കൊച്ചി: മലയാളത്തിലെ മുന്‍നിര അഭിനേതാക്കളെയെല്ലാം ഒരുമിച്ച് സ്‌ക്രീനില്‍ കൊണ്ടുവന്ന ചിത്രമാണ് ട്വന്റി-20. സൂപ്പര്‍താരങ്ങള്‍ക്കെല്ലാം മികച്ച റോള്‍ നല്‍കി ഒരു മാസ് പടത്തിന്റെ എല്ലാ ചേരുവകളും ഈ ചിത്രത്തിന് ഉണ്ടായിരുന്നു. ജോഷി സംവിധാനം ചെയ്ത സിനിമ വലിയ ഹിറ്റായിരുന്നു. മള്‍ട്ടിസ്റ്റാര്‍ സിനിമകളിലെ ഒരു മാസ്റ്റര്‍പീസാണ് ട്വന്റി-20 എന്ന് പറയുകയാണ് നടന്‍ ഉണ്ണിമുകുന്ദന്‍.

അങ്ങനെയൊരു സിനിമ ഇന്ത്യയുടെ വേറെ ഒരു ഭാഗത്തും സംഭവിക്കുമെന്ന് തോന്നുന്നില്ലെന്നും. താരങ്ങളെയും അവരുടെ ഉള്ളിലുള്ള അഭിനേതാവിനെയും തുല്യമായി പരിഗണിക്കുന്ന തിരക്കഥ ഫിലിം സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ട ഒന്നാണ് എന്നും ഒരു അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

'വാണിജ്യപരമായ രീതിയിലും കലാപരമായും എഴുതിയിട്ടുള്ള ഒരു തിരക്കഥയാണ് ട്വന്റി-20യുടേത്. എങ്ങനെയാണ് എല്ലാ നടന്മാരെയും കൃത്യമായി ബാലന്‍സ് ചെയ്യുന്നതെന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി. അങ്ങനെയാണ് മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെ ഞാന്‍ നോക്കികാണുന്നതും. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍. ഒരുപാട് ഹോളിവുഡ് സിനിമകള്‍ ഞാന്‍ ആ രീതിയില്‍ കണ്ടിട്ടുണ്ട്. ഹിന്ദിയിലാണെങ്കില്‍ ഷോലെ പോലെയുള്ള മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളുണ്ട്. മലയാളത്തില്‍ ഹരികൃഷ്ണന്‍സ് അതുപോലെ ഒരു മികച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ്. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് എത്രത്തോളം നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ അങ്ങനെയുള്ള ഒരു സ്‌ക്രിപ്റ്റ് തീരുമാനിക്കാന്‍ കെല്‍പ്പുള്ള ഒരു സംവിധായകനും ടീമും വേണം', ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സൂപ്പര്‍താരങ്ങളെയെല്ലാം ഒരുമിച്ച് ജോഷി ഒരുക്കിയ ചിത്രമാണ് ട്വന്റി-20. ആക്ഷന്‍-ഡ്രാമ ഴോണറില്‍ വരുന്ന ചിത്രത്തിന് ഉദയകൃഷ്ണ - സിബി കെ. തോമസ് എന്നിവര്‍ ചേര്‍ന്നാണ് തിക്കഥയൊരുക്കിയത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റായി മാറിയിരുന്നു.