- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം കിടക്കകൾ മാറ്റിവയ്ക്കണം; പല ആശുപത്രികളും വൻകുക ഈടാക്കുന്നതായി പരാതി; അമിത നിരക്ക് ഈടാക്കരുത്; പരമാവധി ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാക്കണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് 25 ശതമാനം കിടക്കകൾ മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രി മാനേജുമെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്നും മാനേജ്മെന്റ് പ്രതിനിധികളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചത്. എല്ലാ ആശുപത്രികളും കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സാഹചര്യം അനുസരിച്ച് ഇത് വർധിപ്പിക്കണം. പരമാവധി ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാക്കണം. ഒഴിവുള്ള കിടക്കകളുടെ എണ്ണം ദൈനംദിനം സർക്കാരിനെ അറിയിക്കണം. പല ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് വൻതുക ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, അമിത നിരക്ക് ഈടാക്കരുതെന്ന് ആവശ്യപ്പെട്ടു. അമിത തുക ഈടാക്കുന്നില്ലെന്നും സൗകര്യങ്ങൾ കൂടുന്നതിന് അനുസരിച്ചാണ് നിരക്ക് കൂടുന്നതെന്നുമായിരുന്നു മാനേജ്മെന്റ് പ്രതിനിധികളുടെ വിശദീകരണം.
കാസ്പ് ഇൻഷുറൻസിനു കീഴിൽ ചികിത്സ നൽകാൻ കൂടുതൽ ആശുപത്രികൾ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാസ്പിലെ കുടിശ്ശിക ലഭിക്കാത്തത് മാനേജ്മെന്റുകൾ ചൂണ്ടിക്കാണിച്ചപ്പോൾ, 15 ദിവസത്തിനകം കുടിശ്ശിക തീർക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിർദ്ദേശിച്ചു.
പ്രാദേശികമായി കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ തുടങ്ങുമ്പോൾ സന്നദ്ധ പ്രവർത്തകർക്ക് സ്വകാര്യ ആശുപത്രികളുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകാനും യോഗത്തിൽ ധാരണയായി. 1200 ഓളം സ്വകാര്യ ആശുപത്രികളുള്ള സംസ്ഥാനത്ത് നിലവിൽ 250 ഓളം ആശുപത്രികളിലാണ് കോവിഡ് ചികിത്സയുള്ളത്. രോഗികളുടെ എണ്ണം രണ്ടരലക്ഷവും കടന്ന് വർധിച്ചാൽ കൂടുതൽ ആശുപത്രികളിൽ കോവിഡ് ചികിത്സ ആരംഭിക്കേണ്ടി വരും.
മറുനാടന് മലയാളി ബ്യൂറോ