- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മരിക്കുന്ന നിമിഷം പോലും പ്രതികാരം ചെയ്യുമെന്ന് നീലാംബരി ശപഥമെടുത്തു'; പടയപ്പയുടെ രണ്ടാം ഭാഗത്തിന്റെ കഥ പൂർത്തിയായി; ആരാധകർക്ക് ആവേശമായി സൗന്ദര്യ രജനീകാന്തിന്റെ പ്രഖ്യാപനം

ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ കരിയറിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ 'പടയപ്പ'യ്ക്ക് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ കഥ രജനീകാന്ത് തന്നെ എഴുതി പൂർത്തിയാക്കിയതായി മകൾ സൗന്ദര്യ രജനീകാന്ത് വെളിപ്പെടുത്തി. ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഈ വാർത്ത സൗന്ദര്യ സ്ഥിരീകരിച്ചത്.
രജനീകാന്ത് തന്നെ തിരക്കഥാകൃത്ത് പടയപ്പ 2-ന്റെ കഥ രജനീകാന്ത് പൂർത്തിയാക്കിയെന്നും അത് അതിമനോഹരമായിട്ടുണ്ടെന്നും സൗന്ദര്യ പറഞ്ഞു. എന്നാൽ ചിത്രം ആര് സംവിധാനം ചെയ്യുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. നിലവിൽ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2'-ന്റെ തിരക്കുകളിലാണ് രജനീകാന്ത്. ഇതിനുശേഷമായിരിക്കും പടയപ്പയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുക.
നീലാംബരിയുടെ പുനർജന്മം? ചിത്രത്തിന്റെ റീ-റിലീസിനോട് അനുബന്ധിച്ച് രജനീകാന്ത് തന്നെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. "മരിക്കുന്ന നിമിഷം പോലും പടയപ്പയോട് പ്രതികാരം ചെയ്യാനായി പുനർജനിക്കുമെന്ന് ശപഥം ചെയ്യുകയാണ് നീലാംബരി. ആ കാഴ്ചപ്പാടിലായിരിക്കും രണ്ടാം ഭാഗം ഒരുങ്ങുക," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന ഐക്കണിക് വില്ലൻ കഥാപാത്രത്തിന്റെ തിരിച്ചുവരവാകും രണ്ടാം ഭാഗത്തിന്റെ പ്രധാന ആകർഷണം.
25 വർഷങ്ങൾക്ക് ശേഷവും മാറാത്ത പടയപ്പ ക്രേസ് 1999-ൽ കെ.എസ്. രവികുമാർ സംവിധാനം ചെയ്ത പടയപ്പ തെന്നിന്ത്യൻ സിനിമയിലെ തന്നെ നാഴികക്കല്ലാണ്. രജനീകാന്തിന്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഡിസംബർ 12-ന് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിയപ്പോൾ വൻ വരവേൽപാണ് ലഭിച്ചത്. തന്റെ കരിയറിൽ സ്ത്രീകൾ ഇത്രയധികം തടിച്ചുകൂടിയ മറ്റൊരു സിനിമ കണ്ടിട്ടില്ലെന്ന് രജനീകാന്ത് തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. ശിവാജി ഗണേശൻ, സൗന്ദര്യ, ലക്ഷ്മി, റമ്യ കൃഷ്ണൻ തുടങ്ങിയ വമ്പൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.


