- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ആ താരവിവാഹം ഒരുങ്ങുന്നു; വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹക്ഷണക്കത്ത് പുറത്ത്; വിവാഹം ഈമാസം 26-ന് ലളിതമായ ചടങ്ങില്‍; റിസപ്ഷന്‍ മാര്‍ച്ച് നാലിന് ബഞ്ചാര ഹില്‍സിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലില്‍
വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹക്ഷണക്കത്ത് പുറത്ത്;

ബംഗളുരു: ദക്ഷിണേന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ആ വിവാഹം ഒരുങ്ങുകയാണ്. പ്രിയ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു എന്നാണ് പുറത്തുവരുന്ന വിവരം. വിവാഹ തീയതിയും റിസപ്ഷന്‍ വിവരങ്ങളും അടങ്ങിയ ക്ഷണക്കത്ത് വൈറലായിരിക്കയണ്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ 2026 ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക.
നേരത്തെ ഉദയ്പൂര്‍ കൊട്ടാരത്തില്‍ വച്ചായിരിക്കും വിവാഹമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ റിസപ്ഷന്‍ നടക്കുക ബഞ്ചാര ഹില്‍സിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാകും എന്നാണ് ക്ഷണക്കത്തിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ടോളിവുഡിലെ ഈ പ്രിയ ജോഡികള്‍ ഒന്നാകുന്നത്. വിവാഹം ഈ വര്‍ഷമുണ്ടാകുമെന്ന് നേരത്തെ തന്നെ സ്ഥിരീകരണമുണ്ടായിരുന്നു. വിവാഹവാര്‍ത്തിയില്‍ വിജയ്യും രശ്മികയും തന്നെ ഔദ്യോഗികമായ വാര്‍ത്ത പുറത്തുവിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
നടനുമായി ബന്ധപ്പെട്ടവര്‍ വിവാഹക്ഷണകത്തിലെ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
പുറത്തുവന്ന ക്ഷണക്കത്തിന്റെ പൂര്‍ണരൂപം:
''പ്രിയപ്പെട്ട ...
ഏറെ സന്തോഷകരമായ ഒരു വാര്‍ത്ത പങ്കുവയ്ക്കാനും ഞങ്ങളുടെ ജീവിതത്തിലെ ഈ വലിയ നിമിഷത്തില്‍ നിങ്ങളെ ക്ഷണിക്കാനുമാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഞങ്ങളുടെ കുടുംബങ്ങളുടെ സ്‌നേഹത്തോടും അനുഗ്രഹത്തോടും കൂടി, ഫെബ്രുവരി 26-ന് (26.02.26) രശ്മികയും ഞാനും വളരെ ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരാവുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായം തുടങ്ങുമ്പോള്‍ - ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന്റെ ഓര്‍മകള്‍ ആഘോഷമാക്കുമ്പോള്‍ - ഞങ്ങളുടെ യാത്രയില്‍ ഇന്നുവരെ കൂടെയുണ്ടായിരുന്നവരുടെ സാന്നിധ്യം ഞങ്ങള്‍ക്ക് വലിയ അര്‍ഥമുള്ളതാണ്. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഈ അവസരത്തെ ഞങ്ങള്‍ക്ക് കൂടുതല്‍ സവിശേഷമാക്കും. ഞങ്ങളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കുചേരാനും ഞങ്ങളെ അനുഗ്രഹിക്കാനും നിങ്ങളെ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.
2026 മാര്‍ച്ച് 4, ബുധനാഴ്ച | വൈകുന്നേരം 7 മണി മുതല്‍
താജ് കൃഷ്ണ ബഞ്ചാര ഹില്‍സ്, ഹൈദരാബാദ്
നമുക്ക് ഒന്നിച്ച് ഈ സന്തോഷം ആഘോഷിക്കാന്‍ കാത്തിരിക്കുന്നു.
സ്‌നേഹപൂര്‍വം,
വിജയ് (രശ്മികയ്ക്കും എനിക്കും വേണ്ടി)''
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള പ്രണയബന്ധം വെള്ളിത്തിരയില്‍ നിന്നുമാണ് തുടങ്ങിയത്. 2018-ല്‍ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി തെന്നിന്ത്യന്‍ സിനിമയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. പിന്നീട് 'ഡിയര്‍ കോമ്രേഡ്' എന്ന ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചതോടെ ഇവര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായി. പലപ്പോഴും വിദേശയാത്രകളിലും പൊതുപരിപാടികളിലും ഇരുവരെയും ഒന്നിച്ചു കണ്ടിരുന്നെങ്കിലും, തങ്ങള്‍ വെറും സുഹൃത്തുക്കളാണെന്ന നിലപാടിലായിരുന്നു ഇരുവരും.
ഇന്‍സ്റ്റാഗ്രാമിലെ സമാനമായ ലൊക്കേഷന്‍ ചിത്രങ്ങളും വിജയ്‌യുടെ കുടുംബത്തോടൊപ്പമുള്ള രശ്മികയുടെ സാന്നിധ്യവും ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ വര്‍ധിപ്പിച്ചു. നീണ്ട വര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വിവാഹ ക്ഷണക്കത്ത് പുറത്തുവന്നതോടെ തെന്നിന്ത്യന്‍ സിനിമയിലെ ഈ പ്രിയപ്പെട്ട ജോഡികള്‍ ജീവിതത്തിലും ഒന്നിക്കുകയാണെന്ന് ഉറപ്പായിരിക്കുകയാണ്. 2025 ഒക്ടോബര്‍ 3 നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ദസറയ്ക്ക് പിന്നാലെ ഹൈദരാബാദില്‍ വെച്ചായിരുന്നു ചടങ്ങ്. പൂര്‍ണ്ണമായും സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു നിശ്ചയം നടന്നത്.


