തൃശൂർ: കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനീകൻ എ.പ്രദീപിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് മുഖ്യമന്ത്രി പ്രദീപിന്റെ പുത്തൂരിലെ വീട്ടിലെത്തിയത്. പ്രദീപിന്റെ ചിത്രത്തിൽ പൂക്കളർപ്പിച്ചശേഷം, കൃത്രിമശ്വാസത്തിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന അച്ഛൻ രാധാകൃഷ്ണന്റെ അടുത്തെത്തി കൈകൾ ചേർത്തുപിടിച്ചു. രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെ കൈകൾ മുഖംത്താടുചേർത്തു. പ്രദീപിന്റെ കുഞ്ഞുമക്കളായ ദക്ഷ്വിൻദേവ് , ദേവപ്രയാഗ എന്നിവരോട് വിശേഷങ്ങൾ ചോദിച്ചു. അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മി, സഹോദരൻ പ്രസാദ് എന്നിവരേയും സാന്ത്വനിപ്പിച്ച് മടക്കം. മന്ത്രിമാരായ കെ.രാജൻ, കെ.രാധാകൃഷ്ണൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ഡിസംബർ എട്ടിനാണ് കുനൂരിൽ വച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിബിൻ റാവത്ത് മരിച്ചത്. ബിബിൻ റാവത്തിന്റെ ഗണ്ണറായിരുന്നു തൃശൂർ പുത്തൂർ സ്വദേശി പ്രദീപ്.

പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എംകോം കാരിയായ ശ്രീലക്ഷ്മിക്ക് തൃശൂർ ജില്ലയിൽ ക്ലാസ് 3 തസ്തികയിലായിരിക്കും നിയമനം. കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ സൈനിക ക്ഷേമ നിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപയും അച്ഛന്റെ ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയും നൽകും.