കൊല്ലം കുന്നത്തൂരിൽ എൽഡിഎഫ് യോഗത്തിനെത്തിയ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിനു പിടിച്ചു തള്ളി. മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ ആയിരുന്നു സംഭവം.

മുഖ്യമന്ത്രിക്ക് ഒപ്പം എം എൽ എ വേദിയിലേക്ക് കയറുന്നതിനിടെ, സുരക്ഷ ഉദ്യോഗസ്ഥൻ കുഞ്ഞുമോനെ തള്ളി മാറ്റുന്നത് വീഡിയോയിൽ കാണാവുന്നതാണ്. കൊല്ലം കുന്നത്തൂരിൽ എൽ ഡി എഫ് തെരഞ്ഞെടുപ്പ് യോഗത്തിനിടെ ആയിരുന്നു സംഭവം.

കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രി ഇവിടെ എത്തിയത്. എന്നാൽ, കഴിഞ്ഞ 20 വർഷമായി എം എൽ എ ആയി തുടരുന്ന കോവൂർ കുഞ്ഞുമോനെ മനസിലാക്കാൻ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല.

സംഭവത്തിനടെ, മുഖ്യമന്ത്രി കൃത്യമായി ഇടപെടുന്നത് കാണാം. സുരക്ഷ ഉദ്യോഗസ്ഥന്റെ കൈയിൽ പിടിച്ച് മാറ്റി കോവൂർ കുഞ്ഞുമോനോട് മുന്നിലോട്ട് നടക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുന്നുണ്ട്.

തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ എംഎൽഎയെ തിരിച്ചറിയാതെ പോയതാണെന്നും മറ്റ് വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്നും എംഎൽഎയുടെ ഓഫിസ് പ്രതികരിച്ചു. എന്നാൽ എംഎൽഎയെ അപമാനിച്ച ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും മുഖ്യമന്ത്രി കുന്നത്തൂരിലെ വോട്ടർമാരോട് മാപ്പു പറയണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ പ്രതികരിച്ചു.