ഗുവാഹാട്ടി: പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി. ഗായകന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മയും ഇവന്റ് സംഘാടകനായ ശ്യാംകനു മഹന്തയും അറസ്റ്റിലായതായി പോലീസ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് ശ്യാംകനുവിനെ പിടികൂടിയത്. സിംഗപ്പൂരില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗുഡ്ഗാവിലെ ഒരു ഫ്‌ലാറ്റില്‍നിന്നാണ് സിദ്ധാര്‍ഥ് ശര്‍മയെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഉടന്‍ ഗുവാഹട്ടിയിലേക്ക് കൊണ്ടുപോകും.

സുബീന്റെ സഹപ്രവര്‍ത്തകനായ ഡ്രമ്മര്‍ ശേഖര്‍ ജ്യോതി ഗോസ്വാമിയെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. സംഭവം നടന്ന സമയത്ത് സിംഗപ്പൂരില്‍ സുബീനൊപ്പമുണ്ടായിരുന്ന നടി നിഷിത ഗോസ്വാമി, മാധ്യമസ്ഥാപന ഉടമ സഞ്ജീവ് നരെയ്ന്‍, സുബീന്റെ സഹോദരന്‍ സന്ദീപൊന്‍ ഗാര്‍ഗ് എന്നിവരോടും അന്വേഷണം സംഘം ചോദ്യം ചെയ്തിരുന്നു. സെപ്റ്റംബര്‍ 19-ന് സിംഗപ്പൂരിലെ ലാസറസ് ദ്വീപില്‍ സുബീന്‍ നീന്തുന്നതിനിടെ അപകടത്തില്‍ പെട്ട് മരിച്ചതാണെന്നായിരുന്നു ആദ്യം ലഭിച്ച വിവരം.

എന്നാല്‍ സംഭവത്തെ ചുറ്റിപ്പറ്റിയുണ്ടായ വൈരുധ്യങ്ങള്‍ പോലീസ് ഗൗരവമായി പരിശോധിച്ചിരുന്നു. സുബീന്റെ ഭാര്യ ഗരിമ സൈകിയ നേരത്തെ പുറത്തുവിട്ട പ്രസ്താവനയില്‍ ഭര്‍ത്താവിന് അപസ്മാരമാണ് മരണക്കാരണമെന്ന് വ്യക്തമാക്കിയിരുന്നു. ശ്യാംകനു മഹന്ത മുന്‍ ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്തയുടെ സഹോദരനും ഗുവാഹട്ടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നാനി ഗോപാല്‍ മഹന്തയുടെ സഹോദരനുമാണ്. അദ്ദേഹത്തിനെതിരെ മുന്‍പും അഴിമതിയും കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

1990-കളില്‍ സംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ച സുബീന്‍, ഹിന്ദി സിനിമയായ ഗ്യാങ്സ്റ്റര്‍ (2006)ലെ 'യാ അലി' എന്ന ഗാനത്തിലൂടെ ദേശീയ ശ്രദ്ധ നേടിയിരുന്നു.