കാസർകോട്: പണമില്ലെങ്കിൽ നീയൊക്കെ എന്തിനാ ഇവിടെ വരുന്നത്.. നാട്ടിൽ ഗവൺമെന്റ് ആശുപത്രികൾ ഇല്ലെ.. പനിക്കുന്ന കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിൽ എത്തിയ ഒരു കുടുംബത്തോട് ആശുപത്രി അധികൃതർ ചോദിച്ച ചോദ്യമാണ്. കുടുംബം ചെയ്ത അപരാധമോ ആശുപത്രിയിലെ അമിതഫീസ് ചോദ്യം ചെയ്തതും.കാസർകോട് ജില്ലയിലെ അരമന ആശുപത്രിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ് കുമ്പള സ്വദേശികളായ ഫാത്തിമത്ത് റംസീനയും കുടുംബവും.

റംസീനയുടെ കുട്ടിക്ക് പനി കൂടിയതിനാൽ അവരുടെ ഉമ്മയും കൂടി സമീപത്തെ ഒരു ഡോക്ടറെ കാണിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇഞ്ചക്ഷൻ എടുക്കുന്നതിനായി കാസർകോട്ടെ അരമന ഹോസ്പിറ്റലിൽ പോകുകയുമായിരുന്നു.ഹോസ്പിറ്റലിലെത്തി ഇഞ്ചക്ഷൻ നൽകിയ ശേഷം 360 രൂപയുടെ ബില്ലാണ് ഇവർക്ക് നൽകിയത്.ഒരു ഇഞ്ചക്ഷൻ എന്താണ് ഇത്രയും കൂടുതൽ കാശെന്ന് കുടുംബം ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.ചെറിയ കുട്ടിയല്ലെ നഴ്‌സുമാർക്ക് ഇഞ്ചക്ഷൻ എടുക്കാൻ കുറച്ച് ബുദ്ധിമുട്ടൊക്കെ ഉണ്ട്. അത് കൂടി കണക്കിലെടുത്താണ് ഈ തുക എന്നാണ് അവിടത്തെ ഒരു നഴ്‌സ് പ്രതികരിച്ചതെന്നും കുടുംബം പറയുന്നു.

 

തുടർന്ന് തിരികെ പോകാൻ പോലും കൈയിൽ കാശില്ലാതിരുന്ന കുടുംബം കുട്ടിയുടെ പിതാവിനെ വിളിച്ചു വരുത്തുകയും അദ്ദേഹത്തോട് സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.അദ്ദേഹം മെഡിക്കൽ ഫിൽഡിലെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ പ്രസ്തുത ഇഞ്ചക്ഷൻ 140 രൂപയോളമെ വരുവെന്നാണ് മറുപടി ലഭിച്ചത്.ഈ വിവരം കൂടി ഉൾപ്പെടുത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചപ്പോഴാണ് കുടുംബത്തെ അപമാനിക്കുന്ന രീതിയിൽ അധികൃതർ പെരുമാറിയത്.പണമില്ലെങ്കിൽ ഇങ്ങോട്ട് വന്നതെന്തിനാണ്.നാട്ടിൽ സർക്കാർ ആശുപത്രികൾ ഉണ്ടല്ലോ എന്നൊക്കെയായിരുന്നു മറുപടി.ആശുപത്രിയിൽ വന്ന് ബഹളം വെച്ചതിന് കുടുംബത്തെക്കുറിച്ച് പൊലീസ് പരാതി നൽകുകയും ചെയ്തു.

എന്നാൽ പൊലീസ് വന്നോട്ടെ തങ്ങൾ തെറ്റൊന്നും ചെയ്തില്ലെന്നുമായിരുന്നു കുടുംബത്തിന്റെ പ്രതികരണം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുടുംബത്തോടും ആശുപത്രി അധികൃതരോടും വിവരങ്ങൾ ആരാഞ്ഞെങ്കിലും ആശുപത്രിയിലെത്തിയവരുടെ മുഴുവൻ പിന്തുണയും കുടുംബത്തിനായിരുന്നു.തങ്ങളുടെ കയ്യിൽ തിരിച്ചുപോകാൻ പോലും പണമില്ലായിരുന്നുവെന്നും അതിനാലാണ് തുകയ്ക്ക് വേണ്ടി ചോദിച്ചതെന്ന് കുടുംബം പറയുന്നു.മാത്രമല്ല മറ്റെല്ലായിടത്തും 140 രൂപ ഈടാക്കുമ്പോൾ എന്തിനാണ് ഈ കോവിഡ് കാലത്തും ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും കുടുംബം ചോദിക്കുന്നു.

വ്യക്തിപരമായി അപമാനിച്ചത് ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ കാസർകോട് പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ് കുടുംബം.അതേസമയം ആശുപത്രി അധികൃതരോട് ചോദിച്ചപ്പോൾ ഉള്ള മറുപടി ഇങ്ങനെ.. 360 രൂപയ്‌ക്കൊക്കെ ഇത്ര ബഹളുമുണ്ടാക്കണോ..