- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വ്യവസായ സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം മുന്നിൽ; ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; നിക്ഷേപകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കും'; തെലങ്കാനയിലെ നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രി
ഹൈദരാബാദ്: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് തെലങ്കാനയിൽ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഐടി ഫാർമസി ബയോടെക്‌നോളജി മേഖലയിലെ മുൻനിര കമ്പനികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു.
പുതിയ നിക്ഷേപപദ്ധതികൾ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി സംസ്ഥാനത്തെ നിക്ഷേപസാധ്യതകൾ വിശദീകരിച്ചു. സദ്ഭരണത്തിലും വ്യവസായ സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നതിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Had a very fruitful interaction with industry leaders at Hyderabad. They have offered wholehearted support to Kerala's development and made constructive suggestions that can augment our efforts to become the top investment-friendly State. Thank you! pic.twitter.com/ftxm8Z8GIL
- Pinarayi Vijayan (@vijayanpinarayi) January 7, 2022
വ്യവസായ സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.'സാമ്പത്തിക വികസനത്തിൽ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോൾ കടന്നു പോകുന്നത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങൾക്കായി കൂടുതൾ നിക്ഷേപകരെ ആകർഷിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. നിശ്ചയദാർഢ്യത്തോടെയും കരുതലോടെയും സർക്കാർ ഈ ലക്ഷ്യം കൈവരിക്കും.
സംസ്ഥാനമിപ്പോൾ തേടുന്നത് മികച്ച പങ്കാളിത്തമാണ്. രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് നൽകാൻ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്. മറ്റെവിടെയും കാണാൻ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാർദ്ദ ഘടകങ്ങൾ കേരളത്തിനുണ്ട്.
സമൃദ്ധമായ ജലം, ശുദ്ധവും ശുചിത്വവുമുള്ള അന്തരീക്ഷം ഉൾപ്പെടെ അനുപമമായ പ്രകൃതിവിഭവങ്ങളാൽ അനുഗൃഹീതമാണ് ഇവിടം. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമുള്ള, രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ നൽകാൻ കേരളത്തിനു സാധിക്കും. കേരളത്തിന്റെ വികസന സ്വപ്നങ്ങളിൽ പങ്കുചേരാനും സമഗ്രവും സർവതല സ്പർശിയുമായ പുരോഗതി കൈവരിക്കാനുള്ള നിശ്ചയദാർഢ്യവും ലക്ഷ്യബോധവും ഉൾച്ചേർന്ന വികസന പ്രവർത്തനത്തിനു കരുത്തു പകരാനും വ്യവസായികളെ സ്വാഗതം ചെയ്യുന്നു,' മുഖ്യമന്ത്രി പറഞ്ഞു.
ഇരുപത് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും നിക്ഷേപകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈദരാബാദിലെ പാർക്ക് ഹയാത്ത് ഹോട്ടലിലായിരുന്നു നിക്ഷേപസംഗമം. രാജ്യസഭാ അംഗങ്ങളായ ജോൺ ബ്രിട്ടാസ്, അയോദ്ധ്യ രാമി റെഡ്ഢി, ചീഫ് സെക്രട്ടറി വി പി ജോയ് , നോർക്ക പ്രിൻസിപ്പൾ സെക്രട്ടറി കെ ഇളങ്കോവൻ തുടങ്ങിയവരും പങ്കെടുത്തു.
തെലങ്കാനയിലെ പ്രമുഖ വ്യവസായികളും, CII, CREDAI തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളും, ഐടി, ഫാർമസ്യൂട്ടിക്കൽ മേഖലകളിലെ പ്രമുഖരും പ്രസ്തുത പരിപാടിയുടെ ഭാഗമാവുകയും, കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുകയുമുണ്ടായി. സംസ്ഥാനത്തിന്റെ വ്യാവസായിക വികസനം മെച്ചപ്പെടുത്താനുള്ള മികച്ച പിന്തുണ വാഗ്ദാനം ചെയ്യുകയും ക്രിയാത്മക നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തുവെന്ന് ഹൈദരാബാദിൽ നടന്ന 'കേരള ഇൻവെസ്റ്റ്മെന്റ് റോഡ് ഷോ' എന്ന പരിപാടിക്ക് ശേഷം ഫേസ്‌ബുക്കിൽ മുഖ്യമന്ത്രി കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ