- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുതന്നെന്ന് മുഖ്യമന്ത്രി; വികസനത്തിനായി കടമെടുക്കാത്ത ഒരു സർക്കാരും ലോകത്ത് ഇല്ല; ജനങ്ങളുടെ ആശങ്ക കേൾക്കാൻ പബ്ലിക് ഹിയറിങ് നടത്തുമെന്നും മുഖ്യമന്ത്രിയുടെ വാഗ്ദാനം
തിരുവനന്തപുരം: എതിർപ്പുകൾക്കിടയിലും സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുതന്നെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രിയുടെ ലേഖനം. സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് അനുമതി നൽകിയിട്ടുണ്ടെന്ന് ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ പിണറായി വിജയൻ പറഞ്ഞു. പദ്ധതിക്ക് റെയിൽവെ ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി അന്താരാഷ്ട്ര സാമ്പത്തികസ്ഥാപനങ്ങളായ ജൈക്ക ഉൾപ്പെടെ സാമ്പത്തികസഹായം നൽകാൻ മുന്നോട്ടു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാമ്പത്തിക സഹായവുമായി ധനകാര്യ ഏജൻസികൾ
പദ്ധതിയുമായി ബന്ധപ്പെട്ട് എഐഐബി, കെഎഫ്ഡബ്ല്യൂ, എഡിബി. എന്നീ ധനകാര്യസ്ഥാപനങ്ങളുമായി ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതിക്കായി ഇത്തരം സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുന്നതിന് നിതി ആയോഗും കേന്ദ്ര ധനമന്ത്രാലയവും റെയിൽവെ മന്ത്രാലയവും അംഗീകാരം നൽകിയിട്ടുണ്ട്. 63,941 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 6085 കോടി രൂപ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകേണ്ട നികുതി ഒഴിവാണ്. 975 കോടി രൂപ റെയിൽവെ ഭൂമിയുടെ വിലയാണ്. ഇതിന് പുറമെ 2150 കോടി രൂപയാണ് കേന്ദ്ര റെയിൽവെ വിഹിതം.
സംസ്ഥാന സർക്കാർ 3225 കോടി രൂപയാണ് വഹിക്കുക. 4,252 കോടി രൂപ പൊതുജന ഓഹരി പങ്കാളിത്തത്തിലൂടെ സമാഹരിക്കും. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 33,700 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 1,383 ഹെക്ടർ ഭൂമിയാണ് പുനരധിവാസത്തിനുൾപ്പെടെ ആവശ്യമായി വരിക. ഇതിൽ 1,198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്. കിഫ്ബി വഴി 2,100 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വകയിരുത്തുന്നുണ്ട്.
ജലാശയ സംരക്ഷണത്തിന് പാലങ്ങളും കൽവെർട്ടുകളും
സാമൂഹ്യപ്രശ്‌നങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പദ്ധതിക്കുള്ള അലൈന്മെന്റ് നിശ്ചയിച്ചിരിക്കുന്നത്. ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാതയുടെ ഭൂരിഭാഗവും കടന്നുപോകുന്നത്. 115 കി.മി. പാടശേഖരങ്ങളിൽ 88 കി.മി. ആകാശപാതയിലൂടെയാണ് കടന്നുപോകുന്നത്. ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ പാലങ്ങളും കൽവെർട്ടുകളും നിർമ്മിക്കുന്നതാണ്. ഒരു ഹെക്ടറിന് ഏകദേശം 9 കോടി രൂപ നഷ്ടപരിഹാരമായി കണക്കാക്കിയിരിക്കുന്നു.
വിപണി വിലയുടെ നാലിരട്ടി
പുനരധിവാസ നിയമപ്രകാരം ഗ്രാമപ്രദേശങ്ങളിൽ വിപണി വിലയുടെ പരമാവധി നാലിരട്ടിയും നഗരങ്ങളിൽ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. 13,265 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി കണക്കാക്കിയിരിക്കുന്നത്.ഇതിൽ 1,730 കോടി രൂപ പുനരധിവാസത്തിനും 4,460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനുമാണ് നീക്കിവെച്ചിരിക്കുന്നത്. ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ വീടുകൾ ഉൾപ്പെടെ 9,314 കെട്ടിടങ്ങളെ മാത്രമാണ് ബാധിക്കുന്നത്. നിർദ്ദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങളെയും പാടങ്ങളെയും കാവുകളെയും പരമാവധി ബാധിക്കാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
വികസനപദ്ധതികൾക്കായി കടമെടുപ്പ് സാധാരണം
പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ തകർക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. പശ്ചാത്തല സൗകര്യ വികസനപദ്ധതികൾക്കായി കടമെടുക്കാത്ത ഒരു സർക്കാരും ലോകത്ത് എവിടെയും ഇല്ല. പശ്ചാത്തലസൗകര്യ വികസനം സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതൊടൊപ്പം വരുമാനം വർദ്ധിപ്പിക്കുന്നതിനും ഉതകുമെന്ന കാര്യം ഏവരും അംഗീകരിക്കുന്നതാണ്. സംസ്ഥാനത്തിനുള്ളിലെ യാത്രാസമയം നാലിലൊന്നായി ചുരുങ്ങുന്നത്, ബിസിനസ്സ്, സാങ്കേതിക ടൂറിസം മേഖലകൾ എന്നിവ ഉൾപ്പെടെയുള്ള സമസ്ത മേഖലകളെയും പരിപോഷിപ്പിക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു.
പബ്ലിക് ഹിയറിങ്
പദ്ധതിക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോര്ട്ട് സിസ്ത്ര എന്ന ഏജൻസിയാണ് തയ്യാറാക്കിയിട്ടുള്ളത്. ലോകത്തിൽ ഏറ്റവും സുരക്ഷിതവും സുഖപ്രദവും അന്തരീക്ഷ മലിനീകരണം കുറഞ്ഞതുമായ ഗതാഗത സംവിധാനമാണ് റെയിൽവെ. അതുകൊണ്ടുതന്നെയാണ് റെയിൽവെ പദ്ധതിക്ക് എംഒ- ഇഎഫ്എഫ്ഇയുടെ ഗൈഡ്‌ലൈൻ പ്രകാരം പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലാത്തത്.എന്നിരുന്നാലും പരിസ്ഥിതി ആഘാത പഠനം സെന്റർ ഫോർ എൻവയോന്മെന്റ് ആൻഡ് ഡവലപ്പ്‌മെന്റ് മുഖേന നടത്തിക്കഴിഞ്ഞു. പദ്ധതി സംബന്ധിച്ച് ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകളും പ്രശ്‌നങ്ങളും കേൾക്കാനും പരിഹാരങ്ങൾ കണ്ടെത്താനും പബ്ലിക് ഹിയറിങ് നടത്തുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ