ന്യൂഡൽഹി: കേണൽ (റിട്ട) നരീന്ദർ കുമാർ അന്തരിച്ചു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികനാണ് 87കാരനായ നരീന്ദർ കുമാർ. ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ, പരമവിശിഷ്ട സേവാ മെഡൽ, കീർത്തിചക്ര, അതിവിശിഷ്ട സേവാമെഡൽ, അർജുന അവാർഡ് എന്നിവ നൽകി ആദരിച്ച സൈനികനാണ് കേണൽ നരീന്ദർ കുമാർ. മക്ഗ്രഗർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കു സഹായകരമാകുന്ന നിർണായക വിവരങ്ങൾ ശേഖരിക്കുന്ന സൈനികർക്കു നൽകുന്ന ഉന്നത ബഹുമതിയാണ് മക്ഗ്രഗർ പുരസ്കാരം.

സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികനാണ് നരീന്ദർ കുമാർ. 1984 ൽ ഓപ്പറേഷൻ മേഘദൂതിലൂടെയാണ് ഇന്ത്യ പാക്കിസ്ഥാന്റെ കയ്യിൽ നിന്നും സിയാച്ചിൽ ഗ്ലേസിയറിന്റെ പൂർണ്ണ നിയന്ത്രണം കരസ്ഥമാക്കുന്നത്. പിന്നീടിങ്ങോട്ട് ഇന്ത്യയിലായിട്ടും ഇന്ത്യക്കാർക്ക് വിലക്കപ്പെട്ട ഒരിടമായിരുന്നു സിയാച്ചിൻ എന്നു പറയാം. വളരെ ചുരുക്കം പത്രപ്രവർത്തകർക്കും പര്യവേക്ഷകർക്കും മാത്രമായിരുന്നു ഇവിടേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. കരസേനയുടെ കതന്ന നിയന്ത്രണത്തിലുള്ള ഇവിടം ജീവൻ പണയം വച്ചാണ് സൈനികർ സംരക്ഷിക്കുന്നത്.

കിഴക്കൻ കാറക്കോറം പർവതനിരയിൽ സ്ഥിതിചെയ്യുന്ന സിയാച്ചിൻ മഞ്ഞുമല, ലോകത്തിലെ ഏറ്റവും ദുഷ്കരവും ഉയരത്തിലുമുള്ള യുദ്ധമേഖലയാണ്. 1984 മുതൽ ഇന്ത്യൻ പട്ടാളത്തിനാണ് മേൽക്കൈ. മഞ്ഞുമലയുടെ ഏറ്റവും മുകളിലിരുന്നു സൈനിക നീക്കം നടത്താനുള്ള സംവിധാനമാണ് ഇന്ത്യക്കുള്ളത്. ഉയരത്തിലിരുന്നു കാര്യങ്ങളറിയുക, അതിനനുസരിച്ച് സേനാനീക്കം നടത്താനാവുക എന്നതെല്ലാം യുദ്ധതന്ത്രത്തിൽ ഏറ്റവും പ്രധാന്യമേറിയതാണ്. 19,000 അടി ഉയരത്തിലാണ് സിയാച്ചിൻ. കുറഞ്ഞ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസും ശരാശരി ശൈത്യകാല മഞ്ഞുവീഴ്ച 1,000 സെന്റിമീറ്ററും.

ഇന്ത്യയും പാക്കിസ്ഥാനും 1971ൽ നിശ്ചയിച്ച നിയന്ത്രണ രേഖയിൽ, എൻജെ 9842 എന്ന പോയിന്റ് വരെയുള്ള ഭൂമിയാണു കൃത്യമായി വേർതിരിച്ചിരുന്നത്. അതിനപ്പുറമുള്ള സിയാച്ചിനിൽ മനുഷ്യസാന്നിധ്യം സാധ്യമല്ലെന്ന് ഇരു രാജ്യങ്ങളും നിഗമനത്തിലെത്തി. എന്നാൽ, വർഷങ്ങളോളം ഇന്ത്യയുടെ കണ്ണിൽപ്പെടാതെ പാക്കിസ്ഥാൻ സിയാച്ചിനിൽ രഹസ്യനീക്കങ്ങൾ നടത്തുകയായിരുന്നു. യാദൃച്ഛികമായി ഇതുവഴി സഞ്ചരിച്ച കേണൽ നരീന്ദർ കുമാറിന്റെ കണ്ടെത്തലുകളാണ് സിയാച്ചിനിൽ ക്യാമ്പ് തുടങ്ങാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്. മരണത്തെ വെല്ലുവിളിച്ചാണ് നരീന്ദർ ആ ദൗത്യം ഏറ്റെടുത്തത്.

സിയാച്ചിന്റെ ആരംഭംമുതൽ അങ്ങേത്തലയ്ക്കലുള്ള ഇന്ദ്രാ കോൾ മുനമ്പു വരെ നീളുന്ന 78 കിലോമീറ്റർ ദൂരം സഞ്ചരിച്ച് അവ ഇന്ത്യയുടെ ഭാഗമാക്കി അതിർത്തി രേഖപ്പെടുത്തിയത് നരീന്ദറിന്റെ നേതൃത്വത്തിലാണ്. 1981ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ദൗത്യത്തിനു സമ്മതം മൂളിയത്. കേണൽ നരീന്ദർ കുമാറിനോടുള്ള ആദരസൂചകമായി സിയാച്ചിനിലെ താവളങ്ങളിലൊന്നിനു സൈന്യം അദ്ദേഹത്തിന്റെ പേരു നൽകി കുമാർ ബേസിൻ.