തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുമ്പോൾ തിരുവനന്തപുരത്ത് അതിഗുരുതരമായ സാഹചര്യം. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം പോലൂം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ലൈബ്രറിയും അടച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറു പേർക്ക് കോവിഡ് ബാധിച്ചു. ഇവരിൽ പലരും സിപിഎം സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

വിവിധയിടങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ ഓരോ ദിവസവും കൂടി വരികയാണ്. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലും ക്ലസ്റ്ററുകൾ രൂപപ്പെട്ട അവസ്ഥയാണുള്ളത്. വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധിപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പലർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം ഭാഗികമായി നിലച്ചു.

വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വനംമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം മൂന്നുദിവസം മുൻപുതന്നെ താൽക്കാലികമായി നിർത്തിവെക്കുകയും അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സമാനമായി മറ്റ് പല മന്ത്രിമാരുടെയും ഓഫീസുകളിൽ നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. കേരളത്തിൽ കോവിഡ് കൂടുമ്പോഴും നിയന്ത്രണങ്ങൾ ഒന്നും ഇല്ല. തീരുമാനം എടുക്കാൻ മുഖ്യമന്ത്രി ഇല്ലാത്ത സാഹചര്യമാണ് ഇതിന് കാരണം.

സെക്രട്ടേറിയറ്റിലെ സെൻട്രൽ ലൈബ്രറിയിലും നിരവധി പേർ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഇതിനു പിന്നാലെ സെൻട്രൽ ലൈബ്രറി അടച്ചു. 23-ാം തീയതി വരെയാണ് സെൻട്രൽ ലൈബ്രറി അടച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം പുനഃരാരംഭിക്കണമെന്ന് സെക്രട്ടേറിയറ്റിലെ വിവിധ സംഘടനകളുടെ ഭാഗത്തുനിന്ന് ആവശ്യം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. അണ്ടർ സെക്രട്ടറി വരെയുള്ളവർക്കെങ്കിലും വർക്ക് ഫ്രം ഹോം നടപ്പാക്കണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്.

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ 22,000 കഴിഞ്ഞിരിക്കുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകൾ ഡിസംബർ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാൽ ക്രിസ്തുമസ്, ന്യൂ ഇയർ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകൾ വർധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകൾ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വർധിച്ചു.

അതീവ ജാഗ്രതയാണ് ആരോഗ്യമന്ത്രി ജനങ്ങൾക്ക് മുമ്പിൽ വയ്ക്കുന്നത്. നിരക്ക് ഇനിയും ഉയർന്നാൽ കേരളം ഒരു അടച്ചു പൂട്ടലിലേക്ക് പോകേണ്ടി വരും. കേരളത്തിൽ 33 ശതമാനത്തിന് മുകളിലാണ് ടിപിആർ. ഇന്ത്യയിൽ ഒരു സമയത്തും ഒരു സംസ്ഥാനത്തും ഇത്രയേറെ നിരക്കിൽ ടിപി ആർ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി മുന്നറിയിപ്പുമായി എത്തുന്നത്. സ്വയം നിയന്ത്രണത്തിലേക്ക് എല്ലാം പോയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും.

കേരളത്തിൽ ഇന്ന് 22,946 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂർ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂർ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസർഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധന വളരെ കുറവാണ്. പരിശോധന കൂട്ടിയാൽ ഇനിയും കേസുകൾ ഉയരുമെന്നാണ് വിലയിരുത്തൽ. നിലവിൽ 1,21,458 കോവിഡ് കേസുകളിൽ, 3.7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളതെന്നത് മാത്രമാണ് ആശ്വാസം.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 181 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ഇത് ഗുരുതര സാഹചര്യമാണുണ്ടാക്കുന്നത്. സമൂഹ വ്യാപനം അതിശക്തമാണ്. ഓമിക്രോണും വ്യാപകമാകുന്നു. തിരുവനന്തപുരത്ത് അതിരൂക്ഷ വ്യാപകമാണ്. എന്നിട്ടും സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നില്ല.

ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കേവിഡ് കേസുകൾ കുത്തനെ ഉയരാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരിൽ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ ശരിയായവിധം എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ധരിക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളിൽ ഏകദേശം 60,161 വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ 182 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ 160 ശതമാനവും, ആശുപത്രികളിലെ രോഗികൾ 41 ശതമാനവും, ഫീൽഡ് ആശുപത്രികളിലെ രോഗികൾ 90 ശതമാനവും, ഐസിയുവിലെ രോഗികൾ 21 ശതമാനവും, വെന്റിലേറ്ററിലെ രോഗികൾ 6 ശതമാനവും, ഓക്‌സിജൻ കിടക്കകളിലെ രോഗികൾ 30 ശതമാനവും വർധിച്ചിട്ടുണ്ട്.