മുംബൈ: നടൻ വിദ്യുത് ജംവാൽ തന്റെ കണ്ണിലേക്ക് ഉരുകിയ മെഴുക് ഒഴിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പരിമിതികളെ മറികടക്കാൻ സഹായിക്കുന്ന കളരിപ്പയറ്റിന്റെയും യോഗയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടിയാണ് താരം ഈ സാഹസിക ദൃശ്യങ്ങൾ പങ്കുവെച്ചത്. എ.ആർ. മുരുഗദോസ് എഴുതി സംവിധാനം ചെയ്ത തമിഴ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ 'മദിരാശി'യിലാണ് വിദ്യുത് ജംവാൽ അവസാനമായി അഭിനയിച്ചത്.

വീഡിയോയിൽ പരമ്പരാഗത വസ്ത്രം ധരിച്ച്, തലയിൽ കറുത്ത തുണി കെട്ടി പ്രത്യേക താളത്തിൽ ശരീരം ചലിപ്പിക്കുന്ന വിദ്യുതിനെയാണ് കാണാൻ കഴിയുന്നത്. തുടർന്ന് മുന്നിലുണ്ടായിരുന്ന രണ്ട് വലിയ മെഴുകുതിരികളിൽ നിന്ന് ഉരുകിയ ചൂടുള്ള മെഴുക് അദ്ദേഹം നേരിട്ട് സ്വന്തം കണ്ണുകളിലേക്ക് ഒഴിക്കുകയായിരുന്നു. "പരിമിതികളെ മറികടക്കാൻ നമ്മെ പ്രാപ്തരാക്കുന്ന പുരാതന കളരിപ്പയറ്റിനെയും യോഗയെയും ബഹുമാനിക്കുന്നു. മെഴുകും കണ്ണുകെട്ടലും, ഒരു യോദ്ധാവിന്റെ ആത്മാവിന്റെ സാക്ഷ്യം" എന്ന കുറിപ്പോടെയാണ് താരം ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

വിദ്യുതിന്റെ ഈ പ്രകടനത്തിന് സാമൂഹിക മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. "അത് ഭയപ്പെടുത്തുന്നതായിരുന്നു, അദ്ദേഹം സുഖമായിരിക്കുമെന്ന് കരുതുന്നു," "ഇത് തീർത്തും അവിശ്വസനീയമാണ്," "നിങ്ങൾ ഇന്ത്യയുടെ അഭിമാനമാണ്" എന്നുമെല്ലാമാണ് വീഡിയോയ്ക്ക് ലഭിച്ച ചില പ്രതികരണങ്ങൾ. സ്റ്റേജിലും സ്വന്തം ശരീരത്തിലും തീയിട്ട വിദ്യുതിന്റെ മുൻ സാഹസിക പ്രകടനങ്ങളെയും ചിലർ ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു.

പാരമൗണ്ട് പിക്ചേഴ്സിന്റെ 'സ്ട്രീറ്റ് ഫൈറ്റർ' എന്ന ലൈവ്-ആക്ഷൻ റീബൂട്ടിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് വിദ്യുത് ജംവാൽ. 2026 ഒക്ടോബർ 16-ന് റിലീസ് നിശ്ചയിച്ചിട്ടുള്ള ഈ ചിത്രം കിറ്റാവോ സകുറായ് ആണ് സംവിധാനം ചെയ്യുന്നത്. ആൻഡ്രൂ കോജി, നോഹ് സെൻ്റിനിയോ, ജേസൺ മോമോവ, കല്ലിന ലിയാങ്, റോമൻ റെയ്ൻസ്, ഓർവിൽ പെക്ക്, കോഡി റോഡ്സ്, ആൻഡ്രൂ ഷൂൾസ്, കർട്ടിസ് '50 സെൻ്റ്' ജാക്സൺ, ഡേവിഡ് ഡാസ്റ്റ്മാൽച്ചിയൻ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.