- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം; ഭർത്താവിനെ ഉറക്കഗുളിക കൊടുത്ത് മയക്കി കിടത്തി ഷോക്കടിപ്പിച്ചു; പൊലീസിനെ അറിയിച്ചത് രണ്ട് ദിവസം കഴിഞ്ഞ്; കോളേജ് അദ്ധ്യാപികയായ ഭാര്യ അറസ്റ്റിൽ
ഭോപ്പാൽ: കുടുംബ വഴക്കിനെത്തുടർന്ന് ഡോക്ടറായ ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം. കോളജ് പ്രഫസറായ 63കാരിയാണ് 65കാരനായ ഡോ.നീരജ് പഥക്കിനെ ഭാര്യ കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ഛത്തർപുരിൽ ഗവ. കോളജിലെ കെമിസ്ട്രി അദ്ധ്യാപികയാണ് അറസ്റ്റിലായ പ്രഫ.മമത പഥക്.
ഏപ്രിൽ 29നാണ് കേസിനാസ്പദമായ സംഭവം. ഭർത്താവിന്റെ പെരുമാറ്റത്തിലെ സംശയവും വസ്തുതർക്കവുമെല്ലാം കൊലപാതകത്തിന് കാരണമായതായി പൊലീസ് പറയുന്നു. ഡോക്ടറായ ഭർത്താവിനെ ഉറക്കഗുളികകൾ നൽകി മയക്കി കിടത്തിയാണ് കൃത്യം നിർവഹിച്ചത്. ബോധം നഷ്ടമായ ഡോ.നീരജിനെ ഷോക്കടിപ്പിക്കുകയായിരുന്നു. ഏപ്രിൽ 29ന് മരണം സംഭവിച്ചിട്ടും ഭാര്യ പരാതി നൽകിയത് മെയ് ഒന്നിനാണ്. ഇതാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്.
ഝാൻസിയിൽ ചികിത്സയ്ക്കായി പോയ താൻ തിരിച്ചുവന്നപ്പോൾ ഭർത്താവ് മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നായിരുന്നു മമത പൊലീസിനോട് പറഞ്ഞത്. കുറച്ചുകാലങ്ങളായി ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉള്ളതായി പൊലീസ് വ്യക്തമാക്കി. പല പരാതികളും ഇത്തരത്തിൽ പൊലീസിന് ലഭിച്ചിട്ടുമുണ്ട്. നേരത്തെ ഭർത്താവിനെ ശുചിമുറിയിൽ പൂട്ടിയിട്ടതിന് മമതയ്ക്കെതിരെ പരാതി ലഭിച്ചിരുന്നു.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ വിശദമായ ചോദ്യംചെയ്യലിലാണ് മമത കുറ്റം സമ്മതിച്ചത്. തുടർന്ന് കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ