തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പുർണമായും ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിനംപ്രതി രോഗമുക്തി നേടുന്നവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തെക്കാൾ കൂടുതലായത് ആശ്വാസകരമാണ്.

നിയന്ത്രണങ്ങളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമാണ് രോഗവ്യാപനത്തിൽ കാണുന്ന കുറവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയിൽ വീഴ്ച വരുത്താൻ പറ്റാത്ത സാഹചര്യം തുടരുകയാണ്. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല.

ആശുപത്രികളിലെ ഐസിയു, വെന്റിലേറ്ററുകളിൽ അനുഭവപ്പെടുന്ന തിരക്ക് കുറച്ചുനാളുകൾ കൂടി നീണ്ടുനിൽക്കും. അതിനാൽ ആശുപത്രികളിൽ കൂടുതൽ തിരക്കുണ്ടാകാതിരിക്കണം. മനുഷ്യ ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ട പ്രധാന മുൻകരുതലാണിതെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിൻ സ്വീകരിച്ചു എന്നുകരുതി അശ്രദ്ധമായി ആരും പെരുമാറരുത്. നിലവാരമില്ലാത്ത പൾസ് ഓക്‌സിമീറ്ററുകൾ വാങ്ങരുത്. ഇത് സംബന്ധിച്ച് മികച്ച കമ്പനികളുടെ പട്ടിക പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാക്‌സിൻ മുൻഗണനാ പട്ടികയിൽ ഫീൽഡിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ്, സപ്ലൈക്കോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെസ്റ്റ് ബുക്ക് അച്ചടി, പാസ്‌പോർട്ട് ഓഫീസ് ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സെക്രട്ടറിയേറ്റിൽ ഈ മാസം 30 മുതൽ പകുതി ജീവനക്കാർ എത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിമാരുടെ ശമ്പളത്തിൽ നിന്ന് ഓരോ മാസവും 10,000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു വർഷത്തേക്കാണ് ശമ്പളത്തിന്റെ വിഹിതം നൽകുക.

വളം,കീടനാശിനി എന്നിവ വിൽക്കുന്ന കടകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാം. ടെക്നിക്കൽ സർവകലാശാല അവസാന സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്തും. ജൂൺ 15 മുതൽ സർവകലാശാല പരീക്ഷ നടത്താനായേക്കും.

ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നും വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരാളുടെ കൈയിൽ എത്രസമയം വെക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയൽ വളരെയധികം പേർ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണം. ഫയൽ നീക്കം, ഫയൽ തീരുമാനം എന്നീ കാര്യങ്ങളിൽ പുതിയ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുകയും പുരോഗതി എല്ലാ വർഷവും ജനങ്ങൾക്കു മുന്നിൽ വയ്ക്കുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ സർക്കാർ അവലംബിച്ചത്. ഈ സർക്കാരും ഇതേ രീതി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതീവ ദാരിദ്ര്യനിർമ്മാർജനം, സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് സർക്കാർ ഓഫീസിൽ വരാതെ തന്നെ ലഭ്യമാക്കൽ, ഗാർഹിക ജോലിയിൽ ഏർപ്പെടുന്ന സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കൽ, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സേവനങ്ങളും മറ്റാവശ്യങ്ങളും അവരുടെ വീട്ടുപടിക്കൽ എത്തിക്കുന്നത് എന്നിവയടക്കം സർക്കാർ തയ്യാറാക്കിയിട്ടുള്ള കർമ്മപരിപാടികൾ എല്ലാം തന്നെ സമയബന്ധിതമായും ഫലപ്രദമായും നടപ്പാക്കാൻ സെക്രട്ടറിമാർ മുൻകൈയെടുക്കണമെന്നും വകുപ്പു സെക്രട്ടറിമാരോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

'വകുപ്പു സെക്രട്ടറിമാരുടെ യോഗം ഓൺലൈനായി ചേർന്നു. സർക്കാർ നയങ്ങൾ നടപ്പാക്കുന്ന ഏറ്റവും സീനിയർ ഉദ്യോഗസ്ഥരാണ് സെക്രട്ടറിമാർ. ഫയലുകളുടെ കാര്യത്തിൽ കൃത്യമായ നിയന്ത്രണചുമതല അവർക്കാണ്. ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് ഒഴിവാക്കണം. ഒരാളുടെ കൈയിൽ എത്രസമയം വെക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയൽ വളരെയധികം പേർ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണം. ഫയൽ നീക്കം, ഫയൽ തീരുമാനം എന്നീ കാര്യങ്ങളിൽ പുതിയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം ഉണ്ടാക്കി ഇക്കാര്യത്തിൽ ആലോചന നടത്തണമെന്ന് നിർദ്ദേശം നൽകി. തീരുമാനങ്ങൾ സത്യസന്ധമായി കൈക്കൊള്ളുമ്പോൾ അനാവശ്യമായ ഭയപ്പാടും ആശങ്കയും ആർക്കും ഉണ്ടാകേണ്ടതില്ലെന്ന് യോഗത്തിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ്ണ സംരക്ഷണം നൽകും. എന്നാൽ അഴിമതി കാണിച്ചാൽ ഒരുതരത്തിലും സംരക്ഷിക്കില്ല. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ഫയൽ തീർപ്പാക്കൽ പരിപാടി കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ രണ്ടുതവണ നടപ്പാക്കിയതാണ്. ഇത് സാധാരണ ഭരണക്രമത്തിന്റെ ഭാഗമായിത്തന്നെ നടപ്പാക്കണം. സങ്കടഹർജികൾ, പരാതികൾ എന്നിവ വ്യക്തിഗത പ്രശ്നങ്ങൾ ആണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകൾ എന്തൊക്കെ എന്നുകൂടി സെക്രട്ടറിമാർ വിശകലനം ചെയ്യാൻ മുൻകൈയെടുക്കേണ്ടതാണെന്ന് നിർദേശിച്ചിട്ടുണ്ട്.'

'ഭരണപരിഷ്‌കരണവും നവീകരണവും തുടർപ്രക്രിയയായി നടക്കേണ്ടതാണ്. ഭരണപരിഷ്‌കാര കമ്മീഷൻ റിപ്പോർട്ടുകളിലെ ശുപാർശകൾ ഗൗരവമായി കണ്ട് നടപടികൾ വകുപ്പ് തലത്തിൽ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഓരോ സെക്രട്ടറിയും പരിശോധിക്കും. ഇത് ചീഫ് സെക്രട്ടറിതലത്തിൽ അവലോകനം ചെയ്യും. ഫയലുകളിലെ വിവരങ്ങൾ തൽപരകക്ഷികൾക്ക് ചോർത്തിക്കൊടുക്കുന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഫയലിന് രഹസ്യ സ്വഭാവം വേണ്ടതുണ്ടെങ്കിൽ അത് സൂക്ഷിക്കണം. വിവരാവകാശ നിയമത്തിന്റെ നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ ഫയലിലെ വിവരങ്ങൾ ലഭ്യമാക്കാവൂ. പിഎസ്‌സി റാങ്ക്ലിസ്റ്റുകളിൽ നിന്നും പരമാവധി നിയമനങ്ങൾ നടത്താൻ കഴിയുന്ന രീതിയിൽ സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥർ അർഹത നേടാത്ത സാഹചര്യത്തിൽ ഹയർ കേഡർ ഒഴിവുകൾ ഡികേഡർ ചെയ്ത് റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന കേഡറിലെ ഒഴിവുകളായി കണക്കാക്കി റിപ്പോർട്ട് ചെയ്യാൻ ഫെബ്രുവരി 10ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഈ കാര്യത്തിലെ പുരോഗതി പരിശോധിക്കും. റിട്ടയർമെന്റ് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു. ഇവ കൃതമായി നടന്നിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. ഇനിയും പിഎസ്‌സിക്ക് വിടാത്ത നിയമനങ്ങൾ പിഎസ്‌സിക്ക് വിടാൻ സ്പെഷ്യൽ റൂളുകൾ തയ്യാറാക്കേണ്ടതുണ്ട്. ഇതിലുള്ള പുരോഗതി സെക്രട്ടറിമാർ ചീഫ് സെക്രട്ടറിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തിൽ കാലതാമസം ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടാകരുത് എന്ന് നിർദ്ദേശം നൽകി.'

'പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുകയും പുരോഗതി എല്ലാ വർഷവും ജനങ്ങൾക്കു മുന്നിൽ വയ്ക്കുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ സർക്കാർ അവലംബിച്ചത്. ഈ സർക്കാരും ഇതേ രീതി തുടരും. പ്രധാന പ്രഖ്യാപനങ്ങളായ അതീവ ദാരിദ്ര്യനിർമ്മാർജനം, സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് സർക്കാർ ഓഫീസിൽ വരാതെ തന്നെ ലഭ്യമാക്കൽ, ഗാർഹിക ജോലിയിൽ ഏർപ്പെടുന്ന സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കൽ, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സേവനങ്ങളും മറ്റാവശ്യങ്ങളും അവരുടെ വീട്ടുപടിക്കൽ എത്തിക്കുന്നത് എന്നിവയടക്കം സർക്കാർ തയ്യാറാക്കിയിട്ടുള്ള കർമ്മപരിപാടികൾ എല്ലാം തന്നെ സമയബന്ധിതമായും ഫലപ്രദമായും നടപ്പാക്കാൻ സെക്രട്ടറിമാർ മുൻകൈയെടുക്കണം എന്ന് യോഗത്തിൽ വ്യക്തമാക്കി. സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കാനുള്ള സമഗ്ര നടപടിക്ക് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അതിനായി സേവന അവകാശ നിയമം കൂടി പരിഗണിക്കേണ്ടതുണ്ട്. ഭരണ നിർവ്വഹണത്തിൽ സുതാര്യത ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. കേരളത്തിന്റെ മുഖഛായ മാറ്റാൻ പറ്റുന്ന പ്രധാന പദ്ധതികൾ പൂർത്തിയാക്കാനുള്ള ഇടപെടലുകളുണ്ടാവണം. കൊച്ചിബാംഗളൂരു വ്യവസായ ഇടനാഴി, എറണാകുളംമംഗളൂരു വ്യവസായ ഇടനാഴി എന്നിവയുടെ കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കണം. സെമി ഹൈസ്പീഡ് റെയിൽവേ വലിയ സ്വീകാര്യതയുണ്ടാക്കിയ പദ്ധതിയാണ്. തീരദേശ, മലയോര ഹൈവേകളും വലിയ മാറ്റമാണ് കേരളത്തിലുണ്ടാക്കുക. പുതിയ പദ്ധതികൾ പൂർത്തിയാക്കാനുമുണ്ട്. നല്ല പ്രാധാന്യത്തോടെ അതത് വകുപ്പുകൾ ഏറ്റെടുത്ത് വേഗതയോടെ ഇത് നടപ്പാക്കണമെന്നാണ് യോഗത്തിൽ പറഞ്ഞ ഒരു പ്രധാന കാര്യം.'

'എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞവ മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പാക്കാനും നിർദ്ദേശം നൽകി. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പദ്ധതികളിൽ നടപ്പാക്കാൻ ബാക്കിയുള്ളവയ്ക്കും മുൻഗണന നൽകണം. കടലാക്രമണം തടയാൻ ലോകത്ത് ഏതെല്ലാം അറിവുകൾ ശേഖരിച്ച് പ്രാവർത്തികമാക്കാൻ പറ്റും എന്ന സാധ്യതകൾ ആരായണം. കേന്ദ്ര സർക്കാരിൽ നിന്ന് ലഭ്യമാകേണ്ട സാമ്പത്തിക സഹായം കൃത്യമായി നേടിയെടുക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. അതിന് പ്രത്യേക സംവിധാനം വേണമെങ്കിൽ ആലോചിക്കാനും തീരുമാനിച്ചു.'