- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാ ഇതാ തെളിവ്; സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പൂർണരൂപവുമായി അന്വേഷണ സംഘത്തിന് മുന്നിൽ പരാതിക്കാർ; ഡിജിറ്റൽ തെളിവുകൾ കൈമാറിയത് മുൻ എംഎൽഎ ജോസഫ് എം. പുതുശേരിയും സജിയുടെ മന്ത്രിപ്പണി തെറിപ്പിച്ച അഡ്വ. ബൈജു നോയലും
തിരുവല്ല: സിപിഎമ്മോ നേതാക്കളോ നൽകാൻ തയാറാകാതെയിരുന്ന മുന്മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പൂർണരൂപം പൊലീസിന് നൽകാൻ പരാതിക്കാരുടെ കൂട്ടയിടി! ഇന്നലെ മുൻ എംഎൽഎ ജോസഫ് എം. പുതുശേരി സിഡിയിലാക്കി പൂർണരൂപം അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈ.എസ്പി രാജപ്പൻ റാവുത്തർക്ക് കൈമാറിയിരുന്നു. ഇന്ന് സജി ചെറിയാന്റെ മന്ത്രിപ്പണി കളയാൻ കാരണമായ ഹർജി കോടതിയിൽ നൽകിയ അഡ്വ. ബൈജു നോയലും ഡിവൈ.എസ്പിക്ക് പ്രസംഗത്തിന്റെ പൂർണ രൂപം പെൻ ്രൈഡവിലാക്കി നൽകി.
ഇതോടെ വെട്ടിലായിരിക്കുന്നത് സിപിഎമ്മാണ്. മല്ലപ്പള്ളി ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദ പ്രസംഗം ഫേസ്ബുക്ക് ലൈവ് വഴി സംപ്രേഷണം ചെയ്തത്. പ്രസംഗത്തിന്റെ പൂർണ രൂപം സംഘാടകരോടും ഫേസ്ബുക്ക് ലൈവ് ചെയ്ത സ്റ്റുഡിയോ ഉടമയോടും പൊലീസ് ആവശ്യപ്പെട്ടിരുന്നു. തങ്ങൾ അത് ഡിലീറ്റ് ചെയ്തുവെന്നാണ് രണ്ടു കൂട്ടരും പറഞ്ഞത്. പ്രസംഗത്തിന്റെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങൾ ലഭിച്ചില്ലെങ്കിൽ കേസുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പറഞ്ഞ് കൈകഴുകാൻ പൊലീസ് ശ്രമം നടത്തി.
ഇതോടെ ബിജെപി വക്താവ് സന്ദീപ് വചസ്പതി തന്റെ ഫേസ്ബുക്ക് പേജിൽ പ്രസംഗത്തിന്റെ പൂർണരൂപം ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. സിപിഎമ്മിന്റെ പാളയത്തിലെ പടയാണ് സജി ചെറിയാന്റെ മന്ത്രിപദം തെറിപ്പിച്ചത്. ഒരു മാധ്യമവും ശ്രദ്ധിക്കാതെ പോയ വാർത്ത സിപിഎമ്മിന്റെ തിരുവല്ല, മല്ലപ്പള്ളി മേഖലകളിലെ ചില നേതാക്കൾ ജനം ടിവി വഴിയാണ് മറ്റ് മാധ്യമങ്ങൾക്ക് എത്തിച്ചു നൽകിയത്. ജനം ടിവിയുടെ തിരുവനന്തപുരം ന്യൂസ് ഡെസ്കിൽ ലഭിച്ച വീഡിയോ പത്തനംതിട്ടയ്ക്ക് നൽകുകയായിരുന്നു.
കോടതി നിർദ്ദേശം മന്ത്രിക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനായിരുന്നു. അന്വേഷിച്ച് കേസ് എഴുതി തള്ളാനുള്ള നീക്കം പൊലീസും സർക്കാരും നടത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രസംഗത്തിന്റെ പൂർണരൂപമില്ലെന്ന് വരുത്തി തീർത്തത്. ഇതോടെയാണ് പ്രസംഗത്തിന്റെ പൂർണരൂപം ഒന്നിന് പിറകെ ഒന്നായി എത്തിയത്. ഇനി കേസ് എഴുതി തള്ളി സജിയെ വീണ്ടും മന്ത്രിക്കസേരയിൽ കൊണ്ടുവരാൻ കാലതാമസം നേരിടും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്