കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിനിടെ നടൻ മമ്മൂട്ടിയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടെ ജോൺ ബ്രിട്ടാസ് എം പിയും ഉണ്ടായിരുന്നു. സന്ദർശന വേളയിൽ ദുൽഖർ സൽമാനും നിർമ്മാതാവ് ആന്റോ ജോസഫും വീട്ടിൽ ഉണ്ടായിരുന്നു. ജോൺ ബ്രട്ടാസാണ് ഇതുസംബന്ധിച്ച ചിത്രങ്ങൾ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്.

'ആതിഥേയത്വത്തിന് നന്ദി മമ്മുക്ക... ദുൽഖറിനും,' എന്ന് പറഞ്ഞാണ് ബ്രിട്ടാസിസ് മുഖ്യമന്ത്രിക്കൊപ്പം മമ്മൂട്ടിയും ദുൽഖറും നിൽക്കുന്ന ചിത്രം പങ്കുവെച്ചത്. നിർമ്മാതാക്കളായ ജോർജും ആന്റോ ജോസഫും ചിത്രത്തിലുണ്ടായിരുന്നു.



തൃക്കാക്കര മണ്ഡലത്തിലാണ് മമ്മൂട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന എളംകുളം. മുമ്മൂട്ടി ഇവിടുത്തെ വോട്ടറാണ്. നേരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ ജോസഫും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും ബിജെപി സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണനും മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പുപ്രചാരണത്തിന് തിരശ്ശീല വീഴാൻ രണ്ടുദിനം മാത്രം ശേഷിക്കെ തൃക്കാക്കരയിൽ അവസാനഘട്ട പ്രചരണത്തിലാണ് മുന്നണികൾ.

ഇടതുമുന്നണി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നേതൃത്വം നൽകുന്നത്. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി എത്തിയ അദ്ദേഹം അഞ്ചുദിവസമായി തൃക്കാക്കരയിലുണ്ട്. വെള്ളിയാഴ്ച രണ്ട് പൊതുയോഗങ്ങളിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ കഴിഞ്ഞു.