- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിറ്റ് കമ്മറ്റി രൂപീകരണത്തിനിടെ സംഘർഷം; പത്തനംതിട്ട ഡിസിസി ഓഫീസിൽ നേതാക്കൾ തമ്മിലടിച്ചു; വസ്ത്രം വലിച്ചു കീറി; അസഭ്യ വർഷവും: ജില്ലാ കോ-ഓർഡിനേറ്റർ സലിം പി. ചാക്കോയെ സസ്പെൻഡ് ചെയ്തു
പത്തനംതിട്ട: ഡിസിസി ഓഫീസിൽ നേതാക്കൾ തമ്മിലടിച്ചു. ഒരാളെ സസ്പെൻഡ് ചെയ്തു. വിശദീകരണത്തിന് തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കാനും നിർദ്ദേശം. തിങ്കളാഴ്ച നടന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗത്തിലാണ് ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസും യൂണിറ്റ് കമ്മിറ്റി ജില്ലാ കോ ഓർഡിനേറ്റർ സലിം പി ചാക്കോയും ഏറ്റു മുട്ടിയത്. വസ്ത്രം വലിച്ചു കീറുകയും പരസ്പരം അസഭ്യം വിളിക്കുകയും ചെയ്തു. സലിം പി. ചാക്കോയെ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ സസ്പെൻഡ് ചെയ്തു.
അനിൽ തോമസും സലിം പി ചാക്കോയും തമ്മിൽ ആദ്യം ഉന്തും തള്ളുമുണ്ടായി. പിന്നാലെ അടിയും നടന്നു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സാന്നിധ്യത്തിലായിരുന്നു കൈയാങ്കളിയുൾപ്പെടെ നടന്നത്. കൂടലിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ ശില്പശാലയ്ക്ക് തീയതി നിശ്ചയിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മണ്ഡലം പ്രസിഡന്റ് എസ്പി സജൻ തീയതി തീരുമാനിച്ചെങ്കിലും മണ്ഡലത്തിന്റെ ചുമതലയുള്ള അനിൽ തോമസ് സമ്മതിച്ചില്ല. തുടർന്ന് സജനും അനിലും തമ്മിൽ വാക്കേറ്റമായി. പിന്നാലെ ജില്ലാ കോ-ഓർഡിനേറ്ററായ സലിം പി ചാക്കോയും ഇടപെട്ടു. പിന്നെ വാക്കേറ്റം സലിമും അനിലും തമ്മിലായി.
പാർട്ടികൾ പലതും മാറി വന്ന സലീം കുറെ കാലങ്ങളായി കോൺഗ്രസ് നേതാക്കന്മാരെ ഭരിക്കാൻ വരികയാണെന്നും ഇത് സമ്മതിച്ചു കൊടുക്കില്ലെന്നും അനിൽ പറഞ്ഞു. തുടർന്നാണ് ഷർട്ട് വലിച്ചുകീറിയത്. ഡിസിസി ഭാരവാഹിയെ അസഭ്യം വിളിച്ചത് അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പിന്നാലെ സലീമിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ പുറത്താക്കാനാണ് തീരുമാനം. ഇതിനിടെ സ്ഥാനം രാജിവച്ചതായി സലിം പി ചാക്കോ പറഞ്ഞു. എസ്എഫ്ഐയിലൂടെ പ്രവർത്തനം തുടങ്ങിയ സലിം ആർഎസ്പി വഴിയാണ് കോൺഗ്രസിലെത്തിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്