കൊച്ചി: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബംഗളൂരു ഇഡി ചോദ്യം ചെയ്ത ബിനീഷ് കോടിയേരിയുടെ മൊഴികളിലും മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ പേര്. ഇതോടെ രവീന്ദ്രന് കുരുക്ക് മുറുകുകയാണ്. സ്വർണ്ണ കടത്തിലും രവീന്ദ്രന് പങ്കുണ്ടെന്ന് തന്നെയാണ് വിലയിരുത്തൽ. ഡിസംബർ നാലിന് രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ആവശ്യപ്പെടുമെന്നാണ് സൂചന.

രവീന്ദ്രനെയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ. ഇതിന് ശിവശങ്കർ കസ്റ്റംസിന്റെ കസ്റ്റഡിയിൽ തുടരുകയോ എൻഐഎ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങുകയോ ആണ് വഴികൾ. സ്വർണ്ണ കടത്ത് കേസിൽ ശിവശങ്കറിനെ എൻഐഎ പ്രതിയാക്കും. ഇതിനൊപ്പം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ വൈകാനാകില്ലെന്ന നിലപാടും കേന്ദ്ര ഏജൻസികൾ എടുത്തു കഴിഞ്ഞു.

ഈ മാസം 6നും 27നും നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യൽ കോവിഡ് ബാധയുടെ പേരിൽ നടന്നില്ല. അടുത്ത തീയതി അറിയിച്ച് ഇഡി ഇന്നോ നാളെയോ നോട്ടിസ് കൈമാറും. ഡിസംബർ നാലിന് എത്താനാകും നിർദ്ദേശിക്കുക. രവീന്ദ്രന്റെ സമ്പാദ്യം സംബന്ധിച്ച ഇഡിയുടെ പ്രാഥമിക അന്വേഷണം പൂർത്തിയായി. ചോദ്യം ചെയ്യലിൽ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ തുടരുമെന്നാണു സൂചന. സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന, ശിവശങ്കർ എന്നിവർക്കു പുറമേ, രവീന്ദ്രനും ശിവശങ്കറിനും നല്ല പങ്കുണ്ടെന്നാണ് ഇഡി വിലയിരുത്തൽ.

രവീന്ദ്രന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപക നിക്ഷേപം ഉണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ജില്ലകളിലെ 12 സ്ഥാപനങ്ങളിൽ രവീന്ദ്രൻ ഓഹരി നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ട്. വസ്ത്രവ്യാപാരശാലകൾ, മൊബൈൽ ഷോപ്പുകൾ, സൂപ്പർമാർക്കറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. 24 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 12 സ്ഥാപനങ്ങളിലെ ഓഹരി നിക്ഷേപം സംബന്ധിച്ച രേഖകൾ ലഭിച്ചത്.

സർക്കാരിന്റെ ഐ.ടി. പദ്ധതി കരാറുകളിൽ ശിവശങ്കറിനു പുറമേ രവീന്ദ്രനും പങ്കുണ്ടായിരുന്നെന്ന് അന്വേഷണ ഏജൻസിക്കു വിവരം ലഭിച്ചു. തിരുവനന്തപുരത്ത് ഫ്‌ളാറ്റ് സമുച്ചയം, കോഴിക്കോട്ടെ ഫ്‌ളാറ്റ്, വടകരയിലെ ബിനാമി സ്ഥാപനങ്ങൾ എന്നിവയിലെല്ലാം രവീന്ദ്രനും ബന്ധുവായ കസ്റ്റംസ് ഉദ്യോഗസ്ഥനും പങ്കുണ്ടെന്നാണു കണ്ടെത്തൽ. വടകരയിൽ രവീന്ദ്രന്റെ മറ്റൊരു ബന്ധുവിന്റെ പേരിലാണു തുണിക്കട, മൊബൈൽ ഷോറൂം, ഹാർഡ്വേർ സ്ഥാപനം എന്നിവയുള്ളത്. ഓർക്കാട്ടുശേരി, ഒഞ്ചിയം, ഇടയ്ക്കാട്, നിരവിൽപുഴ എന്നിവിടങ്ങളിലും ഇവർക്കു സ്ഥാപനങ്ങളുണ്ട്.

വടകരയിൽനിന്നു രവീന്ദ്രന്റെ കുടുംബം അടുത്തിടെ കോഴിക്കോട്ടെ പുതിയ ഫ്‌ളാറ്റിലേക്കു മാറിയിരുന്നു. ഈ ഫ്‌ളാറ്റിന്റെ അറ്റകുറ്റപ്പണികൾക്കു മാത്രം ഒന്നരക്കോടി രൂപ ചെലവഴിച്ചെന്നാണു സൂചന. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഇ.ഡി വിളിപ്പിച്ചതിനു പിന്നാലെ രവീന്ദ്രൻ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. രോഗമുക്തനായ രവീന്ദ്രന് ഇ.ഡി വീണ്ടും നോട്ടീസ് നൽകിയതോടെ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് വീണ്ടും ചികിത്സ തേടി. ഇതിനു പിന്നാലെയാണ് ഇഡി ചില റെയ്ഡുകൾ നടത്തിയത്.

യുഎഇ കോൺസുലേറ്റിലെ അസി.ഫിനാൻഷ്യൽ ഓഫിസറായിരുന്ന മലയാളി ജീവനക്കാരിയെ കസ്റ്റംസ് 2 ദിവസമായി ചോദ്യം ചെയ്യുന്നുണ്ട്. ഫിനാൻസ് ഓഫിസറായിരുന്ന ഈജിപ്ത് പൗരൻ ഖാലിദിന്റെ സഹായിയായിരുന്നു ഇവർ. സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് 2019ൽ ഖാലിദിനെ പുറത്താക്കുന്നതിനു തൊട്ടുമുൻപ് ഇവർ രാജിവച്ചു. ഖാലിദിനെ പുറത്താക്കിയ ശേഷമാണു സാമ്പത്തിക ക്രമക്കേടിനു സ്വപ്നയെ പുറത്താക്കിയത്.

സ്വപ്നയുടെയും ഖാലിദിന്റെയും ഇടപാടുകൾ ഈ ജീവനക്കാരിക്ക് അറിയാമായിരുന്നുവെന്നാണ് വിലയിരുത്തൽ. കൊച്ചിയിൽ മറ്റൊരു ജോലിയിൽ പ്രവേശിച്ചിട്ടും കോൺസുലേറ്റ് ഉദ്യോഗസ്ഥരെ കാണാൻ ഇവർ എത്തിയിരുന്നു. ഇവർക്കും കോൺസുലേറ്റിൽ സ്വാധീനം അതിശക്തമായിരുന്നു.