തമിഴ്- മലയാളം സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് വരലക്ഷ്മി. ശരത്കുമാറിന്റെ മകൾ എന്ന ലേബലിൽ നിന്നും നടിയായി വരലക്ഷ്മി സ്വന്തം പേര് തമിഴ് സിനിമയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലത്ത് താൻ ലൈം​ഗികാതിക്രമത്തിന് ഇരയായി എന്ന വരലക്ഷ്മിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. ഒരു തമിഴ് റിയാലിറ്റി ഷോ വേദിയിൽ വെച്ചായിരുന്നു വരലക്ഷ്മി തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്.

താരം വിധികര്‍ത്താവായ റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ഥി കുടുംബത്തില്‍നിന്നുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്നാണ്, പെണ്‍കുട്ടിയുടെ കഥ തന്റേയും കഥയാണെന്ന് പറഞ്ഞ് വരലക്ഷ്മി വെളിപ്പെടുത്തല്‍ നടത്തിയത്.

'എന്റെ കുട്ടിക്കാലത്ത് അമ്മയും അച്ഛനും ജോലിക്കുപോവുമ്പോള്‍ എന്നെ പരിചരിക്കാന്‍ മറ്റാളുകളുടെ അടുത്ത് ഏല്‍പ്പിക്കുമായിരുന്നു. കുട്ടിക്കാലത്ത് അഞ്ചോ ആറോ പേര്‍ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. എനിക്ക് കുട്ടികളില്ല. പക്ഷേ, കുട്ടികളെ ഗുഡ് ടെച്ചിനെക്കുറിച്ചും ബാഡ് ടെച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് ഞാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുകയാണ്', എന്നായിരുന്നു വരലക്ഷ്മിയുടെ വാക്കുകള്‍. വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനിടെ നടി വിതുമ്പുന്നുണ്ടായിരുന്നു.

നടന്‍ ശരത്കുമാറിന്റേയും ആദ്യഭാര്യ ഛായാദേവിയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാര്‍. 2012-ല്‍ തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി മലയാളത്തില്‍ കസബ, കാറ്റ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളില്‍ പ്രധാനവേഷം ചെയ്തിട്ടുണ്ട്.