പഠിക്കുന്ന കാലഘട്ടങ്ങളില്‍ എല്ലാവര്‍ക്കും തന്നെ പ്രണയം ഉണ്ടാകാറുണ്ട്. ചിലത് വിവാഹത്തില്‍ കലാശിക്കുമ്പോള്‍ ചിലത് നഷ്ടത്തിലേക്ക് മാറുന്നു. എന്നാല്‍ ആദ്യ പ്രണയം ആര്‍ക്കും ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അത്തരത്തില്‍ തനിക്കും ഒരു നഷ്ടപ്രണയം ഉണ്ടായിരുന്നെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി പറഞ്ഞു. ആ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

കണ്ണുകള്‍ കൊണ്ട് കൈമാറിയ പ്രണയത്തെ കുറിച്ച് സുരേഷ് ഗോപി ആദ്യമായി തുറന്ന് പറഞ്ഞു. അതും കലാലയ ജീവിതം മനോഹരമാക്കിയ ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ വെച്ച്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിലെ പൂര്‍വവിദ്യാര്‍ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ആ പഴയ ഓര്‍മകള്‍ താരം വീണ്ടും ഓര്‍മ്മിച്ചെടുത്തത്.

ഇന്നുവരെ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമായിരുന്നു...അല്ലെങ്കില്‍ ഇഷ്ടമാണ് എന്ന് പറയാന്‍ ധൈര്യം ഇല്ലാതെ പോയ രണ്ട് ആത്മാക്കളുണ്ട് ഒന്ന് ഞാനാണ്. പിന്നൊന്ന് വേറൊരു കുട്ടിയാണ്. ഞങ്ങള്‍ രണ്ടുപേരും അറ്റത്ത് നിന്ന് ഇറങ്ങി നടന്ന് വരുന്നത് എനിക്ക് അറിയാന്‍ പറ്റുമായിരുന്നു. അപ്പുറത്ത് നിന്ന് ചിലര്‍ സിഗ്‌നല്‍ തരുമായിരുന്നു. ഞാന്‍ ആ സമയത്ത് കിഴക്കേ അറ്റത്ത് നിന്ന് ഇപ്പുറത്തേക്ക് നടക്കും.

ഞങ്ങള്‍ നടന്ന് വന്ന് പരസ്പരം ഒന്ന് നോക്കുന്നത് മരത്തിന്റെ മറവില്‍ എത്തുമ്പോഴാണ്. കാരണം ആ പറമ്പില്‍ ഇരിക്കുന്ന ഒരാളും കാണത്തില്ല ഞങ്ങള്‍ പരസ്പരം നോക്കി എന്നുള്ളത്. പ്രണയം ഹൃദയത്തിലേക്ക് കടന്ന് വന്നതിന് തട്ടകമായിട്ടുള്ളതാണ് ഫാത്തിമ മാതാ നാഷണല്‍ കോളജ്. പ്രണയമെന്ന് പറയുന്നത് ദിവ്യമായിരുന്നു... എന്ന് പറഞ്ഞാല്‍ ഒരു ഉദ്ദേശവും ഉണ്ടാവില്ല. കല്യാണം കഴിക്കാന്‍ പറ്റും എന്ന ഒറ്റ ചിന്തയിലുള്ള പ്രണയമായിരുന്നു... എന്ന് പറഞ്ഞാണ് സുരേഷ് ഗോപി പ്രസംഗം അവസാനിപ്പിച്ചത്.

സുരേഷ് ഗോപിയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപേര്‍ കോളജ് കാലത്ത് അവര്‍ക്കുണ്ടായ പ്രണയത്തേയും പ്രണയ നഷ്ടങ്ങളേയും കുറിച്ച് പങ്കുവെച്ച് എത്തി. അന്നത്തെ പ്രണയം വിജയം കണ്ടില്ലെങ്കില്‍ എന്താ... സങ്കല്പത്തിനൊത്ത ഒരാളെ തന്നെ ഭാര്യയായി കിട്ടിയില്ലേ എന്നും ചിലര്‍ താരത്തോട് കമന്റുകളിലൂടെ ചോദിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ മാതൃകാ ദമ്പതികളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്ത് ഉള്ളവരാണ് സുരേഷ് ഗോപി-രാധിക ജോഡി. താന്‍ ആഗ്രഹിച്ചതുപോലൊരു ദാമ്പത്യവും ഭാര്യയേയുമാണ് തനിക്ക് കിട്ടിയതെന്ന് പലപ്പോഴായി സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. പ്രണയ വിവാഹമൊന്നും ആയിരുന്നില്ല. അടുത്തിടെയാണ് ഇരുവരും മുപ്പത്തിനാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.