ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് വീണ്ടും വൈകും. പൗരത്വ ബേദഗതിയുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ചട്ടങ്ങളുണ്ടാക്കുന്നതു പുരോഗമിക്കുകയാണെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയെ അറിയിച്ചു. പൗരത്വനിയമഭേദഗതികളിൽ ചട്ടങ്ങളുണ്ടാക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന് ചൊവ്വാഴ്ച പാർലമെന്റ് രണ്ടാമതും സമയം നീട്ടിനൽകി. ലോക്സഭ ഏപ്രിൽ ഒമ്പതുവരെയും രാജ്യസഭ ജൂലായ് ഒമ്പതുവരെയുമാണ് സമയം നീട്ടിനൽകിയത്. ഇതോടെ പൗരത്വനിയമഭേദഗതി നടപ്പാക്കുന്നത് വീണ്ടും വൈകുമെന്നുറപ്പായി.

നിയമങ്ങൾ പരിശോധിക്കുന്ന ലോക്‌സഭാ, രാജ്യസഭാ സമിതികൾ ചട്ടങ്ങൾ രൂപീകരിക്കാൻ യഥാക്രമം ഏപ്രിൽ 9, ജൂലൈ 9 എന്നിങ്ങനെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി 10നാണു നിയമം നിലവിൽ വന്നത്. കോവിഡ് കാല പ്രതിസന്ധികൾ കാരണമാണ് ചട്ടമുണ്ടാക്കാൻ വൈകിയതെന്ന വാദമാണ് കേന്ദ്രം ഉയർത്തുന്നത്. എന്നാൽ മറ്റ് നിയമ പ്രശനങ്ങളും ഇതിന് പിന്നിലുണ്ട്. കർഷക നിയമ ഭേദഗതിക്ക് സമാനമായ പ്രതിഷേധം ഉയരാനും സാധ്യയുണ്ട്.

പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ചോദ്യംചെയ്ത് സുപ്രീംകോടതികളിലും ഹർജികളുണ്ട്. പാർലമെന്റിൽ ബിൽ പാസായാൽ നിയമങ്ങൾക്കായി ചട്ടങ്ങൾ വേഗത്തിലുണ്ടാക്കണം. ആറുമാസത്തിൽ കൂടുതൽ ഇതുവൈകാൻ പാടില്ല. വൈകിയാൽ ബന്ധപ്പെട്ട മന്ത്രാലയം കൃത്യമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റിയിൽനിന്ന് സമയം നീട്ടിവാങ്ങണം. ഇതാണ് കേന്ദ്രം വീണ്ടും ചെയ്യുന്നത്. കോവിഡാണ് കാരണമായി പറയുന്നത്.

നിയമത്തിൽ ആഭ്യന്തരമന്ത്രാലയം ചട്ടങ്ങൾ തയ്യാറാക്കിയെങ്കിലും നിയമത്തിലെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള അടിച്ചമർത്തലുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതിയിൽനിന്നുള്ള അന്തിമ നിലപാടറിയാൻ കാത്തിരിക്കുകയാണ് കേന്ദ്രം. ഈ വിധികൾ അനുകൂലമാണെങ്കിൽ അതിവേഗം ചട്ടമുണ്ടാക്കും. ഇല്ലാത്ത പക്ഷം നിയമം ഉപേക്ഷിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തും. മുസ്ലിം വിരുദ്ധമാണ് ഈ നിയമം എന്നാണ് ഉയരുന്ന ആരോപണം. ഈ സാഹചര്യത്തിലാണ് വിവാദങ്ങളും.

ബില്ലിൽ ഉള്ളത്. ഹിന്ദുവും ക്രിസ്ത്യാനിയും അടക്കം മുസ്ലീമുകൾ ഒഴികെ ആറ് സമുദായത്തിൽപെട്ട അഫ്ഗദാൻ-പാക്-ബംഗ്ലാദേശി പൗരന്മാർ ആറ് വർഷം ഇന്ത്യയിൽ താമസിച്ചവരെന്ന് തെളിയിച്ചാൽ ഇന്ത്യൻ പൗരത്വം നൽകും. എന്നാൽ മുസ്ലിംകളെ ജയിലിൽ അടക്കും. 2014 ഡിസംബർ 31-നു മുമ്പു വന്ന ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധർ, പാഴ്‌സികൾ, ജൈനർ, ക്രിസ്ത്യാനികൾ എന്നിവർക്കാണ് പൗരത്വം നൽകുക എന്നാണ് നിയമം പറയുന്നത്. എന്നാൽ മുസ്ലിംകളെ പരിഗണിക്കില്ല. 1955 മുതലുള്ള പൗരത്വചട്ടത്തിന്റെ 2(1) (ബി) വകുപ്പിൽ പുതിയ വ്യവസ്ഥകൾ എഴുതിച്ചേർത്താണ് ഇവർക്ക് പൗരത്വം നൽകാൻ നിയമം കൊണ്ടു വന്നത്.

പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ ഔദ്യോഗിക മതമുണ്ടെന്നും അതിനാൽ ആറ് മതന്യൂനപക്ഷങ്ങൾക്ക് കടുത്ത വിവേചനം നേരിടേണ്ടിവരുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു. സ്ഥിരംപീഡനംമൂലം മതപരമായ ചടങ്ങുകൾ നിർവഹിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇന്ത്യയിലെത്തിയാൽ യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞിട്ടുപോലും ഇവിടെ തുടരുന്നത് അതുകൊണ്ടാണെന്നും സർക്കാർ വിലയിരുത്തുന്നു.

മതിയായ രേഖകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും, ഇന്ത്യയിൽ ആറു വർഷമായി താമസിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ ഹിന്ദു, ബുദ്ധ, പാർസി, ജൈൻ, സിഖ്, ക്രിസ്ത്യൻ മതവിശ്വാസികൾക്കു പൗരത്വം ഉറപ്പു നൽകുന്നതാണ് നിയമം. മതിയായ രേഖകളോടെ ഇന്ത്യയിൽ 12 വർഷം താമസിക്കുന്ന വിദേശികൾക്കു മാത്രം പൗരത്വം നൽകുന്ന 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് ഇന്ന് അവതരിപ്പിക്കുന്ന ബിൽ. ശ്രീലങ്ക, മ്യാന്മർ തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭേദഗതിയുടെ ഇളവ് ലഭിക്കില്ല.

അസമിൽ പൗരത്വ രജിസ്റ്റർ പുതുക്കിയപ്പോൾ പട്ടികയിൽ ഇടംനേടാനാകാതെ വിദേശികളാക്കപ്പെട്ടത് 19 ലക്ഷം മനുഷ്യരാണ്. മതിയായ രേഖകൾ സമർപ്പിക്കാൻ കഴിയാതിരുന്നതിനാൽ പൗരത്വം നിഷേധിക്കപ്പെട്ട, തലമുറകളായി ഇന്ത്യയിൽ താമസിക്കുന്ന 19 ലക്ഷം മനുഷ്യരിൽ ഭൂരിപക്ഷവും മുസ്ലിംകളാകുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ പട്ടിക പുറത്തുവന്നപ്പോൾ ഈ ധാരണകൾ കടപുഴകി. ലക്ഷക്കണക്കിന് ഹിന്ദുക്കൾ പട്ടികയിൽ ഇടംപിടിക്കാതെ വിദേശികളായി. പൗരത്വ ഭേദഗതി ബിൽ നിയമമായാൽ അസമിൽ പട്ടികക്ക് പുറത്തായ യഹൂദരും മുസ്ലിംകളും ഒഴികെയുള്ളവർക്ക് പൗരത്വം ഉറപ്പാകും.