- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ ക്രിസ്ത്യൻ പള്ളി തകർത്ത സംഭവം ഞെട്ടിക്കുന്നത്; സംസ്ഥാന സർക്കാരിന് എന്താണ് ചെയ്യാൻ കഴിയുകയെന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി: ഡൽഹിയിൽ ക്രൈസ്തവ ദേവാലയം പൊളിച്ചത് ഞെട്ടിക്കുന്ന സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയത്തെ പ്രാർത്ഥനയ്ക്കുള്ള വേദിയായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ, പള്ളി പൂർണമായും ഇടിച്ചുനിരത്തിയെന്ന തരത്തിലുള്ള വാർത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിന് എന്താണ് ചെയ്യാൻ കഴിയുകയെന്നത് പരിശോധിക്കും. പള്ളിയുമായി ബന്ധപ്പെട്ടവർക്ക് ആ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹി അന്ദേരിയ മോദിലുള്ള ലിറ്റിൽ ഫ്ളവർ കാത്തോലിക്ക ദേവാലയമാണ് അധികൃതർ ഇടിച്ചുതകർത്തത്. ഛത്തർപുർ ഗ്രാമസഭയുടെ കൈവശമുള്ള സ്ഥലത്ത് അനധികൃതമായി പള്ളി നിർമ്മിച്ചുവെന്നാണ് ആരോപണം. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നിർദേശപ്രകാരമാണ് പള്ളി പൊളിച്ചത്. തിങ്കളാഴ്ച രാവിലെ വലിയ പൊലീസ് സന്നാഹവും ജെസിബുകളുമെത്തിച്ച് പള്ളി പൊളിക്കുകയായിരുന്നു.
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പള്ളി പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി കണ്ടിരുന്നു. വിഷയം ഡൽഹി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പള്ളി പ്രതിനിധികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. പള്ളി നിലനിന്നിരുന്ന സ്ഥലത്ത് പ്രാർത്ഥന നടത്തുമെന്നും അവർ വ്യക്തമാക്കി. നൂറുകണക്കിന് വിശ്വാസികൾ മെഴുകുതിരി തെളിയിച്ച് പള്ളി തകർത്തതിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. റോഡ് ഉപരോധവും നടന്നു.
ന്യൂസ് ഡെസ്ക്