കൊച്ചി: മമ്മൂട്ടി ചിത്രം 'ഗ്യാങ്സ്റ്റർ', മോഹൻലാൽ നായകനായ 'നീരാളി' എന്നീ സിനിമകളുടെ ബോക്സ് ഓഫീസ് പരാജയം മുൻകൂട്ടി കണ്ടിരുന്നതായി വെളിപ്പെടുത്തി നിർമ്മാതാവ് സന്തോഷ് ടി. കുരുവിള. വലിയ ഹൈപ്പോടെ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും പ്രിവ്യൂ കണ്ടപ്പോൾ തന്നെ പരാജയപ്പെടുമെന്ന് തോന്നിയിരുന്നു എന്ന് അദ്ദേഹം ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ലോകയുടെ കഥ തന്നോട് പറഞ്ഞിരുന്നു. കോവിഡിന് മുമ്പായിരുന്നു അത്. ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല അന്നത്തെ കഥ. അതിനാലാണ് ഒഴിവാക്കിയതെന്നും സന്തോഷ് കുരുവിള പറയുന്നു.

'നീരാളി'യുടെ പ്രിവ്യൂ കണ്ടപ്പോൾ ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് മോഹൻലാലിന്റെ ഭാര്യ സുചിത്രയ്ക്ക് സംശയങ്ങളുണ്ടായിരുന്നതായും, അത് അവരുടെ മുഖഭാവങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞുവെന്നും സന്തോഷ് ടി. കുരുവിള പറയുന്നു. എന്നാൽ മോഹൻലാൽ പതിവുപോലെ ചിരിച്ചാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്യാങ്സ്റ്റർ' റിലീസ് ചെയ്യുന്നതിന്റെ തലേദിവസമാണ് കണ്ടതെന്നും, തിയേറ്ററിൽ ഈ ചിത്രം വിജയിക്കില്ലെന്ന് അപ്പോൾ തന്നെ മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച് ആന്റണി പെരുമ്പാവൂരിനോട് അന്ന് തന്നെ ഇക്കാര്യം സൂചിപ്പിച്ചതായും സന്തോഷ് ടി. കുരുവിള വെളിപ്പെടുത്തി. എങ്കിലും 'ഗ്യാങ്സ്റ്റർ' എന്ന സിനിമ എന്ന നിലയിൽ മികച്ചതായിരുന്നു. കാലത്തിന് മുമ്പേ വന്ന സിനിമയായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നാണ് ഈ ചിത്രം റിലീസ് ചെയ്തിരുന്നതെങ്കിൽ വലിയ വിജയമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിൽ സഹനിർമ്മാതാവാകാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെങ്കിലും ഒഴിവാകുകയായിരുന്നു എന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു.