- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ഫോട്ടോവെച്ചു പരിഷത്തിന്റെ പേരിൽ വ്യാജപ്രചാരണമെന്ന് പരാതി; യൂത്ത് ലീഗ് കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് പൊലിസിനോട് ആവശ്യപ്പെട്ട് പരിഷത്ത് ഭാരവാഹികൾ
കണ്ണൂർ: കെ.റെയിൽ പദ്ധതിയുമായി സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ശാസ്ത്രസാഹിത്യപരിഷത്തിന്റെ പേരിൽ സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം നടത്തുന്നുവെന്ന പരാതിയൽ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി.പി. സദാനന്ദൻ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയും പരിഷത്തിന്റെ എംബ്ളവുംവച്ചാണ് സോഷ്യൽമീഡിയയിൽ പ്രചാരണം നടക്കുന്നതെന്നാണ് ആരോപണം.
ഇതു സംബന്ധിച്ചു പരിഷത്ത് സംസ്ഥാന സെക്രട്ടറി ഒ. എം ശങ്കരനാണ് കണ്ണൂർ ഡി.വൈ. എസ്. പി പി.പി സദാനന്ദന് പരാതി നൽകിയത്. സംഘടന അറിയാത്തതും പറയാത്തതുമായ കാര്യങ്ങളാണ് പോസ്റ്ററിന്റെ രൂപത്തിൽ പ്രചരിക്കുന്നതെന്നും യൂത്ത് ലീഗിന്റെ പേരിലുള്ള ഫെയ്സ് ബുക്ക് ഐഡിയിൽ നിന്നാണ് ഈ രീതിയിൽ വ്യാജപ്രചാരണം നടക്കുന്നതെന്നുമാണ് പരാതി. ഇതു ഷെയർ ചെയ്തവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ പോസ്റ്റിൽ പറഞ്ഞിട്ടുള്ള നിലപാടുകൾ പരിഷത്തിന്റെതാണെന്നും മുഖ്യമന്ത്രിയുടെ ഫോട്ടോയുപയോഗിച്ചു നടത്തുന്നത് വ്യാജപ്രചാരണമാണെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ആറു ദശകങ്ങളായി പരിഷത്ത് കേരളീയ സമൂഹത്തിൽ വിവിധ പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടുകയും സർവേകൾ നടത്തുകയും അതു പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവയിൽ മുഴുവനും പൊതുസമൂഹത്തിന്റെ ശ്രദ്ധക്ഷണിക്കുന്നതിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവയിലൊന്നുമാത്രമാണ് കെ.റെയിൽ പദ്ധതിയെ കുറിച്ചുള്ള പഠനറിപ്പോർട്ട്. എന്നാൽ പരിഷത്തിന്റെ ഇത്തരം അഭിപ്രായങ്ങൾക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ ലഭിക്കുന്ന സ്വീകാര്യത മുതലെടുത്തുകൊണ്ടു പരിഷത്തും സർക്കാരും തമ്മിൽ പോരിലാണെന്ന മട്ടിൽ ചിത്രീകരിക്കാനാണ് വ്യാജപ്രചാരണത്തിലൂടെ ശ്രമിക്കുന്നതെന്നും പരിഷത്ത് ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു. ഈ വിഷയത്തിൽ സൈബർ പൊലിസിന്റെ സഹായത്തോടെ അന്വേഷണം നടത്താൻ പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പരിഷത്തിന് പോലും ബോധ്യമല്ലാത്ത പദ്ധതിയാണ് കെ.റെയിലെന്നു വിമർശിച്ചിരുന്നു. ഇടതു അനുകൂലികളായ പരിഷത്ത് പോലും എതിർക്കുന്ന പദ്ധതി നടപ്പിലാക്കാൻ പിണറായി സർക്കാർ വ്യഗ്രത കാണിക്കുന്നുവെന്നായിരുന്നു സുധാകരന്റെ ആരോപണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്