- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം നേതാക്കളുടെ അഴിമതിപ്പണം നിക്ഷേപവും തെരെഞ്ഞെടുപ്പിന് കള്ളപ്പണം ഒഴുക്കിയതും സഹകരണ ബാങ്കുകൾ വഴിയെന്ന് ബിജെപി; കൊടകരയ്ക്ക് ബദൽ കരുവന്നൂർ; സഹകരണത്തിൽ അമിത് ഷായുടെ ആദ്യ ഇടപെടൽ കേരളത്തിലോ? തട്ടിപ്പ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസി എത്തും
തൃശൂർ: സഹകരണ ബാങ്കുകളിൽ കേന്ദ്രത്തിന്റെ ആദ്യ ഇടപെടൽ കേരളത്തിൽ നിന്നോ? കേന്ദ്ര സർക്കാർ പുതിയ വകുപ്പ് സൃഷ്ടിക്കുകയും സഹകരണത്തിൽ ഇടപെടുമെന്നും വ്യക്തമാക്കി കഴിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈയിലാണ് ഈ വകുപ്പ്. അതിനിടെയാണ് ഇരിങ്ങാലക്കുട കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ പ്രശ്നം ചർച്ചയിലെത്തുന്നത്.
300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് അവിടെ നടന്നിട്ടുണ്ട്. സഹകരണ ബാങ്കുകളിലെത്തുന്ന നിക്ഷേപങ്ങൾ സിപിഎം നേതാക്കൾ ബിനാമി പേരുകളിലും വ്യാജ പേരുകളിലും വായ്പയെടുത്ത് കോടികളുടെ തട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആരോപിക്കുകയാണ് ബിജെപിയുടെ തൃശൂർ ജില്ലാ നേതൃത്വം. കരുവന്നൂർ മോഡൽ തട്ടിപ്പ് മിക്ക സഹകരണ ബാങ്കുകളിലും സിപിഎം നേതാക്കൾ നടത്തുന്നുണ്ടെന്നാണ് ആരോപണം. അമിത് ഷായ്ക്ക് പരാതി നൽകുന്നതിന് പിന്നിൽ കേരളത്തിലെ ഇടപെടലിന് അവസരമൊരുക്കുകയാണ് ബിജെപി. ഇഡി ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നാണ് സൂചന.
കേരളത്തിൽ സഹകരണ ബാങ്കുകൾ മറയാക്കി സിപിഎം നേതാക്കൾ നടത്തുന്ന വൻ സാമ്പത്തിക തട്ടിപ്പ് പുറത്തുകൊണ്ട് വരാൻ കേന്ദ്ര സർക്കാർ ഏജൻസിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത്ഷായ്ക്ക് പരാതി നൽകുമെന്ന് ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ അഡ്വ: കെ കെ അനീഷ് കുമാർ വ്യക്തമാക്കി. ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്നാണ് സൂചന.
കർഷകമോർച്ച നേതാവ് എം വിസുരേഷ് ബാങ്കിലെ തട്ടിപ്പിനെതിരെ നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമായാണ് ഇപ്പോൾ സഹകരണ വകുപ്പ് അന്വേഷണം നടത്തി ക്രമക്കേട് സ്ഥിരീകരിച്ചതെന്നും ബിജെപി പറയുന്നു. കൊടകര കുഴൽപണത്തിൽ ബിജെപിയുടെ തൃശൂർ ഘടകത്തെ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു.
എന്നാൽ കൊടകരയുടെ അന്തിമ അന്വേഷണത്തിൽ ബിജെപിക്കാരെ പ്രതികളാക്കാൻ പൊലീസിന് കഴിഞ്ഞതുമില്ല. ഇതിനിടെയാണ് സഹകരണ ബാങ്കിലെ പ്രശ്നം വരുന്നത്. ഇതിനെ സിപിഎമ്മിനെതിരെ ആയുധമാക്കാനാണ് ബിജെപി നീക്കം. സിപിഎം നിയന്ത്രണത്തിലുള്ള തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ നൂറ് കോടി രൂപയുടെ വായ്പാ തട്ടിപ്പിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരേ ആധാരം പണയംവെച്ച് ഇരട്ടവായ്പ്പ തരപ്പെടുത്തിയാണ് തട്ടിപ്പു നടന്നിരിക്കുന്നത്. 2014 മുതൽ 2020 വരെയുള്ള കാലയളവിലാണ് അതിഭീമമായ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ മുൻ ഭരണസമിതി അംഗങ്ങൾക്കെതിരേയും മുൻ ജീവനക്കാർക്കെതിരേയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന് പരാതി ബിജെപി നൽകാനൊരുങ്ങുന്നത്.
ബാങ്കിൽനിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലർക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇവർ നൽകിയ പരാതിയിൽ പരിശോധന നടത്തിയതോടെയാണ് വലിയ തുകയുടെ വായ്പാ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഒരാൾ ആധാരം ഈടു നൽകി ബാങ്കിൽനിന്ന് വായ്പയെടുത്താൽ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് പോവുകയുമാണ് ചെയ്തത്. ഇത്തരത്തിൽ 46 വായ്പകളുടെ തുക പോയത് ഒരൊറ്റ അക്കൗണ്ടിലേക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിൽ നടന്നത് ആസൂത്രിത നീക്കമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പെരിങ്ങനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമില്ല.
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാക്കൾ ഉൾപ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചു വിട്ടിട്ടുണ്ട്. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്. സിപിഎം ഉന്നത നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്കും ആദായനികുതി വകുപ്പിനും ബിജെപി നേതാക്കൾ പരാതി കൊടുത്തിട്ടുണ്ട്. ഇതിനൊപ്പമാണ് അമിത് ഷായ്ക്കും പരാതി നൽകാനുള്ള നീക്കം.
നോട്ട് നിരോധന സമയത്ത് സഹകരണ ബാങ്കുകളിലെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുമെന്ന് ഭയന്നാണ് സിപിഎം കേന്ദ്ര സർക്കാരിനെതിരെ ശക്തമായി രംഗത്തു വന്നത് എന്ന് ബിജെപി ആരോപിക്കുന്നു. കേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനത്തെ സിപിഎം എതിർത്തതും ഇതേ കാരണം കൊണ്ടാണ്. ഈ തട്ടിപ്പിൽ നിന്ന് തലയൂരൂന്നതിനും അന്വേഷണം വ്യാപകമാകാതിരിക്കാനുമാണ് തിരക്കിട്ട് ഭരണസമിതി പിരിച്ചുവിട്ടിട്ടുള്ളത്. പണം ഡെപ്പോസിറ്റ് ചെയ്തവർക്ക് സിപിഎം നേതാക്കളുടെ സ്വത്ത് ഉടൻ ജപ്തി ചെയ്ത് പണം തിരികെ ലഭിക്കുമെന്ന് ഉറപ്പ് വരുത്താൻ അധികാരികൾ തയ്യാറാവണം. ഇപ്പോൾ പൊലീസ് തട്ടിപ്പിനും വ്യാജരേഖ ചമച്ചതിനും കേസ് എടുത്തവരെക്കൂടാതെ സിപിഎം ജില്ലാ നേതാക്കൾക്കെതിരെയും അന്വേഷണം നടത്തണം എന്ന് ബിജെപി ആവശ്യപ്പെടുന്നു.
ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഈ തട്ടിപ്പ് നടന്നിട്ടുള്ളത്. സിപിഎം നേതാക്കളുടെ അഴിമതിപ്പണം നിക്ഷേപിച്ചിട്ടുള്ളതും തെരെഞ്ഞെടുപ്പിന് കോടികളുടെ കള്ളപ്പണം ഒഴുക്കിയിട്ടുള്ളതും സഹകരണ ബാങ്കുകൾ വഴിയാണെന്ന് ബിജെപി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ