തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ സിഐ.ടി.യു പ്രവർത്തകരുടെ പകൽ കൊള്ള. തിരുവനന്തപൂരം കുര്യാത്തി സ്വദേശി രാജൻ പുതിയ കട തുടങ്ങാൻ വീട്ടിൽ സുക്ഷിച്ചിരുന്ന പലചരക്ക് സാധനങ്ങളാണ് പ്രവർത്തകർ പട്ടാപകൽ തട്ടിയെടുത്തത്. ഇത് സംബന്ധിച്ച് പൊലീസിലും മുഖ്യമന്ത്രിക്കും പാർട്ടീ നേതാക്കൾക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ഓഗസ്റ്റ് 23 ന് വൈകിട്ട് ആറുമണിക്കാണ് സംഭവം. ശ്രീകണ്ഠൻ ചാല എന്ന വ്യക്തിയുടെ നേതൃത്വത്തിലെത്തിയ സിഐടിയു പ്രവർത്തകർ രാജന്റെ വീട്ടിലെത്തുകയും അതിക്രമിച്ച് അകത്തു കടന്ന് സാധനങ്ങൾ ബലമായി കടത്തുകയുമായിരുന്നു. എതിർക്കാനെത്തിയവരെ ഉപദ്രവിക്കുകയും ചെയ്തു. കെ.എൽ 01 ബി 5317 എന്ന നമ്പരിലുള്ള ടെമ്പോ വാനിലാണ് സംഘം എത്തിയത്. ഇതിൽ സിഐടിയുവിന്റെ കൊടിയും കെട്ടിയിരുന്നു.

വീട്ടിൽ അതിക്രമിച്ചു കടന്ന് സാധനങ്ങൾ കൊണ്ടു പോയി എന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് രാജൻ പറയുന്നു. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്നും അവർ പാർട്ടി ക്കാരല്ലേ ഞങ്ങൾ എന്ത് ചെയ്യാനാണ് എന്ന മറുപടിയാണ് കിട്ടിയതെന്നും പറഞ്ഞു. പാർട്ടീ പ്രവർത്തകർ നടത്തിയ കൊള്ളയെപറ്റി കോടിയേരി ബാലകൃഷ്ണനും പരാതി നൽകിയിട്ടും ഒന്നും ഫലം കണ്ടില്ല.

ആര്യശാലയിൽ രാജാ സൂപ്പർമാർക്കറ്റ് നടത്തി വന്ന രാജൻ തൊഴിലാളി തർക്കം മൂലം പൂട്ടേണ്ടി വന്നു. അന്ന് സിഐടിയു പ്രവർത്തകരുമായി വലിയ തർക്കമുണ്ടായിരുന്നു. തുടർന്ന് വീണ്ടും ചെറിയ രീതിയിൽ തുടങ്ങാനായി വാങ്ങി വച്ച സാധനങ്ങളായിരുന്നു ഇത്. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ പലവ്യഞ്ജനങ്ങളും ബക്കറ്റുകളും മറ്റുമാണ് എടുത്തു കൊണ്ട് പോയത്. യൂണിയൻ കാരുമായുണ്ടായിരുന്ന പ്രശ്നങ്ങളുടെ പകയാകാം ഇത്തരത്തിൽ ഒരു അതിക്രമത്തിന്റെ പിന്നിലെന്നാണ് രാജൻ പറയുന്നത്.