- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൾ കാണിച്ചത് വെറും നെറികെട്ട രീതി..; നിന്നെ മരണത്തിന് വിട്ട് കൊടുത്തിട്ട് അവൾ ഇനി സമാധാനമായ് ജീവിക്കാൻ പോണില്ല; നിന്‍റെ അമ്മയുടെ കണ്ണീരിൽ വെന്തുനീറും..!!എടാ..ദീപക്കേ...നീ എന്തിന് ഇങ്ങനെ ചെയ്തുവെന്ന് നടൻ; ചർച്ചയായി വിനോദ് കോവൂറിന്റെ വാക്കുകൾ

ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെയും തുടർന്നുണ്ടായ വീഡിയോ പ്രചാരണത്തെയും തുടർന്ന് വിഷമം സഹിക്കാൻ വയ്യാതെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ജീവനൊടുക്കിയത് കേരളക്കര ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ ദീപക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് യുവതി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് ദീപക് മരണപ്പെട്ടത്.
ദീപക്കിന്റെ മരണത്തിൽ പ്രതികരണവുമായി നടൻ വിനോദ് കോവൂർ രംഗത്തെത്തി. ദീപക്കിനെതിരെ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവതി ജിംഷിതക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിനോദ് കോവൂർ വിമർശനമുന്നയിച്ചത്. ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് വിനോദ് കോവൂർ ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിൽ വ്യൂവേഴ്സിനെ ലക്ഷ്യമിട്ടാണ് യുവതി ഈ നെറികെട്ട രീതി സ്വീകരിച്ചതെന്നും, ദീപക്കിന്റെ അമ്മയുടെ കണ്ണീരിൽ യുവതി വെന്തുനീറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമനടപടികളുമായി മുന്നോട്ട് പോകാമായിരുന്നിട്ടും ദീപക് മരിക്കരുതായിരുന്നു എന്നും വിനോദ് കോവൂർ തന്റെ പ്രതികരണത്തിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ...
‘ദീപക്കേ സഹോദരാ പ്രണാമം, നീ അറിഞ്ഞോ നിന്‍റെ വിഡിയോ എടുത്ത അവൾ വൈറലായി. ഇനി ഒരു വിഡിയോ എടുക്കാൻ അവളുടെ കൈ പൊങ്ങില്ല ഈ സമൂഹം മുഴുവൻ ആൺ പെൺ ഭേദമില്ലാതെ അവളെ തെറി വിളിച്ച് കൊണ്ടിരിക്കുകയാണ്. നിന്നെ മരണത്തിന് വിട്ട് കൊടുത്തിട്ട് അവൾ ഇനി സമാധാനമായ് ജീവിക്കാൻ പോണില്ല. സോഷ്യൽ മീഡിയയിൽ വ്യൂവേഴ്സിനെ ഉണ്ടാക്കാൻ അവൾ കാണിച്ച നെറികെട്ട രീതിയായിരുന്നു അത്. അത്രയേറെ മനസിനെ വിഷമിപ്പിച്ചത് കൊണ്ടാവാം നീ മരണത്തിന് കീഴടങ്ങിയതെന്ന് മനസിലാക്കുന്നു. എന്നാലും നീ മരിക്കരുതായിരുന്നു എന്ന് ഒരു വേള ആഗ്രഹിച്ച് പോയി, അവൾക്കെതിരെ നിയമനടപടികളുമായ് ഒന്ന് പോരാടാമായിരുന്നു.
പക്ഷേ അതിനൊന്നും കാത്ത് നിൽക്കാതെ നീ നിന്‍റെ തീരുമാനം നടപ്പിലാക്കി. ഏത് നിമിഷത്തിലാണ് ആ ബസിൽ യാത്ര ചെയ്യാൻ നിനക്ക് തോന്നിയത് എന്ന് ചിന്തിച്ച് പോകുന്നു. നിന്‍റെ അമ്മയുടെ ചുടുകണ്ണീരിൽ അവൾ വെന്തുനീറും. കൃത്യമായ തെളിവില്ല എന്നൊക്കെ പറഞ്ഞ് കേസിൽ നിന്ന് ഒരുപക്ഷേ അവൾ ഊരി പോരും പക്ഷേ മന:സാക്ഷി കോടതിയിൽ അവൾ ശിക്ഷിക്കപ്പെടും തീർച്ച’ വിനോദ് കോവൂർ പറയുന്നു.
അതേസമയം, ദീപക്കിന്റെ കുടുംബം പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തി. ആരോപണം ഉന്നയിച്ച ഷിംജിത മുസ്തഫക്ക് പോലീസ് അനാവശ്യ പരിഗണന നൽകുന്നുവെന്ന് കുടുംബം ആരോപിച്ചു. ഈ വിഷയത്തിൽ പോലീസ് പക്ഷപാതപരമായി പെരുമാറിയെന്നും ദീപക് മനംനൊന്ത് മരിച്ചതാണെന്നും അവർ പറയുന്നു. യുവതിയുടെ ഫോണിൽ നിന്ന് ഏഴ് വീഡിയോകൾ കണ്ടെത്തിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നടി ശൈലഭയും ഈ സംഭവത്തിൽ പ്രതികരിച്ചു, ദീപക്കിന്റെ മരണശേഷം ഇത്തരം ആരോപണങ്ങൾ ഒരു 'ട്രെൻഡ്' ആയി മാറിയോ എന്ന് അവർ സംശയം പ്രകടിപ്പിച്ചു.
ദീപക്കിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും ആരോപണങ്ങളും സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും നീതി ഉറപ്പാക്കണമെന്നുമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം.


