ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍, സഹപ്രവര്‍ത്തകര്‍ അങ്ങനെ എല്ലാവരാലും ഞാന്‍ സ്‌നേഹിക്കപ്പെടുന്നു. അവരെല്ലാം എനിക്ക് വേണ്ട ബഹുമാനം നല്‍കിയിട്ടുണ്ട്.

എപ്പോഴും സന്തോഷമായിരിക്കുക എന്നാണ് പറയാനുള്ളത്. മറ്റുള്ളവരുമായി നമ്മളെ താരതമ്യപ്പെടുത്താതിരിക്കുക. രണ്ടുമൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ നേരത്തെ പറഞ്ഞ മെസേജിന്റെ കാര്യമുണ്ടായത്. അതെന്നെ ഒരുപാട് വേദനിപ്പിച്ചു. ഞാനത് അര്‍ഹിക്കുന്നേയില്ല. കാരണം ഞാനിന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് ഞാന്‍ ഒറ്റയ്ക്ക് നേടിയെടുത്തതാണ്. അതിപ്പോള്‍ ആന്റി റോളായാലും അമ്മ റോളായാലും അല്ലെങ്കില്‍ മറ്റെന്തെങ്കിലും റോള്‍. ആ റോളിന്റെ പേര് ഞാനിവിടെ പറയാന്‍ താല്‍പര്യപ്പെടുന്നില്ല. അതെന്റെ തീരുമാനമാണ്. അതെനിക്ക് നല്ല പേരാണ് ഈ മേഖലയില്‍ നേടിത്തന്നിരിക്കുന്നത്. നമുക്ക് നമ്മുടേതായ അഭിപ്രായസ്വാതന്ത്ര്യമുണ്ട്,' സിമ്രാന്‍ പറഞ്ഞു.