തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് തബു. അടുത്തിടെ 'വിവാഹത്തെക്കുറിച്ച് തബു പറഞ്ഞ വാക്കുകള്‍' എന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത വന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള ഇത്തരം വാര്‍ത്തകളില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ ഉടനെ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും തബുവിന്റെ ടീം വ്യക്തമാക്കി.

ചില പ്രസിദ്ധീകരണങ്ങളിലും സോഷ്യല്‍ മീഡിയ പേജുകളിലും ''വിവാഹം വേണ്ട, കിടക്കയില്‍ ഒരു പുരുഷനെ മാത്രം മതി'' എന്ന രീതിയില്‍ നടി പ്രതികരിച്ചു എന്ന് പറയുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തബു തന്റെ ടീം മുഖേന ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഭിമുഖങ്ങളിലോ പൊതുവേദികളിലോ താന്‍ ഒരിക്കലും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും നടി തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

''ഇത്തരം അസംബന്ധം നിര്‍ത്തണം! തബുവിന്റേതെന്ന രീതിയില്‍ ചില മാന്യമല്ലാത്ത പ്രസ്താവനകള്‍ നിരവധി വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും കാണപ്പെടുന്നുണ്ട്. അവര്‍ ഒരിക്കലും ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്നും, പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ധാര്‍മികതയുടെ ഗുരുതരമായ ലംഘനമാണ് ഇതെന്നും വ്യക്തമാക്കുന്നു. ഈ വെബ്സൈറ്റുകള്‍ കെട്ടിച്ചമച്ച നടിയുടെ പേരിലുള്ള ഈ വാര്‍ത്തകള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരും.

സംഭവത്തില്‍ മാപ്പ് പറയണ'മെന്നും തബുവിന്റെ മാനേജ്മെന്റ് ടീം വ്യക്തമാക്കി. അക്ഷയ് കുമാറിനൊപ്പമുള്ള ഭൂത് ബംഗ്ലയുടെ ഷൂട്ടിങ് തിരക്കിലാണ് തബു ഇപ്പോള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരേഷ് റാവലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറും തബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഡ്യൂണ്‍: പ്രൊഫെസി എന്ന വെബ് സീരിസിലൂടെ ഹോളിവുഡിലും ചുവടുവച്ചിരിക്കുകയാണ് തബുവിപ്പോള്‍.