- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചത്ത ഗർഭിണിപ്പശുവിനെ മറവു ചെയ്യാനെത്തിയ സിഐടിയു പവർത്തകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും മർദിച്ച് അവശനാക്കി; ഗുരുതരമായി പരുക്കേറ്റ സിഐടിയു പ്രവർത്തകൻ ബിനു മെഡിക്കൽ കോളജിൽ; കുടുംബ വഴക്കാണെന്നും സിപിഎമ്മിന് പങ്കില്ലെന്നും ഏരിയാ സെക്രട്ടറി
-പത്തനംതിട്ട: ചത്ത ഗർഭിണിപ്പശുവിനെ മറവു ചെയ്യാനെത്തിയ സിഐടിയു പ്രവർത്തകനെ സിപിഎം. ബ്രാഞ്ച് സെക്രട്ടറിയും സംഘവും ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ സിഐടിയു പ്രവർത്തകൻ പുതുശേരിമല ബിനുഭവനത്തിൽ ബിനു വി.നായരെ (31) തിരുവല്ലയിലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന പാറയ്ക്കൽ രാജീവിനും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ, സിപിഎം. പുതുശേരിമല കിഴക്കേവിള ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെ റാന്നി ഇടക്കുളത്താണ് സംഭവം. ഇടക്കുളം കുളികടവുങ്കൽ വിശ്വംഭരന്റെ പശുവാണ് ചത്തത്. രാത്രി എട്ടുമണിയോടെ ആൾക്കാരെ സംഘടിപ്പിച്ച് മറവുചെയ്യാൻ കുഴിയെടുക്കുന്നതിനിടയിൽ ഇതുവഴിയെത്തിയ ബന്ധുവും അയൽവാസിയുമായ ദീപുവുമായി തർക്കമുണ്ടായി. ഇയാൾ വിശ്വംഭരന്റെ മകളെ തള്ളിവീഴ്‌ത്താൻ ശ്രമിച്ചതായി വീട്ടുകാർ കൊടുത്ത പരാതിയിൽ പറയുന്നു.
രാത്രി 10 മണിയോടെ ഏതാനും പേരെത്തി കുഴിയെടുക്കാൻ വന്നവരുടെ രണ്ട് ബൈക്കുകളുടെ കാറ്റഴിച്ചുവിടുകയും ഗ്ലാസുകൾ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ബിനുവിനെ അക്രമിസംഘം കമ്പിവടികൊണ്ട് അടിച്ചു. ഇടയ്ക്ക് കയറിയ രാജീവിനും അടികിട്ടി. ബിനു തലപൊട്ടി വീണതോടെയാണ് അക്രമികൾ സ്ഥലം വിട്ടത്.
റാന്നി ഡിവൈ.എസ്‌പി. ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തിയതിനെത്തുടർന്ന് ശനിയാഴ്ചയാണ് പശുവിനെ മറവുചെയ്തത്. അതേസമയം, തങ്ങളെ ചിലർ സംഘംചേർന്ന് മർദ്ദിക്കുകയായിരുന്നെന്നാണ് ബ്രാഞ്ച് സെക്രട്ടറി പറയുന്നത്.
ക്ഷീരകർഷകനായ വിശ്വംഭരന്റെ പൂർണ ഗർഭിണിയായ പശുവാണ് ചത്തത്. ഒരു മാസത്തിനിടയിൽ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പശുവാണ് ചാകുന്നത്. ഇതിന് പിന്നിലും ബന്ധുവാണെന്ന് സംശയിക്കുന്നതായി വിശ്വംഭരൻ പൊലീസിന് കൊടുത്ത പരാതിയിൽ ആരോപിക്കുന്നു. ഇവർ തമ്മിൽ വഴിത്തർക്കമുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. തുടർ സംഭവങ്ങൾ വഴിയെച്ചൊല്ലിയുള്ള കുടുംബവഴക്കിന്റെ ഭാഗമാണെന്നും സിപിഎമ്മിന് ബന്ധമില്ലെന്നും ഏരിയാസെക്രട്ടറി ടി.എൻ. ശിവൻകുട്ടി പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്