- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്മമ്മയെ മിസ് ചെയ്യുന്നു, ഇത് എന്റെ പുനർജന്മം'; ആ തിരിച്ചുവരവിൽ ആറ്റുകാലമ്മയ്ക്കും വലിയ പങ്കുണ്ടെന്ന് ദേവി ചന്ദന; പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് താരം

തിരുവനന്തപുരം: ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച ശേഷമുള്ള ഈ വരവ് 'പുനർജന്മമാണെന്ന്' സിനിമാ-സീരിയൽ താരവും നർത്തകിയുമായ ദേവി ചന്ദന. ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ഗുരുതരമായ അസുഖത്തിൽ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന് ആറ്റുകാലമ്മയോട് നന്ദി പറയുന്നതായും അവർ വ്യക്തമാക്കി.പ്രേക്ഷകരുടെ പ്രാർത്ഥനകൾക്കും അമ്മയുടെ പിന്തുണയ്ക്കും തന്റെ രോഗശാന്തിയിൽ വലിയ പങ്കുണ്ടെന്നും ദേവി ചന്ദന പറഞ്ഞു. ഇത് മൂന്നാം തവണയാണ് താരം ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നത്.
ഇത്തവണ ഫ്ലാറ്റിലെ സുഹൃത്തുക്കൾക്കും അമ്മയ്ക്കുമൊപ്പമാണ് താരം എത്തിയത്. കഠിനമായ ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നതിനെക്കുറിച്ച് ദേവി ചന്ദന മനസ്സ് തുറന്നു. "ഇതെന്റെ പുനർജന്മമാണ്. അസുഖം മാറി തിരിച്ചു വന്നതാണ് ഞാൻ. ആ തിരിച്ചുവരവിൽ ആറ്റുകാലമ്മയ്ക്കും വലിയ പങ്കുണ്ട്. എല്ലാവരുടെയും പ്രാർത്ഥനകൾ കൊണ്ടായിരിക്കണം എനിക്ക് ജീവിതം തിരികെ കിട്ടിയത്," ദേവി പറഞ്ഞു.
ക്ഷേത്രദർശനത്തിനിടെ തന്നെ കാണാൻ എത്തിയ ആരാധകരുടെ സ്നേഹത്തെക്കുറിച്ചും താരം വാചാലയായി. താൻ അവശതയിലായിരുന്ന സമയത്ത് ഒരു പരിചയവുമില്ലാത്ത പലരും തനിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നുവെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയെന്നും അതിലും വലിയ അനുഗ്രഹം വേറെയില്ലെന്നും താരം കൂട്ടിച്ചേർത്തു.
പൊങ്കാല സമയത്ത് ഏറ്റവും കൂടുതൽ ഓർക്കുന്നത് അന്തരിച്ച അമ്മമ്മയെയാണെന്ന് താരം ഓർത്തെടുത്തു. "ഭഗവാന്റെ അടുത്തേക്ക് പോകുന്നത് വരെ അമ്മമ്മ ഞങ്ങൾക്കെല്ലാം വേണ്ടി പൊങ്കാല ഇടുമായിരുന്നു. ഇത്തവണ അമ്മയ്ക്കൊപ്പം ഒരു ഗ്രൂപ്പായാണ് ഞങ്ങൾ എത്തിയത്. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചക്കരപ്പൊങ്കാല തന്നെയാണ് ഇത്തവണ നിവേദ്യമായി സമർപ്പിക്കുന്നത്" താരം പറഞ്ഞു.
അഭിനയത്തിനും നൃത്തത്തിനും പുറമേ യൂട്യൂബ് ചാനലിലൂടെയും സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ദേവി ചന്ദനയെപ്പോലെ, ഭർത്താവ് കിഷോറും പ്രേക്ഷകർക്ക് സുപരിചിതനാണ്. പ്രത്യേക വിഭവങ്ങളൊന്നും കൂടാതെ, അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്ന ചക്കരപ്പൊങ്കാലയാണ് ഇത്തവണ ദേവി ചന്ദനയും സംഘവും ഭഗവതിക്ക് നിവേദ്യമായി സമർപ്പിച്ചത്.


