- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ ശക്തമായാൽ കോവിഡ് രോഗവ്യാപനം കൂടാൻ സാധ്യത; സർക്കാർ സംവിധാനങ്ങൾക്ക് മേൽ സമ്മർദ്ദമേറുന്നു; മഴക്കാല പൂർവശുചീകരണം കൂടുതൽ വേഗത്തിലും മികവിലും പൂർത്തിയാക്കണം; ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന്റെ കൂടി ഭാഗമായി ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആയി ആചരിക്കും. ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം കൂടി മെയ് 16 ന് ഇതിന്റെ ഭാഗമായി നടക്കും. മഴ ശക്തമാവുകയാണെങ്കിൽ കോവിഡ് രോഗവ്യാപനം കൂടാനുള്ള സാധ്യത കൂടി കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഴ കൂടുന്ന ഘട്ടത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് മുകളിൽ ഇപ്പോൾ തന്നെയുള്ള സമ്മർദ്ദം കൂടുതൽ ശക്തമാകുന്നു എന്നതൊരു പ്രശ്നമാണ്. അതുപോലെത്തന്നെ മഴക്കാലരോഗങ്ങൾ കൂടെ ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ കാര്യങ്ങൾ പ്രയാസകരമാകും. അതുകൊണ്ട്, മഴക്കാല പൂർവ ശൂചീകരണം കൂടുതൽ വേഗത്തിലും മികവിലും പൂർത്തിയാക്കേണ്ടതുണ്ട്.
വീടുകൾക്ക് ചുറ്റുമുള്ള ഇടങ്ങളിൽ കൊതുകുകൾക്ക് മുട്ടയിട്ടു വളരാനുള്ള സാഹചര്യം പാടെ ഇല്ലാതാക്കണം. അതിനായി വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യം ഓരോ വീട്ടുകാരും പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കണം. ഈ വരുന്ന ഞായറാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഡ്രൈ ഡേ ആയി ആചരിക്കും. ജനങ്ങളുടെ പൂർണ സഹകരണം ആ ദിവസം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകൾ
ആഗോളതലത്തിൽ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. വർഷം തോറും ഏതാണ്ട് അഞ്ചു കോടിയോളം ആളുകൾക്ക് ഡെങ്കിപ്പനി പിടിപെടുന്നതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. കേരളത്തിലും രോഗവ്യാപനം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൂടി വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് ഇത്തവണത്തെ ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം കടന്നു വരുന്നത്. സംസ്ഥാനത്ത് ഇപ്പോഴുള്ള മഴ ഡെങ്കിപ്പനി പടർത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലും ഇനി വരുന്ന കാലവർഷവും കൂടി കണക്കിലെടുത്ത് വിടും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങേണ്ടതാണ്. ഇതിനായി സംസ്ഥാനത്ത് ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.
ഡെങ്കിപ്പനി വ്യാപിച്ച മുൻ വർഷങ്ങളിൽ കണ്ടെത്തിയ പഠനത്തിൽ വീടുകൾക്കുള്ളിലും ചുറ്റുവട്ടത്തുമാണ് ഏറ്റവും കൂടുതൽ കൊതുവിന്റെ ഉറവിടങ്ങൾ കണ്ടെത്തിയത്. അതിനാൽ ഈ വർഷം വീട്ടിനുള്ളിലും വീടിന്റെ പരിസരത്തും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.
'ഡെങ്കിപ്പനി പ്രതിരോധം വീട്ടിൽ നിന്നാരംഭം' എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. പൊതുജനങ്ങളിൽ രോഗത്തെ കുറിച്ചും രോഗ നിയന്ത്രണ മാർഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയും രോഗനിയന്ത്രണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക, അതുവഴി രോഗാതുരത പരമാവധി കുറച്ചു കൊണ്ടുവരുന്നതിനും മരണം പൂർണമായി ഇല്ലാതാകുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യമായ ലക്ഷ്യം.
എന്താണ് ഡെങ്കിപ്പനി?
ഈഡിസ് കൊതുകുകൾ വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന വരയൻ കൊതുകുകൾ അഥവാ പുലികൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്.
ഡെങ്കിപ്പനി പകരുന്നതെങ്ങനെ?
കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പകൽ നേരങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗമുണ്ടാക്കുന്നത്. രോഗവാഹകരായ കൊതുക് കടിച്ച ഏകദേശം 3 മുതൽ 5 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ
രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരിലും സാധാരണ വൈറൽ പനി പോലെയുള്ള ലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുക. ആകസ്മികമായി ഉണ്ടാവുന്ന കടുത്ത പനി, തലവേദന, കണ്ണിനുപുറകിൽ വേദന, പേശികളിലും, സന്ധികളിലും വേദന, അഞ്ചാംപനിപോലെ നെഞ്ചിലും മുഖത്തും തടിപ്പുകൾ, എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.
സാധാരണ ലക്ഷണങ്ങൾക്ക് പുറമെ കഠിനമായ തുടർച്ചയായ വയറുവേദന, മൂക്ക്, വായ, മോണ, എന്നിവയിൽ കൂടിയുള്ള രക്ത സ്രാവം, രക്തത്തോടുകൂടിയോ അല്ലാതെയോയുള്ള ഛർദി, അസ്വസ്ഥതയും ഉറക്കമില്ലായ്മയും, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ എന്നിവ ഗുരുതരമായ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.
ഡെങ്കിപ്പനിയുടെ ചികിത്സ
സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചതിനാൽ മിക്കവാറും പനികളെല്ലാം കോവിഡ് ആണെന്നാണ് പ്രാഥമികമായി സംശയിക്കേണ്ടത്. എന്നാൽ ഇപ്പോൾ പെയ്യുന്ന ശക്തമായ മഴയും ഇനി വരുന്ന കാലവർഷവും കണക്കിലെടുത്ത് ഡെങ്കിപ്പനി പ്രതിരോധത്തിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. പനിയും മുകളിൽ പറഞ്ഞ രോഗലക്ഷണങ്ങളും കണ്ടാൽ രോഗി സമ്പൂർണ വിശ്രമം എടുക്കേണ്ടതാണ്. വീടുകളിൽ ലഭ്യമായ പാനീയങ്ങൾ, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ ധാരാളമായി കുടിക്കണം. ഇതോടൊപ്പം ആരോഗ്യ പ്രവർത്തകരുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണ്.
കൊതുക് നശീകരണം ഏറെ പ്രധാനം
കൊതുകിൽ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാർഗം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ കെട്ടിനിൽക്കുന്ന തീരെ ചെറിയ അളവിലുള്ള വെള്ളത്തിൽപ്പോലും മുട്ടയിട്ട് വളരാനിടയുണ്ട്. അതിനാൽ വീട്, സ്ഥാപനങ്ങൾ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേൽകൂരകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ലോക്ക് ഡൗൺ കാലയളവിൽ ദീർഘനാൾ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിൽ കൊതുകുകൾ ധാരാളമായി മുട്ടയിട്ട് പെരുകാൻ സാധ്യതയുണ്ട്. അതിനാൽ കെട്ടിടത്തിനുള്ളിലും ടെറസ്, സൺഷേഡുകൾ, കെട്ടിടത്തിന്റെ പരിസരം എന്നിവയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കൾ സംസ്കരിക്കുകയും കൊതുക് നിർമ്മാർജ്ജനം ഉറപ്പുവരുത്തുകയും വേണം.
ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കൊതുക് വളരാൻ ഇടയുള്ള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്കരിച്ച് കുത്താടികളെ നശിപ്പിക്കേണ്ടതാണ്.
ബ്രേക്ക് ദ ചെയിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടേയും കടകളുടെയും മുന്നിൽ കൈകൾ കഴുകുന്നതിനായി സംഭരിച്ചിരിക്കുന്ന വെള്ളം ദിവസവും മാറ്റി ബക്കറ്റ്, സംഭരണി കഴുകി വൃത്തിയാക്കേണ്ടതാണ്.
മാർക്കറ്റുകളിൽ മത്സ്യം സൂക്ഷിക്കുന്ന പെട്ടികൾ, വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ, റബ്ബർ മരങ്ങളിൽ വച്ചിട്ടുള്ള ചിരട്ടകൾ തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനിൽക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക.
വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. ഫ്രിഡ്ജിനിടയിലെ ട്രേ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കുക. ജല ദൗർലഭ്യമുള്ള പ്രദേശങ്ങളിൽ ജലം സംഭരിച്ചു സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ചു സൂക്ഷിക്കുക.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തി പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാ തലങ്ങളിലും ആസൂത്രണം ചെയ്യേണ്ടതാണ്. വാർഡുതല ശുചിത്വ സമിതികൾക്ക് ഇതിൽ മുഖ്യമായ പങ്കു വഹിക്കാൻ കഴിയും.
കോവിഡ് മഹാമാരിയെ ചെറുത്തു നിൽക്കാനുള്ള വലിയ പ്രവർത്തനത്തിലാണ് സർക്കാരും മറ്റു സംവിധാനങ്ങളുമെല്ലാം. ഇതിനിടയിലും പകർച്ചവ്യാധികൾ മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധിക്കേണ്ടതുണ്ട്. രോഗ പ്രതിരോധം എന്നത് സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കടമയാണെന്ന് തിച്ചറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
മറുനാടന് മലയാളി ബ്യൂറോ