ഉദയ്പൂർ: തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ആ വിവാഹ ചിത്രങ്ങൾ ഒടുവിൽ പുറത്ത്. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരായി. ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഫോട്ടോകൾക്കും വീഡിയോകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ വിവാഹചിത്രങ്ങൾ പുറത്തുവരാൻ ആരാധകർ ഏറെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോഴിതാ വിവാഹചിത്രങ്ങൾക്കൊപ്പം വിജയ് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

വികാരനിർഭരമായ വാക്കുകളോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. "ഒരു ദിവസം, ഞാൻ അവളെ വല്ലാതെ മിസ്സ് ചെയ്തു. അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ദിവസം നന്നാകുമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള മിസ്സിംഗ്. അവൾ എന്റെ മുന്നിലിരുന്നിരുന്നെങ്കിൽ കഴിക്കുന്ന ഭക്ഷണം കൂടുതൽ ആരോഗ്യകരമാകുമെന്നും, അവൾ ഒപ്പമുണ്ടായിരുന്നെങ്കിൽ വ്യായാമം കൂടുതൽ എളുപ്പമാകുമെന്നും എനിക്ക് തോന്നി. എനിക്ക് അവളെ അത്രമേൽ ആവശ്യമായിരുന്നു. അങ്ങനെ, ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ... എന്റെ ഭാര്യയെ കണ്ടെത്തി," വിജയ് കുറിച്ചു.


ദീർഘനാളായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും താരങ്ങൾ ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. വിവാഹവേദിയിലെ ഫോട്ടോകൾക്കും മറ്റും വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ അതീവ രഹസ്യമായാണ് ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 'ഗീത ഗോവിന്ദം', 'ഡിയർ കൊമ്രേഡ്' തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടെയും കെമിസ്ട്രിക്ക് പിന്നാലെ ജീവിതത്തിലും ഇവർ ഒന്നിക്കണമെന്നായിരുന്നു ആരാധകരുടെ ആഗ്രഹം. ആ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ആരാധകലോകം.