- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ ഒരു സിനിമയെങ്കിലും നിങ്ങൾ ദയവായി കാണുമോ?'; മക്കൾ ഇതുവരെ തന്റെ ചിത്രങ്ങളൊന്നും കണ്ടിട്ടില്ലെന്ന് നടി ശാലിനി; അവാർഡ്‌സ് വേദിയിൽ വെളിപ്പെടുത്തലുമായി താരം

ചെന്നൈ: തന്റെ മക്കളായ അനൗഷ്കയും ആദ്‌വിക്കും ഇതുവരെ താൻ അഭിനയിച്ച ഒരു സിനിമ പോലും കണ്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി തമിഴ് സൂപ്പർതാരം അജിത്തിന്റെ ഭാര്യയും തെന്നിന്ത്യൻ താരവുമായിരുന്ന ശാലിനി. ജെ.എഫ്.ഡബ്ല്യു മൂവി അവാർഡ്‌സ് 2026 വേദിയിൽ വെച്ചായിരുന്നു ഈ കൗതുകകരമായ തുറന്നുപറച്ചിൽ.
അജിത്തുമായുള്ള വിവാഹശേഷം അഭിനയജീവിതത്തിൽ നിന്ന് വിട്ടുനിന്ന ശാലിനി, തന്റെ സിനിമകളിലെ ഗാനങ്ങൾ മക്കൾ കാണാറുണ്ടെങ്കിലും ഒരു ചിത്രം പോലും മുഴുവനായും അവർ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കി. "എന്റെ ഒരു സിനിമയെങ്കിലും നിങ്ങൾ ദയവായി കാണുമോ?" എന്ന് വേദിയിൽ വെച്ച് മക്കളോട് തമാശരൂപേണ അവർ അഭ്യർത്ഥിച്ചു. സിനിമ കാണാൻ പദ്ധതിയിടുമ്പോഴെല്ലാം 'പിന്നെയാകാം' എന്ന് പറഞ്ഞ് മക്കൾ അത് മാറ്റിവയ്ക്കുകയാണ് പതിവെന്നും ശാലിനി കൂട്ടിച്ചേർത്തു.
മലയാളികൾ ഇന്നും ഹൃദയത്തോട് ചേർത്തുവെക്കുന്ന 'മാമാട്ടിക്കുട്ടിയമ്മ', 'അനിയത്തിപ്രാവ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ശാലിനിയുടെ ഈ വെളിപ്പെടുത്തൽ ശ്രദ്ധേയമായി. അടുത്തിടെ മകൾ തന്റെയടുത്ത് വന്ന്, ഒരു കൂട്ടുകാരിയിൽ നിന്ന് അമ്മയുടെ ഒരു 'ഗംഭീര സിനിമ'യെക്കുറിച്ച് കേട്ടെന്നും അതിന്റെ കഥ ഇഷ്ടപ്പെട്ടെന്നും അത് ഒരുമിച്ച് കാണണമെന്നും പറഞ്ഞതായും ശാലിനി ഓർമ്മിപ്പിച്ചു.


