ഡ്രൈവ് ചെയ്യുമ്പോള്‍ പതുക്കെ പോകുന്നത് തന്ത വൈബ് അല്ല ഉത്തരവാദിത്തത്തോടെ പെരുമാറുന്നതാണെന്ന് നടന്‍ ആസിഫ് അലി. കോഴിക്കോട് നടത്തിയ റോഡ് സുരക്ഷ ബോധവല്‍ക്കരണ മാരത്തണില്‍ സംസാരിക്കവെയായിരുന്നു ആസിഫ് ആലിയുടെ പ്രതികരണം. നമ്മുടെ അശ്രദ്ധ കാരണം വേറൊരാള്‍ക്ക് അപകടം ഉണ്ടാകരുത്. റോഡില്‍ വണ്ടിയോടിക്കുന്ന ഒരാള്‍ പെട്ടെന്ന് പയ്യെ പോകുമ്പോള്‍ അത് തന്ത വൈബ് അല്ല എന്നാണ് ആസിഫ് അലി പറയുന്നത്.

ഇവിടെ എല്ലാവരും സൂചിപ്പിച്ചത് ചെറുപ്പക്കാരുടെ ശ്രദ്ധക്കുറവാണ്. എന്റെ അനുഭവത്തില്‍ നിന്ന് ഒരു കാര്യം പറയാം, പയ്യെ പോകുന്നത് തന്ത വൈബ് അല്ല. ഇപ്പോള്‍ അങ്ങനെയൊരു സംസാരം ഉണ്ട്. സ്പീഡില്‍ വണ്ടിയോടിക്കുന്ന ആള്‍ പെട്ടെന്ന് പയ്യെ പോകുമ്പോള്‍ അത് തന്ത വൈബ് ആണെന്ന്. എന്നാല്‍ അത് നമ്മള്‍ കുറച്ചുകൂടെ ശ്രദ്ധിക്കുന്നതാണ്. കാര്യങ്ങള്‍ തിരിച്ചറിയുന്നതാണ്, ഉത്തരവാദിത്തത്തോടെ പൊരുമാറുന്നതാണ്.

നമ്മള്‍ക്ക് ഒരപകടം ഉണ്ടാവുന്നതിനേക്കാള്‍ നമ്മള്‍ കാരണം ഒന്നും അറിയാതെ റോഡില്‍ കൂടെ നടന്നു പോകുന്ന ഒരാള്‍ക്ക് അപകടം ഉണ്ടാകുന്നത് സഹിക്കാവുന്നതിന് അപ്പുറമാണ്. അതിനൊരു കാരണക്കാരന്‍ നമ്മള്‍ ആവാതിരിക്കണം എന്നാണ് ആസിഫ് അലി പറയുന്നത്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന കൂളിംഗ് ഫിലിം, അലോയ് വീല്‍, മറ്റ് ആക്സസറീസ് എല്ലാം നിരോധിക്കാന്‍ എംവിഡി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ആസിഫ് അലി പറയുന്നുണ്ട്. വണ്ടിയുടെ കൂള്‍ ഫിലിം, അലോയ് വീല്‍, മറ്റ് ആക്സസറീസ്. ഇതെല്ലാം നിരോധിക്കാന്‍ ഗവണ്‍മെന്റിനോട് പറയണം.

ഞങ്ങള്‍ കാശ് കൊടുത്ത് ഇത് മേടിച്ച് ഒട്ടിക്കുകയും നിങ്ങള്‍ റോഡില്‍ വച്ച് പബ്ലിക്കായി അത് ഊരിക്കളയുകയും ചെയ്യും. വില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ ഇത് മേടിച്ച് ഉപയോഗിക്കുന്നത്. വില്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒരിക്കലും മേടിക്കില്ല എന്നാണ് ആസിഫ് അലി പറയുന്നത്. എംവിഡി ഉദ്യോഗസ്ഥരില്‍ നിന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് നടന്‍ പ്രതികരിച്ചത്.