- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോഷ്യൽ മീഡിയയിൽ ഉയർന്ന അഭിപ്രായങ്ങളെ എല്ലാം മാനിക്കുന്നു; ഉദ്ദേശ ശുദ്ധിയെയും മാനിക്കുന്നു; പാർട്ടി തീരുമാനം പുതിയ ആളുകൾ വരുക എന്നതായിരുന്നു; ഇളവ് നൽകിയാൽ എല്ലാവർക്കും കൊടുക്കേണ്ടിവരും; ശൈലജ ടീച്ചറെ ഒഴിവാക്കിയതിൽ ദുരുദ്ദേശ്യമില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴിച്ചുള്ള സിപിഎം മന്ത്രിമാരെല്ലാം പുതുമുഖങ്ങളായപ്പോൾ മികച്ച പ്രകടനം കാഴ്ച വച്ച കെ.കെ.ശൈലജയെ ഒഴിവാക്കിയതിനെ ചൊല്ലിയുള്ള വിമർശനങ്ങൾ തുടരുകയാണ്. ശൈലജ ടീച്ചറെ ഒതുക്കിയതാണെന്നും ടീച്ചറെ മടക്കി കൊണ്ടുവരണമെന്നും ഉള്ള ഹാഷ്ടാഗ് കാമ്പെയിനും സോഷ്യൽ മീഡിയയിൽ ഉണ്ടായി. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ശൈലജയ്ക്കായി ശബ്ദമുയർത്തി. ഈ വിഷയത്തിൽ, മുഖ്യമന്ത്രിയുടെ പ്രതികരണവും ഇന്നെത്തി.
പുതിയ ആളുകൾ മന്ത്രിസഭയിലേക്ക് വരിക എന്നത് പാർട്ടി തീരുമാനമാണെന്ന് പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയിൽ പ്രവർത്തിച്ചവരെല്ലാം മികവ് കാണിച്ചവരാണെന്നും എന്നാൽ പ്രത്യേക ഇളവ് ആർക്കും വേണ്ടെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രി പറഞ്ഞത്: 'പാർട്ടി തീരുമാനം പുതിയ ആളുകൾ വരുക എന്നതായിരുന്നു. നേരത്തെ പ്രവർത്തിച്ചവർ അവരവരുടെ രംഗത്ത് മികവ് കാണിച്ചവരാണ്. ആ മികവ് കാണിച്ചവരിൽ പ്രത്യേക ഇളവ് വേണ്ടെന്ന പൊതുതീരുമാനമാണ് ഞങ്ങൾ സ്വീകരിച്ചത്. പാർട്ടി തീരുമാനം ഇളവ് വേണ്ടെന്നാണ്. ഇളവ് നൽകിയാൽ എല്ലാവർക്കും കൊടുക്കേണ്ടിവരും. ഇളവിന് പലരും അർഹരാണ്. മികച്ച പ്രവർത്തനം നടത്തിയ ഒരുപാട് പേരുണ്ട്.
സ്ഥാനാർത്ഥി പട്ടികയിൽ നിന്നും മികച്ച പലരെയുമാണ് ഒഴിവാക്കിയത്. പുതിയ ആളുകൾക്ക് അവസരം നൽകുക. അതിന് സിപിഐഎം കഴിയും. അതാണ് സ്വീകരിച്ച് നിലപാട്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വളരെ മികവോടെ തന്നെ നടക്കും. എല്ലാവരും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ശൈലജ ടീച്ചറെ ഒഴിവാക്കിയതിൽ ആർക്കും അതൃപ്തിയില്ല. സോഷ്യൽമീഡിയയിൽ ഉയർന്ന അഭിപ്രായങ്ങളെ എല്ലാം മാനിക്കുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അവരെല്ലാം ഭാഗമായിരുന്നു. അഭിപ്രായം പറഞ്ഞവരുടെ ഉദേശശുദ്ധിയെയും മാനിക്കുന്നു.''
ശൈലജയെ ഒഴിവാക്കിയതിൽ ദുരുദ്ദേശ്യമില്ല. സദുദ്ദേശ്യത്തോടെയാണു നിലപാടെടുത്തത്. വിമർശനങ്ങളും സദുദ്ദേശ്യത്തോടെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിൽനിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നതിനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. പ്രതിപക്ഷത്തിന് ഔചിത്യമില്ല. ഒന്നോ, രണ്ടോ പ്രതിനിധികളെയെങ്കിലും പ്രതിപക്ഷത്തിന് അയക്കാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ