- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയമോ സംഘടനബന്ധമോ പ്രദർശിപ്പിച്ച് സന്നദ്ധപ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കാൻ ആർക്കും അനുമതിയില്ല; സർക്കാർ രൂപീകരിച്ച കമ്യൂണിറ്റി വോളണ്ടിയേഴ്സിനാണ് അനുമതി; പാലക്കാട് സേവാഭാരതി പ്രവർത്തകർ പൊലീസിനൊപ്പം വാഹനം തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: പാലക്കാട് സേവാഭാരതി പ്രവർത്തകർ പൊലീസിനൊപ്പം വാഹനം തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയമോ സംഘടനബന്ധമോ പ്രദർശിപ്പിച്ച് സന്നദ്ധപ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കാൻ ആർക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഔദ്യോഗിക സംവിധാനത്തോടൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ ഒരു സംഘടനയ്ക്കും അനുവാദമില്ല എന്നാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
പാലക്കാട് സേവാഭാരതി പ്രവർത്തകർ പൊലീസിനൊപ്പം വാഹനം തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയമോ സംഘടനബന്ധമോ പ്രദർശിപ്പിച്ച് സന്നദ്ധപ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കാൻ ആർക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകൾ: 'ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാനുള്ള അനുമതിയില്ല. സന്നദ്ധ സംഘടന പ്രവർത്തകരെ സർക്കാർ തന്നെ വിളിച്ചൊരു സംഘടന രൂപീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റി വളണ്ടിയേഴ്സ്. ആ അംഗങ്ങൾക്കാണ് ഇത്തരം കാര്യങ്ങൾക്ക് പോകാനുള്ള അനുമതി. അതോടൊപ്പം പൊലീസ് വിവിധ സ്ഥലങ്ങളിൽ, അവർക്കൊപ്പം പ്രവർത്തിക്കാനുള്ള വളണ്ടിയർമാരെ കഴിഞ്ഞകൊല്ലവും നിയോഗിച്ചിട്ടുണ്ട്. അവരെല്ലാം പ്രവർത്തനസന്നദ്ധരായി വന്നവരാണ്. അവരുടെ രാഷ്ട്രീയമോ സംഘടന ബന്ധമോ പ്രദർശിപ്പിച്ച് ഈ പ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കാൻ സാധിക്കില്ല. അത്തരത്തിലൊരു കാര്യവും ഇവിടെ പ്രോത്സാഹിപ്പിക്കില്ല.''
അതേസമയം, സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥനത്തിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. ഇനി മേലിൽ രാഷ്ട്രീയപാർട്ടികളുടെ ചിഹ്നങ്ങളോ വസ്ത്രങ്ങളോ വോളണ്ടിയേഴ്സ് ഉപയോഗിക്കാൻ പാടില്ലെന്ന് പൊലീസ് നിർദ്ദേശം നൽകി.
പൊലീസ് മതിയായ ശ്രദ്ധ കൊടുക്കേണ്ടതായിരുന്നുവെന്നും സംഭവിച്ചത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ച്ചയാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ ഷാഫി പറമ്പിൽ പറഞ്ഞു. സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നവർ രാഷ്ട്രീയ പാർട്ടിയുടെ അടയാളങ്ങൾ ഉപയോഗിക്കരുതെന്ന ചട്ടം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഷാഫിയുടെ പ്രതികരണം. വിഷയം ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടീഷർട്ട് ധരിച്ച് സേവാഭാരതി പ്രവർത്തകർ പൊലീസിനൊപ്പം പരിശോധന നടത്തിയത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങൾ ചോദിച്ചറിയുന്നുണ്ട്. ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനപ്രവർത്തകർ സാധാരണ വേഷം ധരിച്ചാണ് പൊലീസിനൊപ്പം നിന്നത്. എന്നാൽ സേവാഭാരതി പ്രവർത്തകർ കാവി നിറത്തിലുള്ള ടീഷർട്ട് ധരിച്ചാണ് പൊലീസിനൊപ്പം പരിശോധനയിൽ പങ്കെടുത്തത്. റിപ്പോർട്ടർ വാർത്ത പുറത്ത് വിട്ടതിനു പിന്നാലെ സംഭവത്തിൽ വ്യാപകപ്രതിഷേധമാണ് ഉയർന്നത്. തുടർന്നാണ് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ