തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തെ ന്യായീകരിച്ച കെപിസിസി അധ്യക്ഷൻ കെ.സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മരണം ഇരന്നു വാങ്ങിയവൻ എന്ന് ഈ നാടിന്റെ മുന്നിൽ പറയാൻ കോൺഗ്രസ് തയ്യാറായിയെന്നും എന്താണ് ഇതിന്റെ അർത്ഥമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു കാരണമില്ലാതെ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കുന്ന സംസ്‌കാരം കോൺഗ്രസിന് എവിടെ നിന്ന് വന്നു. ധീരജ് കൊലപാതകത്തിൽ പങ്കെടുത്ത എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ: 'നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. നിർഭാഗ്യകരമായ ഒരു സംഭവമാണ് കഴിഞ്ഞദിവസം നടന്നത്. കേരളത്തിലെ മനസാക്ഷിയുള്ള എല്ലാവരുടെയും മനസിലെ നീറ്റായി, വേദനയായി ധീരജ് നിലകൊള്ളുകയാണ്. വിദ്യാർത്ഥികൾ കുടുംബത്തിന്റെ പ്രതീക്ഷയാണ്, നാടിന്റെ നാളത്തെ വാഗ്ദാനങ്ങളാണ്. ഒരു കാരണമില്ലാതെ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കുന്ന സംസ്‌കാരം കോൺഗ്രസിന് എവിടെ നിന്ന് വന്നു. എന്നിട്ട് അതിനെ ന്യായീകരിക്കാൻ ചിലർ ശ്രമിക്കുന്നു. മരണം ഇരന്നു വാങ്ങിയവൻ എന്ന് ഈ നാടിന്റെ മുന്നിൽ പറയാൻ കോൺഗ്രസ് തയ്യാറായി. എന്താണ് ഇതിന്റെ അർത്ഥം. ഇങ്ങനെയാണോ ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടത്. അത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കാമോ? ധീരജിനെ കൊന്നവരിൽ ചിലരെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ ഉടൻ പിടികൂടും. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.''

സിപിഐഎം ഇരന്നു വാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. ധീരജ് വധത്തിൽ ഗൂഢാലോചനയില്ലെന്ന ജില്ലാ പൊലീസ് മേധാവിയുടെ വാക്കുകൾ ഉയർത്തിക്കാട്ടിയാണ് സുധാകരൻ ധീരജിന്റെ കൊലപാതകത്തെ പ്രതിരോധിക്കുന്നത്.

കെ സുധാകരന്റെ പരാമർശത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി."ധീരജിനെ ഇനിയും അപമാനിക്കരുത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഇരുന്നിട്ട് പറയാൻ പാടില്ലാത്തതാണ് ആ വാചകം. കൊല നടത്തിയിട്ടും വീണ്ടു കൊല നടത്തുന്നതിനും തുല്യമാണിത്. ഇത്തരം പരാമർശങ്ങൾ പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും കോടിയേരി പറഞ്ഞു.''നാട്ടിൽ കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇത്തരം നിലപാടിൽ നിന്ന് പിൻവാങ്ങാൻ കോൺഗ്രസ് തയ്യാറാകണം. ഒരാൾ കൊല്ലപ്പെട്ടാൽ സന്തോഷിക്കുന്നതാണ് കോൺഗ്രസിന്റെ സമീപനം. കോൺഗ്രസ് ആക്രമണരാഷ്ട്രീയം അവസാനിപ്പിക്കണം. ഇങ്ങനെ പോയാൽ കോൺഗ്രസ് ജനങ്ങളിൽ നിന്ന് കൂടുതൽ ഒറ്റപ്പെടും. കോൺഗ്രസ് പ്രകോപനത്തിൽ സിപിഐഎം പ്രവർത്തകർ കുടുങ്ങരുത്. ഓഫീസ് ആക്രമണം, കൊടിമരം തകർക്കൽ എന്നിവ ഒഴിവാക്കണം. കോൺഗ്രസിനെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അവർക്ക് എന്ത് സ്ഥാനം നൽകണമെന്ന് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കും.'' -കോടിയേരി പറഞ്ഞു.